കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം: അഞ്ച് പേരുടെ മരണത്തിൽ പൊലീസ് കേസെടുത്തു

കോഴിക്കോട്: മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.വെസ്റ്റ്ഹില്‍ സ്വദേശി ഗോപാലന്‍, കൊയിലാണ്ടി സ്വദേശി ഗംഗാധരന്‍, പശ്ചിമബംഗാളുകാരിയായ ഗംഗ, വയനാട് സ്വദേശി നസീറ, വടകര സ്വദേശി സുരേന്ദ്രന്‍ എന്നിവരുടെ മരണകാരണം സംബന്ധിച്ചാണ് വ്യക്തത വരുത്തുക. ഇതില്‍ ബംഗാള്‍ സ്വദേശി ഗംഗ ആശുപത്രിയിലെത്തും മുമ്പേ മരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ ശ്രമം നടത്തി മരിച്ചതിനാല്‍ ഇവരുടെ മൃതദേഹമടക്കം പോസ്റ്റുമോര്‍ട്ടം ചെയ്യും.

പോസ്റ്റ്‌മോർട്ടത്തിലൂടെ മാത്രമേ ഈ ആരോപണവും മരണത്തിലുണ്ടായ സംശയവും ദൂരീകരിക്കാനും സാധിക്കൂവെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പിൽ വ്യക്തമാക്കി. അപകടം ഉണ്ടായ കെട്ടിടത്തിലെ മരുന്നുകൾ മാറ്റാൻ പ്രിൻസിപ്പൽ പൊലീസിൻ്റെ സഹായം തേടിയിട്ടുണ്ട്. കെട്ടിടം ഇന്നലെ തന്നെ പോലീസ് സീൽ ചെയ്തിരുന്നു. പകരം അത്യാഹിത വിഭാഗം ഒരുക്കിയ പഴയ കെട്ടിടത്തിലേക്ക് മരുന്നുകൾ മാറ്റാനാണ് പൊലീസിൻ്റെ സഹായം തേടിയത്.

പിഎംഎസ്എസ് വൈ ബ്ലോക്ക് അത്യാഹിതവിഭാഗത്തില്‍ എംആര്‍ഐ യൂണിറ്റിന്റെ യുപിഎസില്‍ (ബാറ്ററി യൂണിറ്റ്) ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പൊട്ടിത്തെറിയും പുകപടലവുമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി 7.45-ഓടെ താഴത്തെനിലയിലാണ് പുക ഉയര്‍ന്നത്. സംഭവത്തിനിടെ അഞ്ചുപേര്‍ മരിക്കാനിടയായത് സംബന്ധിച്ചാണ് ദുരൂഹത ഉയര്‍ന്നത്. പുക ശ്വസിച്ചല്ല ഇവര്‍ മരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍ ടി.സിദ്ദീഖ് എംഎല്‍എ അടക്കമുള്ളവര്‍ മരണത്തില്‍ ആരോപണം ഉയര്‍ത്തിയ സാഹചര്യത്തിലാണ് അഞ്ചുപേരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചത്.

അതേസമയം അപകടത്തെ തുടർന്ന് നിർധനരായ രോഗികൾ പ്രതിസന്ധിയിലായി. അപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചവർക്ക് ചികിത്സ ചെലവിന് വഴിയില്ലാത്ത സ്ഥിതിയാണ്. ഓപ്പറേഷൻ നടത്താനുള്ള പണം കണ്ടെത്താനാകാതെ കൊയിലാണ്ടി സ്വദേശിയായ തങ്കയുടെ കുടുംബം പരാതിയുമായി രംഗത്തെത്തി. ഇന്നലെ വൈകിട്ടുണ്ടായ കാറ്റിലും മഴയിലും കടയിൽ സ്ഥാപിച്ചിരുന്ന ബോർഡ് ഇളകി വീണാണ് തങ്കയ്ക്ക് പരുക്കേറ്റത്. തങ്കത്തിൻ്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News