കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ബാലമന്ദിരത്തില്‍നിന്നു കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെക്കൂടി ബംഗളുരുവില്‍ അന്വേഷണ സംഘം കണ്ടെത്തി. മൈസൂരുവിലെ മാണ്ഡ്യയില്‍ വച്ചാണ് ഈ പെണ്‍കുട്ടിയെ പിടികൂടിയത്. മൈസൂരുവില്‍നിന്നു കോഴിക്കോട്ടേക്കു വരാനുള്ള യാത്രയ്ക്കിടെയാണ് പോലീസിന്റെ പിടിയിലായത്. സ്വകാര്യ ബസില്‍ നാട്ടിലേക്കു വരാനുളള തയാറെടുപ്പിലായിരുന്നു ഈ പെണ്‍കുട്ടി.
ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അമ്മയുടെ മൊബൈല്‍ നമ്പറാണ് നല്‍കിയിരുന്നത്. ആ നമ്പറിലേക്കു ബസ് ജീവനക്കാര്‍ വളിച്ചപ്പോള്‍ അമ്മ വിവരങ്ങള്‍ പറഞ്ഞു. തുടര്‍ന്നു ബസ് ജീവനക്കാര്‍ പോലീസിനെ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്നു പോലീസ് എത്തി പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുത്തു. ചാടിപ്പോയ ആറു പെണ്‍കുട്ടികളില്‍ ഒരാളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മറ്റു നാലു പേര്‍ക്കു വേണ്ടിയുള്ള അേന്വഷണം തുടരുകയാണ്. രക്ഷപ്പെട്ട മറ്റു നാലു പെണ്‍കുട്ടികളും അധിക ദൂരത്തല്ലെന്നാണ് പോലീസിന്റെ നിഗമനം.
ഇവര്‍ ഗോവയിലേക്കു കടന്നതായി പിടിയിലായ പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പിടിയിലായ പെണ്‍കുട്ടികളില്‍നിന്നും ഒപ്പമുണ്ടായിരുന്ന രണ്ടു യുവാക്കളില്‍നിന്നും പോലീസ് വിവരം ശേഖരിച്ചു വരികയാണ്. കോഴിക്കോട് ചേവായുര്‍ പോലീസ് ബംഗളുരുവില്‍ എത്തിയിട്ടുണ്ട്. ബാലമന്ദിരത്തില്‍നിന്നു ചാടിപ്പോയ ഒരു പെണ്‍കുട്ടിയെയും കൂടെയുണ്ടായിരുന്ന രണ്ടു യുവാക്കളെയും ബംഗളുരു പോലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. അഞ്ചു പെണ്‍കുട്ടികള്‍ പോലീസ് എത്തിയപ്പോള്‍ അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു. ഇവരില്‍ ഒരാളെയാണ് ഇന്നു രാവിലെ കണ്ടെത്തിയത്.
കോഴിക്കോട് ചേവായൂര്‍ ഇന്‍സ്പെക്ടര്‍ ടി.ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടുനിന്നുള്ള പോലീസ് സംഘം ബംഗളുരുവില്‍ തെരച്ചില്‍ തുടരുകയാണ്. ബംഗളുരു പോലീസുമായി സഹകരിച്ചാണ് അന്വേഷണം. പെണ്‍കുട്ടിയെയും രണ്ടു യുവാക്കളെയും ചേവായൂര്‍ പോലീസ് ഏറ്റുവാങ്ങി.കുട്ടികളുടെ കൈയില്‍ പണമില്ലാത്തതിനാല്‍ യാത്രയില്‍ പരിചയപ്പെടുന്നവരോടു പണം കടം വാങ്ങിയാണ് യാത്ര. അതിനാല്‍ മറ്റുള്ളവരും ഉടനെ പിടിയിലാകുമെന്നു പോലീസ് കരുതുന്നു.
