മൂന്നാഴ്ചയോളം വായുകടക്കാത്ത സംഭരണി; സിറാജിന്റെ മരണം വിഷവാതകം ശ്വസിച്ച്, വിശ്വനാഥനെ രക്ഷിച്ചത് സിപിആർ

മൂന്നാഴ്ചയോളം വായുകടക്കാത്ത സംഭരണി; സിറാജിന്റെ മരണം വിഷവാതകം ശ്വസിച്ച്, വിശ്വനാഥനെ രക്ഷിച്ചത് സിപിആർ

കക്കോടി: മൂട്ടോളി-പയമ്പ്ര റോഡ് ജങ്ഷന് സമീപം പുതുതായി നിർമിച്ച ഭൂഗർഭ ജലസംഭരണിയിലിറങ്ങിയ യുവാവ് വിഷവാതകം ശ്വസിച്ച് മരിച്ചു. നിർമാണത്തൊഴിലാളിയായ പാലത്ത് പുതുക്കുടി പൊയിൽ സിറാജ് (42) ആണ് മരിച്ചത്.ജീവൻ പണയംവെച്ച് സിറാജിനെ രക്ഷിക്കാനിറങ്ങിയ കൂറിയർ സർവീസ് ജീവനക്കാരനായ ചേളന്നൂർ മുതുവാട്കുന്ന് സ്വദേശി വിശ്വനാഥൻ (42) അപകടത്തിൽപ്പെട്ടു. വിഷവാതകം ശ്വസിച്ച് ഗുരുതരാവസ്ഥയിലായ വിശ്വനാഥനെ മലാപ്പറന്പ് ഇഖ്റ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പകൽ 11.30-നാണ് അപകടം. മോരിക്കര സ്വദേശിയായ ഷാജിദിന്റെ ഉടമസ്ഥതയിലുള്ള ഇരുനിലക്കെട്ടിടത്തിനു സമീപം കുടിവെള്ളം സംഭരിക്കുന്നതിനായി പണിത ടാങ്കിൽ കോൺക്രീ റ്റ് ചെയ്ത പലക പൊളിക്കാനായി ഇറങ്ങിയതായിരുന്നു സിറാജ്.

ടാങ്കിന് രണ്ടുമീറ്ററോളം താഴ്ചയുണ്ടെങ്കിലും മുകൾഭാഗത്ത് ഒരാൾക്ക് കഷ്ടിച്ച് ഇറങ്ങാവുന്ന വീതിയേയുള്ളൂ. മഴപെയ്ത് ഉള്ളിൽ ചെളിയടിഞ്ഞിട്ടുണ്ട്. കോൺക്രീറ്റ് ചെയ്ത ടാങ്കിന്റെ മുകൾഭാഗം മണ്ണിട്ട് മൂടിയതിനാൽ മൂന്നാഴ്ചയോളം വായു കടക്കാതെ കിടന്നതാണ്. ഇതിലേക്കാണ് തട്ടുപലക പൊളിക്കാനായി സിറാജ് ഇറങ്ങിയത്. ഒപ്പമുള്ള മറ്റ് തൊഴിലാളികൾ പുറത്തുനിൽക്കുകയും ചെയ്തു. ടാങ്കിലിറങ്ങിയ ഉടൻ സിറാജിന് ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടർന്ന് ഒപ്പമുണ്ടായിരുന്ന സുനിൽകുമാർ മരപ്പടിയിലൂടെ താഴേക്കിറങ്ങി കൈപിടിച്ചു കയറ്റാൻ ശ്രമിച്ചെങ്കിലും സിറാജ് കുഴഞ്ഞുവീഴുകയായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ട സുനിൽകുമാർ പുറത്തേക്കുകയറി.

ഈ സമയത്താണ് തൊട്ടടുത്ത കൂറിയർ സ്ഥാപനത്തിലെ ജീവനക്കാരനായ വിശ്വനാഥൻ സിറാജിനെ രക്ഷിക്കാനായി ടാങ്കിനകത്ത് ഇറങ്ങുന്നതും ശ്വാസതടസ്സമുണ്ടായി കുഴഞ്ഞുവീഴുന്നതും. ഉടൻതന്നെ വെള്ളിമാടുകുന്നിൽനിന്ന് സ്റ്റേഷൻ ഓഫീസർ റോബി വർഗീസിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി.ഫയർ ഓഫീസർ പി. അഭിലാഷ് ബ്രീത്തിങ് അപ്പാരറ്റസിന്റെ സഹായത്തോടെ ടാങ്കിലിറങ്ങി കയറിൽക്കെട്ടി രണ്ടുപേരെയും പുറത്തെത്തിച്ചെങ്കിലും സിറാജിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. പെെട്ടന്നുതന്നെ കക്കോടി കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും സിറാജ് മരിച്ചിരുന്നു.

