കോഴിക്കോട്: കര്‍ശന നിയന്ത്രണങ്ങളോടെ കോഴിക്കോട് മിഠായി തെരുവ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം. കോഴിക്കോട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.
ഒരു സമയം ഒരു കടയില്‍ എത്ര പേരെ കയറ്റാന്‍ കഴിയുമെന്നും കടയുടെ വലിപ്പത്തെ സംബന്ധിച്ചും കടയുടമകള്‍ സത്യവാങ് മൂലം നല്‍കണം. സാധനങ്ങള്‍ വാങ്ങിക്കാനല്ലാതെ ആരേയും മിഠായി തെരുവിലേക്ക് പ്രവേശിപ്പിക്കുകയില്ല. തെരുവു കച്ചവടം അനുവദിക്കില്ല. നിയമലംഘനം നടന്നാല്‍ പിഴ ശിക്ഷയടക്കം ചുമത്താനും യോഗത്തില്‍ തീരുമാനിച്ചു.
പലയിടങ്ങളിലും കടകള്‍ തുറന്നെങ്കിലും മിഠായി തെരുവില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കാത്തത് വ്യാപാരികള്‍ക്കിടയില്‍ പ്രതിഷേധത്തിനു വഴിതെളിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ കച്ചവടക്കാര്‍ക്ക് പെരുന്നാള്‍ കാലത്തും കടകള്‍ തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ തിരിച്ചടിയാകുമെന്ന് വ്യാപാരികള്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കളക്ടര്‍ യോഗം വിളിച്ച് കടകള്‍ തുറക്കാന്‍ തീരുമാനിച്ചത്.