കോഴിക്കോട്: കോഴിക്കോട് പിടിയിലായ സ്ത്രീയടക്കമുള്ള രണ്ട് പേരിൽനിന്ന് കണ്ടെടുത്ത് വൻ എംഡിഎംഎ ശേഖരം. മുക്കം പൂളപ്പോയിൽ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫ പി. (36) പൂളപ്പൊയിൽ താമസിക്കുന്ന കോഴിക്കോട് ബേപ്പൂർ സ്വദേശി റെയ്ഹാനത്ത് (45) എന്നിവരെയാണ് മുക്കം പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽനിന്നായി ഡാൻസാഫ് സംഘം പിടികൂടിയത്. രണ്ടിടങ്ങളിൽനിന്നായി ഇരുവരും വിൽപനയ്‌ക്കെത്തിച്ച രണ്ടേമുക്കാൽ കിലോഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
മാസങ്ങൾനീണ്ട അന്വേഷണത്തിനൊടുവിലാണ് മുഹമ്മദ് ഹനീഫയെ വ്യാഴാഴ്ച പുലർച്ചെ മുക്കം അഗസ്ത്യൻമൂഴി സിവിൽ സ്റ്റേഷന് മുൻവശംവെച്ച് 517 ഗ്രാം എംഡിഎയുമായി പിടികൂടിയത്. അഞ്ച് ദിവസം മുൻപ് ഡൽഹിയിലേക്ക് റെയ്ഹാനത്തിനൊപ്പം ലഹരി വാങ്ങുന്നതിനായി ഇയാൾ പോയിരുന്നു. തിരിച്ച് നാട്ടിലെത്തി എംഡിഎംഎ മറ്റൊരാൾക്ക് വിൽപന നടത്തുന്നതിനിടയിലാണ് പിടിയിലായത്. ഹനീഫയും ഒരു സ്ത്രീയും ഒന്നിച്ച് ലഹരി എത്തിക്കാൻ പോയതായി റൂറൽ എസ്പിക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഡാൻസാഫ് നടത്തിയ ഓപ്പറേഷനിലൂടെയാണ് കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വിൽപ്പനക്കാരിലൊരാളായ മുഹമ്മദ് ഹനീഫ പിടിയിലാവുന്നത്.
ഡൽഹിയിൽ നിന്നും ബെംഗളൂരുവിൽനിന്നും ഇയാൾ ലഹരി എത്തിക്കാറുണ്ട്. നിരന്തരം ഇതിനായി ഇയാൾ വിമാന യാത്രകളും നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട്ടുനിന്ന് ഡൽഹിയിലേക്ക് വിമാനത്തിലും തിരിച്ച് ട്രെയിനിലുമാണ് യാത്രകൾ നടത്തിയിരുന്നത്. റെയ്ഹാനത്തിന്റെ യാത്രകൾ നിരന്തരം നിരീക്ഷിച്ചുവന്ന പോലീസ് സംഘത്തിന് ഇവർ ഇടയ്ക്കിടെ മുഹമ്മദ് ഹനീഫ വാടകക്ക് എടുത്തിരുന്ന വീട്ടിൽ താമസിക്കുന്നതായി വിവരം കിട്ടിയിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിലാണ് 2.286 കിലോഗ്രാം എംഡിഎംഎ പിടികൂടിയത്. ആറുമാസം മുൻപ് ഹനീഫ വാടകയ്ക്കെടുത്ത ഈ വീട്ടിലാണ് ലഹരി ഇടപാടുകൾ നടത്തിയിരുന്നത്. വർഷങ്ങളായി ഒഡീഷയിൽനിന്നും കാലികളെ ഇറക്കി ആന്ധ്രയിലും മറ്റും വിൽപന നടത്തിയിരുന്ന ഹനീഫ പിന്നീട് ലഹരിക്കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു.
നോട്ട് എണ്ണുന്ന മെഷീനും ലഹരി പാക്കിങ്ങിനുള്ള നിരവധി കവറുകളും ഡിജിറ്റൽ ഇലക്ട്രോണിക് ത്രാസുകളും വാടക വീട്ടിൽനിന്ന് കണ്ടെടുത്തു. ഹനീഫ പൂളപ്പൊയിലിൽ ഒരു റെസ്റ്റോറന്റ് നടത്തുന്നുമുണ്ട്. ഇയാൾ സമീപകാലത്ത് വൻതോതിൽ വസ്തുവകകൾ സമ്പാദിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.
തുച്ഛമായ പ്രതിഫലം വാഗ്ദാനംചെയ്താണ് ഇയാൾ റെയ്ഹാനത്തിനെ കൂടെ കൂട്ടിയതെന്നാണ് പോലീസ് പറയുന്നത്. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ഉത്തംദാസ്, താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാർ, എന്നിവരുടെ നിർദ്ദേശപ്രകാരം ഡാൻസാഫ് എസ്.ഐമാരായ രാജീവ് ബാബു, വിനീത് വിജയൻ, ശ്രീരാഗ് കെ, മനോജ് രാമത്ത്, എഎസ്.ഐ.മാരായ വി.വി.ഷാജി, ജയരാജൻ എൻ.എം, സുനിൽ കുമാർ സി.എം, എസ്.സി.പി.ഒ മാരായ ജിനീഷ് പി.പി., രതീഷ്.എ.കെ., ലാലിജ് എം,സിപി.ഒമാരായ ശോഭിത്ത് ടി.കെ, അഖിലേഷ് വി.കെ, മിധുൻ മോഹൻ എം.ടി, ലിധിൻ ഡി.ബി, റിജേഷ് അനൂപ് സെൻ, ജയന്തി റീജ, ജിഷ പി.കെ. എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Mukkom police and the DANSAF squad seized 2.75 kg of MDMA in Kozhikode and arrested two individuals, including a woman. Muhammad Haneefa and Reihanath were caught in separate raids at Poopolappoyil with a massive haul of synthetic drugs intended for local distribution.