ചേവായൂർ എസ്.ഐ. പി.പി. ഷിബുവിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ റഫീഖ്, സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ തോമസ്, ബാബു തുടങ്ങിയവരും സംഭവസ്ഥലത്തെത്തിയിരുന്നു.പരേതനായ ഉസ്മാനാണ് സിറാജിന്റെ പിതാവ്. ഉമ്മ: ഫാത്തിമ. ഭാര്യ: നസ് ല. സഹോദരങ്ങൾ: ഷിഹാബുദ്ദീൻ, മുനീറ, സീനത്ത്, ആരിഫ.

ടാങ്കിൽനിന്ന് പുറത്തെടുക്കുമ്പോൾ വിഷവാതകം ശ്വസിച്ച് ഹൃദയമിടിപ്പ് നിലച്ച അവസ്ഥയിലായിരുന്നു വിശ്വനാഥൻ. കക്കോടി മൂട്ടോളിയിൽ മഴവെള്ളസംഭരണിക്കുള്ളിൽ പെട്ടുപോയ ചേളന്നൂർ സ്വദേശി വിശ്വനാഥനെ മരണമുഖത്തുനിന്ന് തിരികെക്കൊണ്ടുവന്നത് ആംബുലൻസിനുള്ളിൽവെച്ച് അഗ്നിരക്ഷാസേന തുടർച്ചയായി നൽകിയ സി.പി.ആർ. ആണ്. ‘കൃത്യസമയത്തുതന്നെ അഗ്നിരക്ഷാസേനയെത്തി സി.പി.ആർ. നൽകിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, മറ്റൊന്നാവുമായിരുന്നു വിശ്വനാഥന്റെ അവസ്ഥ.

ടാങ്കിനുള്ളിൽപ്പെട്ട ഒരാൾ മരിച്ചതിന്റെ സങ്കടമുണ്ട്. സ്വന്തംജീവൻ അപകടത്തിലാവുമെന്ന് ഉറപ്പായിട്ടും അതുപോലും ഓർക്കാതെ മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ ഇറങ്ങിയ വിശ്വനാഥനെ രക്ഷിക്കാനായത് ഒരിക്കലും മറക്കാനാവില്ല’ -വെള്ളിമാടുകുന്ന് ഫയർസ്റ്റേഷനിലെ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെയാണ് വെള്ളിമാടുകുന്ന് ഫയർഫോഴ്‌സിന് ഒരു തൊഴിലാളി ടാങ്കിനകത്ത് അകപ്പെട്ട വിവരം ലഭിക്കുന്നത്. 10 മിനിറ്റുകൊണ്ടുതന്നെ സ്ഥലത്തെത്തി. ഫയർഫോഴ്‌സ് എത്തുമ്പോൾ രണ്ടുപേരും ടാങ്കിനകത്ത് േബാധരഹിതരായി വീണുകിടക്കുകയായിരുന്നു.

ടാങ്കിന്റെ മാൻഹോളിന് ഒട്ടും വീതിയില്ലാത്തതിനാൽ ഓക്സിജൻ സിലിൻഡർ ടാങ്കിലേക്ക് ഇറക്കി ശുദ്ധവായു തുറന്നുവിട്ടാണ് വെള്ളിമാടുകുന്ന് ഫയർസ്‌റ്റേഷനിലെ അഗ്നിരക്ഷാസേനാ ഓഫീസർ അഭിലാഷ് കയർകെട്ടി ഇറങ്ങിയത്. ആദ്യം സിറാജിനെയും പിന്നീട് വിശ്വനാഥനെയും പുറത്തെത്തിച്ചു. വിശ്വനാഥനെ ഫയർഫോഴ്‌സിന്റെ ആംബുലൻസിലും സിറാജിനെ മറ്റൊരു ആംബുലൻസിലും കയറ്റി. രണ്ടുപേർക്കും തുടർച്ചയായി അഗ്നിരക്ഷാസേന സി.പി.ആർ. നൽകി.

വിഷവാതകം ശ്വസിച്ചതുകൊണ്ടാവാം വിശ്വനാഥന്റെ മൂക്കിൽനിന്ന് രക്തവും വായിൽനിന്ന് നുരയും പതയും വന്നിരുന്നു. അത് വസ്ത്രമുപയോഗിച്ച് വൃത്തിയാക്കി ആംബുലൻസിനുള്ളിൽവെച്ച് കൃത്രിമശ്വാസം നൽകി. വെള്ളിമാടുകുന്ന് ഫയർസ്റ്റേഷനിലെ അഗ്നിരക്ഷാ ഉദ്യോഗസ്ഥരായ മനുപ്രസാദ്, കിരൺ നാരായണൻ, ജിതിൻബാബു, െെഡ്രവർ സതീശ്കുമാർ എന്നിവർ മാറിമാറി സി.പി.ആർ. നൽകി. കക്കോടിയിൽനിന്ന് മലാപ്പറന്പിൽ എത്തിയപ്പോഴേക്കും വിശ്വനാഥൻ ശ്വസിച്ചുതുടങ്ങി. പിന്നെ ജീവന്റെ തുടിപ്പുമായി ആശുപത്രിയിലേക്ക്. കൃത്യസമയത്ത് സി.പി.ആർ. നൽകിയതാണ് രക്ഷയായതെന്ന് ഡോക്ടർമാരും പറഞ്ഞു.

