KeralaNews

ക്ഷണിച്ചാലുടന്‍ ലീഗ് വരുമെന്ന് കരുതിയ സിപിഎം നേതാക്കള്‍ക്ക് ഇത്രയും ബുദ്ധിയില്ലാതായോ? കിട്ടിയതും വാങ്ങി പൊയ്‌ക്കൊള്ളുക: വിഡി സതീശൻ

കോഴിക്കോട്: ക്ഷണിച്ചാലുടന്‍ ലീഗ് വരുമെന്ന് കരുതിയ സിപിഎം നേതാക്കള്‍ക്ക് ഇത്രയും ബുദ്ധിയില്ലാതായോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലീഗ് ഇപ്പോള്‍ പോകുമെന്നാണ് സിപിഎം നേതാക്കളും ഇടത് മാധ്യമങ്ങളും പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളെ കാണവെയാണ് പ്രതിപക്ഷ നേതാവ് സിപിഎമ്മിനെതിരെ രൂക്ഷവിമർശനം നടത്തിയത്.

യുഡിഎഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ് മുസ്ലീം ലീഗ്. കോണ്‍ഗ്രസുമായി നാല് പതിറ്റാണ്ടു കാലത്തെ സഹോദര ബന്ധമാണ് ലീഗിനുള്ളത്. ക്ഷണിച്ചാല്‍ അവര്‍ പോകുമെന്ന് കരുതുന്ന സിപിഎം നേതാക്കള്‍ ഇത്രയും ബുദ്ധിയില്ലാത്തവരായി മാറിയതിലാണ് ഞങ്ങള്‍ക്ക് അത്ഭുതം. കാപട്യവുമായാണ് സിപിഎം ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. ഏക സിവില്‍ കോഡില്‍ രാജ്യത്ത് നടപ്പാക്കണമെന്നാണ് സിപിഎമ്മിന്‍റെ എക്കാലത്തെയും വലിയ നേതാവായ ഇഎംഎസ് പറഞ്ഞത്. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് സിപിഎം അംഗങ്ങള്‍ നിയമസഭയില്‍ ആവശ്യപ്പെട്ടതിന്‍റെ മുപ്പത്തിയെട്ടാം വാര്‍ഷികമാണിന്ന്. സുശീലാ ഗോപാലന്‍ അടക്കമുള്ള നേതാക്കള്‍ ഏക സിവില്‍ കോഡിന് വേണ്ടി സമരം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ടാണ് എം വി ഗോവിന്ദന്‍ കോണ്‍ഗ്രസിന് വ്യക്തതയില്ലെന്ന് പറയുന്നതെന്നും വിഡി സതീശൻ വിമർശിച്ചു.

റിസർവ് ഫോറസ്റ്റിൽ അനധികൃത വൈദ്യുതി വേലി; ഷോക്കേറ്റ് ആന ചരിഞ്ഞു
കോണ്‍ഗ്രസിന് വ്യക്തതയില്ലായിരുന്നെങ്കില്‍ രാജ്യം ഭരിച്ചിരുന്ന കാലത്ത് തന്നെ ഏക സിവില്‍ കോഡ് നടപ്പാക്കിയേനെ. അധികാരത്തില്‍ ഇരിക്കുമ്പോഴും അധികാരത്തില്‍ നിന്ന് പുറത്തായപ്പോഴും ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടെന്ന് കൃത്യതയോടെ നിലപാടെടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇതൊരു മതപരമായ വിഷയമാക്കാതെ എല്ലാവരെയും ഒന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഭിന്നിപ്പിക്കുകയെന്ന തന്ത്രമാണ് ബിജെപിയുടേത്. അതിനിടിയില്‍ ആരെയെങ്കിലും കിട്ടുമോയെന്ന് അറിയാനാണ് സിപിഎം ഇറങ്ങിയിരിക്കുന്നത്. ഇപ്പോള്‍ നന്നായി കിട്ടിയല്ലോ. കിട്ടിയതും കൊണ്ടങ്ങ് പോയാല്‍ മതിയെന്നും വിഡി സതീശൻ പറഞ്ഞു.

ലീഗ് ഇപ്പോള്‍ പോകുമെന്നാണ് സിപിഎം നേതാക്കളും ഇടത് മാധ്യമങ്ങളും പ്രചരിപ്പിച്ചത്. അത് അവര്‍ മാത്രം വിചാരിച്ചതാണ്. ദേശീയ, കേരള രാഷ്ട്രീയവും മാറി വരുന്ന സാഹചര്യങ്ങളും ഏറ്റവും നന്നായി വിലയിരുത്തുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ലീഗ്. സിപിഎം സെമിനാറിന് പോകില്ലെന്നു മാത്രമല്ല കോണ്‍ഗ്രസാണ് ഏക സിവില്‍ കോഡിനെതിരായ പ്രക്ഷോഭം രാജ്യത്ത് നയിക്കേണ്ടതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞിട്ടുണ്ട്.

സമസ്ത ഉള്‍പ്പെടെയുള്ള മതസംഘടനകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള പരിപാടികളില്‍ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കോണ്‍ഗ്രസും ലീഗുമായുള്ള ബന്ധത്തില്‍ ഒരു ഉലച്ചിലും ഉണ്ടാകില്ലെന്ന് സമസ്ത നേതാവ് ജിഫ്രികോയ തങ്ങള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. മുസ്ലീം സമുദായം ഉള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ ഒരു അരക്ഷിതാവസ്ഥയുണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ കേരളത്തിലെ ഭരണകകക്ഷി നടത്തുന്ന സെമിനാറില്‍ സമസ്ത പങ്കെടുക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സോഷ്യല്‍ എന്‍ജിനീയറിങ് എന്ന ഓമനപ്പേരിട്ട് കഴിഞ്ഞ ഏഴ് വര്‍ഷമായി സിപിഎം കേരളത്തില്‍ നടത്തുന്ന വര്‍ഗീയ പ്രീണനത്തെ ഞങ്ങള്‍ പൊളിച്ചടുക്കി കെട്ടിത്തൂക്കും. അതാണ് ഇനി കേരളം കാണാന്‍ പോകുന്നത്. യുഡിഎഫ് വിപുലീകരിക്കണമെന്നതാണ് തീരുമാനം. അതുകൊണ്ടാണ് ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കക്ഷത്തില്‍ ഇരിക്കുന്നത് പോകാതെ നോക്കണമെന്ന് സിപിഎമ്മിനോട് പറഞ്ഞത്. അത് വരുന്ന ദിവസങ്ങളില്‍ ബോധ്യമാകുമെന്നും വിഡി സതീശൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker