‘എനിക്കും ആ പ്രായമുള്ള രണ്ട് കുട്ടികളാണുള്ളത്; ഒരു നിമിഷം കുട്ടി ബസിനുള്ളില്‍ കുടുങ്ങിയെന്ന് വിചാരിച്ചു; കൈയും കാലും വിറച്ചുപോയി; പിഞ്ചുബാലിക അത്ഭുതകരമായി രക്ഷപ്പെട്ടതില്‍ പ്രതികരിച്ച് ബസ് ഡ്രൈവര്‍ ഷിനോജ്

കോഴിക്കോട്: കൊടിയത്തൂരില്‍ ബസിന് മുന്നില്‍ നിന്നും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ അത്ഭുതകരമായി രക്ഷപ്പെടുന്ന പിഞ്ചു ബാലികയുടെ ദൃശ്യം ഞെട്ടലോടെയല്ലാതെ കണ്ടുതീര്‍ക്കാന്‍ സാധിക്കില്ല. ബസിനടുത്തേക്ക് പാഞ്ഞെത്തിയ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതില്‍ ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലുണ്ടായിട്ടുണ്ട്. കോഴിക്കോട്- കൊടിയത്തൂര്‍ റൂട്ടിലെ ബസ് ഡ്രൈവറായ ഷിനോജായിരുന്നു ആ സമയത്ത് ബസ് ഓടിച്ചിരുന്നത്. തന്റെ കഴിവുകൊണ്ടല്ല, ദൈവത്തിന്റെ കഴിവ് കൊണ്ടാണ് കുട്ടി രക്ഷപ്പെട്ടതെന്ന് സ്വകാര്യ ബസ് ഡ്രൈവര്‍ ഷിനോജ് പറഞ്ഞു. നിര്‍ത്തിയിട്ട ഓട്ടോയില്‍നിന്നും ഇറങ്ങിയോടിയ കുട്ടിയെ കണ്ട് പെട്ടെന്ന് വലത്തോട്ട് ബസ് വെട്ടിക്കുകയായിരുന്നുവെന്നും ഷിനോജ് പറഞ്ഞു.

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം ഏവരെയും നടുക്കുന്നതായിരുന്നു. നിര്‍ത്തിയിട്ട ഓട്ടോറിക്ഷയെ കടന്ന് റോഡിന്റെ മറുവശത്തുള്ള അമ്മയുടെ അരികിലേക്ക് ഓടിയെത്തുന്ന പിഞ്ചു കുഞ്ഞ്. അതേ ദിശയില്‍ കുതിച്ചെത്തിയൊരു നീലബസും. ആരുടെയും നെഞ്ച് പിടക്കുന്ന നിമിഷം. ഈ സമയത്ത് നിമിഷ വേഗത്തില്‍ സമചിത്തതയോടെ പെരുമാറിയ ഡ്രൈവര്‍, ബസ് വെട്ടിച്ച് ബ്രേക്കിട്ടപ്പോള്‍ രക്ഷപ്പെട്ടത് പിഞ്ചു ജീവനായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ കണ്ടവര്‍ക്കും ഒരു നടുക്കത്തോടെയല്ലാതെ അത്ഭുതകരമായ രക്ഷപ്പെടല്‍ ഉള്‍കൊള്ളാനാവുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് കൊടിയത്തൂരില്‍ വെച്ചായിരുന്നു ഈ സംഭവം. കോഴിക്കോട് -കൊടിയത്തൂര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ ഷിനോജായിരുന്നു സമയോചിത ഇടപെടലിലൂടെ കുഞ്ഞിനെ രക്ഷിച്ചത്.

കുട്ടി ബസ്സിനടിയില്‍ പെട്ടുവെന്നായിരുന്നു ഒരു നിമിഷം താനും കരുതിയതെന്ന് സിനോജ് പറയുന്നു. സംഭവത്തിനു പിന്നാലെ ബസ്സില്‍ നിന്നും ഇറങ്ങിയ സിനോജ് രണ്ടു ദിവസം വളയം തൊട്ടില്ല. ‘കൈയും കാലും വിറച്ചുപോയി. ആ നിമിഷം സുഹൃത്തിനെ ഡ്രൈവിങ് സീറ്റിലിരുത്തി ഇറങ്ങിയതാണ്. പിന്നീട് രണ്ടു ദിവസം കഴിഞ്ഞാണ് ബസില്‍ തിരികെ കയറിയത്. എനിക്കും ആ പ്രായമുള്ള രണ്ട് കുട്ടികളാണുള്ളത്. ഒരു നിമഷം കുട്ടി ബസിനുള്ളില്‍ കുടുങ്ങിയെന്ന് വിചാരിച്ചു. റോഡിലിറങ്ങുമ്പോള്‍ കുട്ടികളെ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നു മാത്രമാണ് പറയാനുള്ളത്.’ -ബസ് ഡ്രൈവ് ഷിനോജ് പറയുന്നു.

ഓട്ടോയുടെ അരികില്‍ നിന്നും ഓടിയതിനാല്‍ കുട്ടിയെ കണ്ടിരുന്നില്ലെന്നും ഷിനോജ് പറഞ്ഞു. ”വണ്ടിയുടെ മുന്നിലേക്ക് എത്തിയപ്പോഴാണ് കണ്ടത്. അപ്പോള്‍ ബസിന്റെ അടുത്തെത്തി. അതോടെ വലത്തോട്ട് വെട്ടിച്ച് ചവിട്ടി നിര്‍ത്തി. അതുകൊണ്ട് രക്ഷപ്പെട്ടു. എന്റെ ചെറിയ മോളുടെ പ്രായം ഉള്ളൂ കുട്ടിക്ക്. അത് ചിന്തിച്ചപ്പോള്‍ ഞാന്‍ പിന്നെ അപ്പോള്‍ തന്നെ ബസ് ഓടിക്കുന്നത് നിര്‍ത്തി. പിന്നെ ഇപ്പോഴാണ് ബസ് ഓടിക്കുന്നത്”. വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നാണ് പുറത്തുവരുന്നത്. അതിനുള്ള കാരണവും ഷിനോജ് പറയുന്നു. ”ശനിയാഴ്ച തന്നെ വിഡിയോ കിട്ടിയിരുന്നു. പുറത്തുവിടാതിരുന്നതാണ്. കണ്ടക്ടറാണ് പറഞ്ഞത്, ഗ്രൂപ്പിലിട്ടാല്‍ രക്ഷിതാക്കള്‍ കാണുമെന്ന്. അങ്ങനെയാണ് ഇന്ന് രാവിലെ ഞാന്‍ വീഡിയോ ഗ്രൂപ്പില്‍ ഇട്ടത്” എന്നും ഷിനോജ് പറഞ്ഞു. വെള്ളിയാഴ്ച സംഭവം നടന്നതിനു പിന്നാലെ, ശനിയാഴ്ചയാണ് സുഹൃത്തിന്റെ കടയിലെ സി.സി.ടി.വിയില്‍ നിന്നും അപകട ദൃശ്യം എടുത്തത്. രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കട്ടേ എന്ന നിലയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നുവെന്നും ഷിനോജ് പറഞ്ഞു. അന്യസംസ്ഥാനക്കാരായ ദമ്പതികളുടെ മകളാണ് രക്ഷപ്പെട്ട കുട്ടി.

Shinoj, the driver of the private bus involved in the miraculous escape of a toddler at Kodiyathur, Kozhikode, shared his harrowing experience. Shinoj, who operates on the Kozhikode-Kodiyathur route, recalled that the child suddenly dashed out from behind a parked autorickshaw.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News