കോട്ടയം: നടന്‍ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്ത് വച്ചാണ് മരണം സംഭവിച്ചത്. അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് കോട്ടയം പ്രദീപ് (Kottayam Pradeep) ചലച്ചിത്ര രംഗത്ത് എത്തിയത്. ജൂനിയര്‍ അഭിനേതാവായാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ഗൗതം മേനോന്‍ സംവിധാനം ചെയ്ത് 2010 ല്‍ ഇറങ്ങിയ ‘വിണ്ണെ താണ്ടി വാരുവായ’ എന്ന തമിഴ് ചിത്രമാണ് കോട്ടയം പ്രദീപിന്‍റെ കരിയര്‍ മാറ്റിമറിച്ചത്. ഇതില്‍ ഇദ്ദേഹം അവതരിപ്പിച്ച ‘മലയാളിയായ’ തൃഷയുടെ അമ്മാവന്‍ കഥാപാത്രവും അതിന്‍റെ ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നും ശ്രദ്ധേയമായ വേഷങ്ങളിലേക്ക് പ്രദീപിനെ എത്തിച്ചത് ഈ റോളാണ്. പ്രദീപിന്‍റെ അടയാളമായി അതിലെ ഡയലോഗ് മാറുകയും ചെയ്തു. ഇന്നും സോഷ്യല്‍ മീഡിയ മീം ആയിട്ട് പോലും ആ ഡയലോഗ് ഉപയോഗിക്കപ്പെടുന്നുണ്ട്.
സിനിമ പാശ്ചത്തലമില്ലാത്ത ഒരു കുടുംബത്തില്‍ നിന്നാണ് പ്രദീപ് സിനിമയില്‍ എത്തിയത്. കോട്ടയത്ത് തിരുവാതുക്കൽ ആണ് പ്രദീപ് ജനിച്ചത്. വീടിന് തൊട്ടടുത്തുള്ള രാധാകൃഷ്ണടാക്കീസിലെ നിരന്തരമായ സിനിമ കാണലാണ് ഇദ്ദേഹത്തെ സിനിമയില്‍ എത്താനുള്ള താല്‍പ്പര്യം ഉണ്ടാക്കിയത്. ഇവിടെ നിന്ന് ചില ചലച്ചിത്രങ്ങള്‍ നാലും അഞ്ചും തവണ കാണ്ടിട്ടുണ്ടെന്ന് പ്രദീപ് തന്നെ പറയുന്നു. ശനി, ഞായർ ദിവസങ്ങളിൽ ഷോ തുടങ്ങുമ്പോൾ മുതൽ തിയറ്ററിനു പുറത്തിരുന്ന് ഡയലോഗുകൾ കേൾക്കലാണ് ആ ദിവസങ്ങളിലെ പ്രധാന ജോലി, ഒരിക്കല്‍ പ്രദീപ് പറഞ്ഞു.
പഠത്തിന് ശേഷം മൂന്നാലു വർഷം സഹോദരിയുടെ മെഡിക്കൽ ഷോപ്പ് നോക്കി നടത്തി. പിന്നെ എൽഐസിയിൽ അസിസ്റ്റന്റായി ജോലി കിട്ടി. അടുത്ത വർഷം കല്യാണവും കഴിച്ചു. അതിനു ശേഷം ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടാണ് ‘സിനിമാ ജീവിതം’ തുടങ്ങുന്നത്. സുഹൃത്ത് ആർട്ടിസ്റ്റ്– കോ ഓർഡിനേറ്റർ റഫീഖാണ് ഇദ്ദേഹത്തെ സിനിമയില്‍ എത്തിച്ചത്.
ഒരു വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായണം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍ തുടങ്ങിയ ചലച്ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ഇദ്ദേഹം ചെയ്തിട്ടുണ്ട്.