കോഴിക്കോട്: കെ.എസ്.ആർ.ടി.സി. പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് നിർത്താത്തതിനെ തുടർന്ന് ബസിന്റെ വശങ്ങളിലെ ഗ്ലാസ് അടിച്ചുതകർത്ത സംഭവത്തിൽ ഒടുവിൽ വ്യക്തത വരുത്തി യാത്രക്കാരിയായ മുംതാസ് രംഗത്ത്. അടിയന്തരമായ ഒരു സാഹചര്യത്തിൽ താൻ മാനസികമായി കടുത്ത സമ്മർദ്ദത്തിലായപ്പോൾ (പാനിക് ആയപ്പോൾ) പറ്റിപ്പോയ ഒരു അബദ്ധമാണ് അതെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റിന് കെ.എസ്.ആർ.ടി.സി. ജീവനക്കാരോട് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
സംഭവത്തെ ഒരിക്കലും ന്യായീകരിക്കുന്നില്ല. നാശനഷ്ടത്തിനുള്ള പിഴ മുഴുവനായി കെട്ടിവെച്ച് നിയമപരമായി പ്രശ്നം പരിഹരിച്ചതാണെന്നും എന്നാൽ ഇതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന അതിരൂക്ഷമായ സൈബർ ആക്രമണങ്ങൾ വലിയ മാനസിക വിഷമം ഉണ്ടാക്കുന്നുണ്ടെന്നും യുവതി ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.കോട്ടയ്ക്കലിൽ നിന്നും കോഴിക്കോട്ടേക്കാണ് മുംതാസ് ടിക്കറ്റെടുത്തിരുന്നത്. യാത്രയ്ക്കിടയിൽ അടിയന്തരമായി ബാത്ത്റൂമിൽ പോകേണ്ട ഒരു സാഹചര്യം (ബാത്ത്റൂം എമർജൻസി) ഉണ്ടായെങ്കിലും ആ കാര്യം ജീവനക്കാരോട് തുറന്നുപറയാൻ അവർക്ക് സാധിച്ചിരുന്നില്ല.
ബസ് ലുലു മാളിന്റെ അടുത്ത് നിർത്തുമോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. തുടർന്ന് ഒദ്യോഗിക സ്റ്റോപ്പായ മിംസ് ആശുപത്രിക്ക് സമീപമെങ്കിലും നിർത്തിത്തരുമോ എന്ന് ഒരുപാട് അപേക്ഷിച്ചുവെങ്കിലും ജീവനക്കാർ തയ്യാറായില്ല. ആ സമയത്ത് താൻ ഒറ്റയ്ക്കായിരുന്നെന്നും മാനസികാവസ്ഥ തെറ്റിയതോടെ എമർജൻസി എക്സിറ്റ് ഉപയോഗിക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോൾ ‘എന്താണെന്ന് വെച്ചാൽ ചെയ്തോളൂ’ എന്ന രീതിയിലുള്ള മനോഭാവമാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായതെന്നും മുംതാസ് പറയുന്നു. ഈ പ്രകോപനത്തിലാണ് അബദ്ധത്തിൽ കൈകൊണ്ട് ഗ്ലാസ് അടിച്ചുതകർക്കാൻ ഇടയായത്.
സംഭവത്തിന് ശേഷം ബസ് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിർത്തിയ ഉടൻ തന്നെ പോലീസ് ഇടപെടുകയും താൻ കാര്യങ്ങൾ പോലീസിനോട് വിശദീകരിക്കുകയും ചെയ്തിരുന്നു. ആദ്യം നടക്കാവ് പോലീസ് സ്റ്റേഷനിലേക്കും പിന്നീട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്കുമാണ് പോയത്. അവിടെ വെച്ച് കെ.എസ്.ആർ.ടി.സി. ആവശ്യപ്പെട്ട പ്രകാരം 28,000 രൂപ പിഴയായി പൂർണ്ണമായും അടച്ചുതീർത്താണ് താൻ മടങ്ങിയത്. എന്നാൽ ഈ സംഭവം നടന്ന് അഞ്ചാം ദിവസമാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതെന്നും യുവതി ചൂണ്ടിക്കാണിച്ചു.
വീഡിയോ പുറത്തുവന്നതോടെ താൻ ധരിച്ചിരുന്ന വസ്ത്രം ഉൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങളെ മുൻനിർത്തിയാണ് പലരും ഇപ്പോൾ ജഡ്ജ് ചെയ്യുന്നതെന്നും കടുത്ത സൈബർ ബുള്ളിയിംഗാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും മുംതാസ് ആരോപിച്ചു. സ്ത്രീകൾ എല്ലാവരുടെയും വീടുകളിലുള്ളതാണെന്നും ഏത് സാഹചര്യത്തിലും അവർക്ക് പെട്ടെന്ന് ഇത്തരം ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ വരാമെന്നും പൊതുസമൂഹം അത് മനസ്സിലാക്കണമെന്നും അവർ ഓർമ്മിപ്പിച്ചു. നിയമപരമായി പിഴയടച്ച് തീർത്ത ഒരു വിഷയത്തിൽ ഇനിയും തന്നെയും കുടുംബത്തെയും വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നാണ് യുവതിയുടെ ആവശ്യം.
Mumthas, the woman involved in the Kozhikode KSRTC premium bus window-smashing incident, has broken her silence, stating that her actions were an accidental outburst due to panic. Facing an unmentioned medical/restroom emergency, she requested a stop at MIMS hospital, but the crew’s indifferent response led her to panic. She confirmed that she apologized to the KSRTC staff, and legally resolved the issue by paying the total fine of ₹28,000. Mumthas condemned the ongoing severe cyber-bullying and personal judgments based on her attire after the video went viral five days later.


