കോഴിക്കോട്: സ്വന്തം ജില്ലയായ കോഴിക്കോട് വിട്ട് ഒരു തവണ പോലും പുറത്തുപോകാത്ത സ്കൂട്ടറിന് ബെംഗളൂരു ട്രാഫിക് പൊലീസിന്റെ പിഴ നോട്ടീസ്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും കൃത്യമായ അന്വേഷണത്തിലൂടെ പിഴവിന് പിന്നിലെ ‘നമ്പർ കളി’ കണ്ടുപിടിച്ചിരിക്കുകയാണ് കോഴിക്കോട് വേങ്ങേരി സ്വദേശിയായ രജിത്. നിയമലംഘനം നടത്തിയ മറ്റൊരു സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റിലെ അക്ഷരപ്പിശക് മൂലമാണ് രജിത്തിന് അനാവശ്യമായി പിഴ നോട്ടീസ് ലഭിച്ചത്. തുടർന്ന് തെളിവുകൾ സഹിതം ബെംഗളൂരു ട്രാഫിക് പൊലീസിന് ഇ-മെയിൽ വഴി പരാതി അയച്ചതോടെ, പിഴവ് തിരുത്തി കേസ് ഉടൻ റദ്ദാക്കാമെന്ന മറുപടിയും രജിത്തിന് ലഭിച്ചു.
കോഴിക്കോട് ആർടിഒയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്ത KL 58 H 6236 എന്ന നമ്പറിലുള്ള രജിത്തിന്റെ സ്കൂട്ടറിനാണ് ബെംഗളൂരുവിൽ അമിതവേഗതയ്ക്ക് 500 രൂപ ഫൈൻ അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ് വന്നത്. എന്നാൽ ജനുവരി 16-ന് ഈ നിയമലംഘനം നടക്കുന്ന സമയത്ത് സ്കൂട്ടർ കോഴിക്കോട് തന്നെയുണ്ടായിരുന്നു. വണ്ടി ജില്ല കടന്നിട്ടില്ലെന്ന് ഉറപ്പുള്ളതിനാൽ ആശയക്കുഴപ്പത്തിലായ രജിത് നോട്ടീസിലെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് പരിശോധിച്ചപ്പോഴാണ് കളിയിലെ യഥാർത്ഥ ട്വിസ്റ്റ് പിടികിട്ടുന്നത്.
ബെംഗളൂരുവിലെ ട്രാഫിക് ക്യാമറയിൽ പതിഞ്ഞത് രജിത്തിന്റേതിന് സമാനമായ നമ്പറിലുള്ള മറ്റൊരു സ്കൂട്ടറായിരുന്നു. എന്നാൽ അതിന്റെ നമ്പർ പ്ലേറ്റിലെ ‘K’ അല്ലെങ്കിൽ ‘R’ എന്ന അക്ഷരം മാഞ്ഞുപോയതുമൂലമോ അതോ മനഃപൂർവ്വം കൃത്രിമം കാണിച്ചതുമൂലമോ ക്യാമറ ദൃശ്യങ്ങളിൽ അത് ‘H’ എന്ന് തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് രജിത് ‘പരിവാഹൻ’ ആപ്പിൽ കയറി സമാനമായ നമ്പറുകൾ മാറ്റി മാറ്റി അടിച്ച് പരിശോധിച്ചു. അപ്പോഴാണ് KL 58 K 6236 എന്ന കർണാടക രജിസ്ട്രേഷൻ നമ്പറിലുള്ള സ്കൂട്ടറിനാണ് യഥാർത്ഥത്തിൽ പിഴ ചുമത്തേണ്ടിയിരുന്നതെന്ന് രജിത് കണ്ടെത്തിയത്.
തന്റെ കണ്ടെത്തലുകളും ക്യാമറ ചിത്രങ്ങളും സഹിതമാണ് രജിത് ബെംഗളൂരു ട്രാഫിക് പൊലീസിന് പരാതി നൽകിയത്. പരാതി ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സാങ്കേതിക പിഴവ് തിരുത്തി രജിത്തിന്റെ വാഹനത്തിന്മേലുള്ള കേസ് റദ്ദാക്കാമെന്ന് ബെംഗളൂരു പൊലീസ് ഇ-മെയിലിലൂടെ മറുപടി നൽകി. അനാവശ്യമായി പിഴ നോട്ടീസുകൾ ലഭിക്കുമ്പോൾ ഭയപ്പെടാതെ കൃത്യമായി പരിശോധിച്ചാൽ ഇത്തരം സാങ്കേതിക പിഴവുകൾ കണ്ടെത്താനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വേങ്ങേരി സ്വദേശി.
A scooter from Kozhikode, which has never left the district, surprisingly received a speeding fine notice of ₹500 from the Bengaluru Traffic Police. The vehicle owner, Rajith from Vengeri, investigated the notice and scanned the QR code to find that a faulty number plate on another scooter had caused the automated camera to misread the letter ‘K’ or ‘R’ as ‘H’ (KL 58 H 6236). After Rajith submitted the digital evidence via email, the Bengaluru Traffic Police acknowledged the technical error and agreed to cancel the fine immediately.