സിറാജിന് ആംബുലൻസിൽവെച്ചും കക്കോടി സാമൂഹികാരോഗ്യകേന്ദ്രത്തിൽ വെച്ചും ഫയർഫോഴ്‌സും ഡോക്ടർമാരും ഇരുപതുമിനിറ്റോളം സി.പി.ആർ. നൽകിയെങ്കിലും രക്ഷിക്കാനായില്ല. അരമണിക്കൂറോളമെങ്കിലും സിറാജ് ടാങ്കിൽകിടന്നിട്ടുണ്ടാവും.കൂടുതൽ സമയം വിഷവാതകം ശ്വസിച്ചതുകൊണ്ടാവാം രക്ഷപ്പെടുത്താൻ കഴിയാതെപോയതെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.

ഭൂഗർഭ ജലസംഭരണയിൽ കുടുങ്ങി ശ്വാസംമുട്ടിയാണ് സിറാജ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വിഷവാതകം ശ്വസിച്ചതാണോ അല്ലയോയെന്ന് കണ്ടെത്താൻ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിലാണ് ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തൽ.

കക്കോടിക്കടുത്ത് മൂട്ടോളിയിൽ ഭൂഗർഭ ജലസംഭരണിയിൽ വിഷവാതകം ശ്വസിച്ച് നിർമാണത്തൊഴിലാളി സിറാജിന്റെ മരണത്തോടെ മാൻഹോൾ ദുരന്തത്തിൽ മരിച്ച കോഴിക്കോട്ടെ ഓട്ടോത്തൊഴിലാളി നൗഷാദിന്റെ ജീവത്യാഗം വീണ്ടും ഓർമ്മിക്കപ്പെടുന്നു. പാളയത്തെ ഓവുചാൽ നന്നാക്കാനിറങ്ങിയ ആന്ധ്രപ്രദേശുകാരായ രണ്ട് തൊഴിലാളികളെ രക്ഷിക്കാനിറങ്ങിയപ്പോഴാണ് നൗഷാദ് വിഷവാതകം ശ്വസിച്ച് മരിച്ചത്. 2015 നവംബർ 16 നായിരുന്നു കോഴിക്കോടിനെ നടുക്കിയ ആ ദുരന്തം.

നൗഷാദിനെപ്പോലെ സ്വന്തം ജീവൻപോലും മറന്നാണ് കൂറിയർ സ്ഥാപനത്തിലെ ജീവനക്കാരനായ ചേളന്നൂർ സ്വദേശി വിശ്വനാഥൻ സിറാജിനെ രക്ഷിക്കാനിറങ്ങിയത്. എല്ലാവരും ഭയന്ന് എന്തുചെയ്യുമെന്നറിയാതെ നോക്കിനിൽക്കുമ്പോൾ ജലസംഭരണിക്കുള്ളിൽ ഒരു മനുഷ്യജീവനല്ലേ തന്റെ കൺമുൻപിൽനിന്ന് എങ്ങനെ അയാളെ മരിക്കാൻവിടും എന്നുമാത്രമേ വിശ്വനാഥൻ ഓർത്തുള്ളൂ. നാട്ടുകാർ ഫയർഫോഴ്‌സിൽ വിവരമറിയിച്ചപ്പോൾ ഇനി ആരും ഇറങ്ങരുത് വിഷവാതകമുണ്ടാവുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ, അപ്പോഴേക്കും വിശ്വനാഥൻ ജലസംഭരണിയിലേക്കിറങ്ങി. ജീവൻ അപകടത്തിലായി. വെന്റിലേറ്ററിലാണെങ്കിലും ഭാഗ്യംകൊണ്ടാണ് വിശ്വനാഥൻ മരണത്തിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. വിദേശത്തായിരുന്ന വിശ്വനാഥൻ കുറച്ചുകാലമായി മൂട്ടോളിയിലെ ‘ഡെൽഹിവറി’ എന്ന കൂറിയർസ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. അവധികഴിഞ്ഞ് തിരികെ മടങ്ങാനിരിക്കെയാണ് അപകടമെന്ന് സുഹൃത്തുക്കൾ പറയുന്നു. ഒരാൾക്ക് കഷ്ടിച്ച് ഇറങ്ങാൻകഴിയുന്ന ജലസംഭരണിയുടെ മാൻഹോളിലൂടെ കഷ്ടിച്ചാണ് വിശ്വനാഥൻ ഇറങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News