27.1 C
Kottayam
Saturday, May 4, 2024

കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്: പ്രതികൾക്ക് തൂക്കു കയറില്ല, ശിക്ഷയിങ്ങനെ

Must read

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് വിചാരണ കോടതി. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്.

നിങ്ങൾ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ തൂക്കുകയറാണെന്ന് അറിയാമോയെന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പ്രതികളോട് കോടതി ചോദിച്ചിരുന്നു. ഞങ്ങൾക്ക് ജീവിക്കണമെന്ന് പറഞ്ഞ പ്രതികൾ കുറ്റബോധമുണ്ടെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് തങ്ങൾ കുറ്റം ചെയ്തിട്ടില്ലെന്നും പറഞ്ഞു. പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.

കുറ്റകൃത്യത്തിന്റെ ഗൗരവം, പ്രായം, വിദ്യാഭ്യാസം എന്നിവ കണക്കിലെടുത്ത് പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വിദേശ വനിത കേരളത്തിൽ ആക്രമിക്കപ്പെടുന്നത് ആദ്യമല്ല. പക്ഷേ കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുന്നത് അപൂർവ്വമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു.

കേരളത്തിൽ ആയുർവേദ ചികിത്സക്കെത്തിയതായിരുന്നു ലാത്‌വിയൻ യുവതിയായ ലിഗ. പോത്തൻകോട് നിന്ന് 2018 മാർച്ച് 14 ന് ഇവരെ കാണാതായി. 35 ദിവസത്തിന് ശേഷം ജീർണിച്ച മൃതദേഹം കോവളത്തിനടുത്തെ പൊന്തക്കാട്ടിൽ നിന്ന് കിട്ടി.  സ്ത്രീയെ ഇവിടെയുള്ള ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ കൊണ്ടുവന്ന ശേഷം കഞ്ചാവ് നൽകി ബലാത്സംഗം ചെയ്തുവെന്നും പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് കേസ്.

പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്ന മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്. പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകിയതിന് അന്വേഷണ സംഘത്തെ ഇന്ന് ഡിജിപി ആദരിക്കുന്നുണ്ട്. 

കേസിൽ നവംബർ 5 നാണ് വിചാരണ തുടങ്ങിയത്. ഒന്നാം ക്ലാസ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ സനിൽകുമാർ ആണ് ശിക്ഷ പ്രഖ്യാപിച്ചത്. 18 സാഹചര്യ തെളിവുകൾ, 30 സാക്ഷികൾ എന്നിവ ആധാരമാക്കിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു. 

കൊല്ലപ്പെട്ട സ്ത്രീ 2018 ഫെബ്രുവരിയിലാണ് തിരുവനന്തപുരത്ത് വന്നത്. 2018 മാർച്ച് 14 നാണ് ഇവരെ കാണാതായത്. ഏറെ നാളത്തെ തിരച്ചിലിന് ശേഷം ഏപ്രിൽ 20 ന് മൃതദേഹം കിട്ടി. സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരി നടത്തിയ നീണ്ട പോരാട്ടമാണ് ഫലം കണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week