ഇന്നലെ ഒരു പെണ്‍കുട്ടിയേയും ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും മടിവാളയിലെ ഹോട്ടലില്‍ വച്ചാണ് പോലീസ് പിടികൂടിയത്. യുവാക്കളിലൊരാള്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയും മറ്റൊരാള്‍ കൊല്ലം സ്വദേശിയുമാണ്.ഇവരുടെ സഹായത്തോടെയാണ് പെണ്‍കുട്ടികള്‍ ബംഗളുരുവില്‍ എത്തിയതെന്നു പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു മഡിവാള മാരുതി നഗറിലെ സര്‍വീസ് അപ്പാര്‍ട്ട്മെന്റിലെത്തി യുവാക്കള്‍ മുറി അന്വേഷിച്ചിരുന്നു. മുറി ഉണ്ടെന്നു ഹോട്ടലുടമ അറിയിച്ചപ്പോള്‍ റെന്റ് എ ബൈക്കില്‍ രണ്ടരയോടെ ഇവര്‍ വീണ്ടുമെത്തി.
തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു മുറി ബുക്ക് ചെയ്യുന്നതിനിടെ ആറു പെണ്‍കുട്ടികള്‍കൂടി അവിടേക്കു വന്നു.കേരളത്തില്‍ പെണ്‍കുട്ടികളെ കാണാതായ വിവരം മലയാളി സംഘടനാ അസോസിയേഷന്‍ ഭാരവാഹികള്‍ അപ്പാര്‍ട്ടുമെന്റുകാരെയും ഹോട്ടലുകളെയും അറിയിച്ചിരുന്നു. കൈയില്‍ തിരിച്ചറിയല്‍ കാര്‍ഡില്ലെന്നും എല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെതാണെന്നും അവര്‍ ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചു.തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് യുവാക്കളുടെ മൊൈബല്‍ ഫോണിലേക്കു വീട്ടുകാര്‍ അല്‍പ സമയത്തിനകം അയയ്ക്കുമെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.
സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ കെഎംസിസി, എംഎംഎ പ്രവര്‍ത്തകരെ അറിയിച്ചു. ഇവരെത്തി വിവരം അന്വേഷിക്കുമ്പോഴേക്കും അഞ്ചു പെണ്‍കുട്ടികള്‍ ഹോട്ടല്‍ ലോഞ്ചില്‍നിന്ന് ഇറങ്ങിയോടി. അവശനിലയിലായ ഒരു പെണ്‍കുട്ടി ഓടാന്‍ തയാറായില്ല. രണ്ട് യുവാക്കളും അവിടെത്തന്നെ നിന്നു. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്നു പറഞ്ഞാണ് പെണ്‍കുട്ടികള്‍ തങ്ങളുെടെ സഹായം തേടിയതെന്നു യുവാക്കള്‍ പോലീസിനോടു പറഞ്ഞു.
26നും 30നും ഇടയില്‍ പ്രായമുള്ളവരാണ് യുവാക്കള്‍. മഡിവാള എസ്ഐ പ്രിയകുമാറാണ് ഇവരെ പിടികൂടിയത്. ബാലമന്ദിരത്തില്‍ പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്നവരാണ് പെണ്‍കുട്ടികള്‍. വിവിധ സ്‌കൂളുകളിലാണ് പഠിക്കുന്നത്. എല്ലാവരും പ്രായപൂര്‍ത്തിയാകാത്തവരാണ്. ബുധനാഴ്ച വൈകിട്ടാണ് ഇവരെ കാണാതാകുന്നത്. അടുക്കള ഭാഗത്തെ പുറംമതിലിനോടുചേര്‍ന്നു കോണി വച്ചാണ് ഇവര്‍ ചാടിപ്പോയത്. റിപ്പബ്ലിക് ദിനത്തില്‍ ഉച്ച ഭക്ഷണത്തിനുശേഷം ടിവി കണ്ടിരിക്കെ രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് ജില്ലക്കാരായ ആറു പേരും അടുത്ത കാലത്താണ് ഇവിടെ എത്തിയത്.