കോട്ടയം:മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ കോട്ടയം താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും തിങ്കളാഴ്ച (2023 ജൂലൈ 10) അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
വെള്ളക്കെട്ട് രൂക്ഷമായ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വിവിധ പാടശേഖരങ്ങളില്‍ മടവീഴ്ച മൂലം നിലവില്‍ ഏകദേശം പൂര്‍ണ്ണമായും വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലും മിക്ക സ്ക്കൂളുകളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച് വരുന്നതിനാലും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്കും അംഗന്‍വാടികള്‍ക്കും ട്യൂഷന്‍ സെന്‍ററുകള്‍ക്കും അവധി ബാധകമാണ്. കൂടാതെ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അതേസമയം, മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റുമുണ്ടായിരിക്കില്ല.
മഴക്കുറഞ്ഞെങ്കിലും അപ്പർ കുട്ടനാട്ടിലെ ദുരിതം തീരുന്നില്ല. മൂന്ന് ദിവസം മുൻപ് മരിച്ച 73 കാരൻ കുഞ്ഞുമോന്‍റെ സംസ്കാര ചടങ്ങുകള്‍ അയ്യനാവേലി പാലത്തിന് മുകളിൽ വെച്ചാണ് നടത്തേണ്ടിവന്നത്. ശ്വാസതടസ്സത്തെ തുടർന്ന് മരിച്ച പെരിങ്ങര സ്വദേശി പി. സി. കുഞ്ഞുമോന്‍റെ സംസ്കാരം വീട്ടുമുറ്റത്തെ വെള്ളം ഇറങ്ങാത്ത് കാരണം മൂന്ന് ദിവസമായി മാറ്റിവെച്ചിരിക്കുകയായിരുന്നു. ഒടുവിൽ നിവൃത്തിയില്ലാതെയാണ് പാലത്തിന് മുകളിൽ ചിതകൂട്ടി ദഹിപ്പിക്കേണ്ടിവന്നത്. പൊതുപ്രവർത്തകൻ കൂടിയായ കുഞ്ഞുമോന് പാലത്തിന് മുകളിൽ വെച്ച് നാട്ടുകാർ അന്ത്യാഞ്ജലി അർപ്പിച്ചു.
ചാത്തങ്കരി സ്വദേശിയായ 73 കാരി അച്ചാമ്മ ജോസഫിന് ജീവൻ നഷ്ടമായതും വെള്ളക്കെട്ട് തീർത്ത ദുരിതത്തിലാണ്. വെള്ളിയാഴ്ച അർദ്ധരാത്രി അച്ചാമ്മയ്ക്ക് നെഞ്ചുവേദനയുണ്ടായി. വെള്ളക്കെട്ട് കാരണം വീട്ടിലെ സ്വന്തം വാഹനത്തിൽ ആശുപത്രിയിലേക്ക് പോകാനായില്ല. ഭർത്താവ് മാധവൻ പൊലീസിൽ അടക്കം സഹായം തേടിയെങ്കിലും വെള്ളക്കെട്ട് കാരണം അവർക്കും എത്താനായില്ല. ഒടുവിൽ നാട്ടുകാർ മുൻകൈ എടുത്ത് ജെസിബിയിൽ രണ്ടേകാൽ മണിക്കൂറിന് ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.