തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിന്റെ ദുഃഖത്തിലാണ് കേരളം. ഉമ്മൻ ചാണ്ടിയുടെ ശബ്ദവും രൂപവും വേദികളില്‍ അവതരിപ്പിച്ച് കയ്യടി നേടിയ കലാകാരൻ കോട്ടയം നസീറിനെ സംബന്ധിച്ചിടത്തോളവും ഇതൊരു തീരാനഷ്ടമാണ്.
ഉമ്മൻ ചാണ്ടിയുമായുണ്ടായിരുന്ന വ്യക്തിപരമായ അടുപ്പത്തേക്കുറിച്ചും അദ്ദേഹം നല്‍കിയ പ്രോത്സാഹനത്തേക്കുറിച്ചും മാധ്യമങ്ങളോട് കോട്ടയം നസീര്‍ പങ്കുവെച്ചു.
ഇന്റര്‍വ്യൂ സമയത്താണ് ആദ്യം കാണുന്നത്
കൈരളി ചാനലിനുവേണ്ടി ഞാൻ ഉമ്മൻ ചാണ്ടി സാറിനെ അഭിമുഖം ചെയ്തിരുന്നു. അന്നാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്ന് സാര്‍ പ്രതിപക്ഷ നേതാവായിരുന്നു. പുതുപ്പള്ളിയിലെ വീട്ടില്‍വെച്ചായിരുന്നു ഇന്റര്‍വ്യൂ. പൊതുപ്രവര്‍ത്തനരംഗത്തെ തിരക്കുകള്‍ എങ്ങനെയാണ് നിത്യജീവിതവുമായി ബാലൻസ് ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചിരുന്നു. അതിരാവിലെ ആറേഴു മണിയോടെയാണാ ഞാനവിടെ ചെല്ലുന്നത്. ആ സമയത്തും അദ്ദേഹത്തെ കാണാൻ നിറയെ ആളുകളാണ് വന്നിരുന്നത്. തിരക്ക് വളരെ ഇഷ്ടപ്പെടുന്നയാളാണെന്നായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്.
ഉമ്മൻ ചാണ്ടിയെ അനുകരിച്ചുതുടങ്ങുന്നു
കോട്ടയം നസീര്‍ ഷോ എന്ന പേരില്‍ മൂന്നുവര്‍ഷത്തോളം ഒരു ചാനല്‍ പ്രോഗ്രാം ചെയ്തിരുന്നു. ആയിടയ്ക്കാണ് എ.കെ. ആന്റണി സാര്‍ മുഖ്യമന്ത്രിപദം പെട്ടന്ന് രാജിവെച്ചൊഴിയുന്നത്. പകരം വന്നത് ഉമ്മൻ ചാണ്ടി സാറായിരുന്നു. ആ സമയത്താണ് സാറിനെ ഒരു ചാനലില്‍ ആദ്യമായി അവതരിപ്പിക്കുന്നത്. വിഗ് ഒക്കെ സംഘടിപ്പിച്ചിരുന്നു. ഇതുകൂടാതെ ഗള്‍ഫില്‍ ഈസ്റ്റ് കോസ്റ്റിന്റെ ഒരു പ്രോഗ്രാമില്‍ ശബ്ദം അനുകരിച്ചിരുന്നു. സുനാമി സംഭവിച്ച കാലമായിരുന്നു. സുനാമി ഫണ്ടിലേക്ക് തുക സമാഹരിക്കാൻ നടന്മാര്‍ നടത്തുന്ന പ്രോഗ്രാമിനിടയിലേക്ക് ഉമ്മൻ ചാണ്ടി സാര്‍ വരുന്നതായിട്ടുള്ള സ്കിറ്റായിരുന്നു അത്.
മുഖ്യമന്ത്രിയുടെ മുന്നില്‍വെച്ച് അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ചപ്പോള്‍
ഉമ്മൻ ചാണ്ടി സാര്‍ മുഖ്യമന്ത്രിയായിരിക്കുന്ന സമയം. അന്ന് എൻ. ജയരാജനാണ് ഞങ്ങളുടെ എം.എല്‍.എ. ഞങ്ങളുടെ നാടായ കറുകച്ചാലില്‍ മുതിര്‍ന്ന കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചപ്പോള്‍ ഞാനായിരുന്നു മുഖ്യാതിഥി. സാര്‍ വരാൻ വൈകിയപ്പോള്‍ എം.എല്‍.എ എന്നോട് ചോദിച്ചു മിമിക്രിയില്‍ എന്തെങ്കിലും നമ്ബര്‍ കാണിക്കാമോ എന്ന്. ഉമ്മൻ ചാണ്ടി സാറിന്റെ പത്രസമ്മേളനത്തിലെ രീതികളൊക്കെ കാണിക്കുന്ന സമയമാണ്.
അനുകരിച്ചുകൊണ്ടിരിക്കുമ്ബോഴാണ് സാര്‍ കയറിവരുന്നത്. ആളുകള്‍ എന്നെയും സാറിനേയും മാറി മാറി നോക്കിയാണ് ആളുകള്‍ ചിരിക്കുന്നത്. കാര്യം പിടികിട്ടയപ്പോള്‍ എന്നെ ചേര്‍ത്തുപിടിച്ചുകൊണ്ട് സാര്‍ പറഞ്ഞു, ഞാൻ വരാൻ താമസിച്ചപ്പോള്‍ ആ ഗ്യാപ്പ് നികത്തിയല്ലേ എന്ന്.
വ്യക്തിപരമായ അടുപ്പം
കണ്ടുപരിചയപ്പെട്ട ആ നിമിഷം മുതല്‍ അടുത്തകാലത്ത് ആശുപത്രിയിലാകും വരെ വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്നു. സൗഹൃദം നിലനിര്‍ത്തുകയും പിറന്നാളുകളില്‍ ആശംസ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരിക്കല്‍ ഒരു ചാനല്‍ പരിപാടിയില്‍ ഞങ്ങള്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. അന്ന് തന്റെ ശബ്ദം ഏറ്റവും നന്നായി അനുകരിക്കുന്നയാള്‍ എന്ന നിലയില്‍ അഭിനന്ദിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതിലെ നര്‍മവും വിമര്‍ശനവുമെല്ലാം ആസ്വദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ എന്റെ പിതാവ് മരിച്ചപ്പോള്‍ വീട്ടില്‍ വരികയും ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
ഡ്രീം ഓഫ് കളേഴ്സിന്റെ പേരുമാറ്റിയ ചാണ്ടി സാര്‍
2018-ലാണ് ഞാൻ ആദ്യമായി പെയിന്റിംഗ് പ്രദര്‍ശനം നടത്തിയത്. കൊച്ചി ദര്‍ബാര്‍ ഹാളിലായിരുന്നു ഡ്രീംസ് ഓഫ് കളേഴ്സ് എന്ന പേരിലുള്ള എക്സിബിഷൻ. അന്നദ്ദേഹം അവിടെ വരികയും ചിത്രങ്ങള്‍ ഒരുപാടുനേരം നിന്ന് ആസ്വദിക്കുകയും ചെയ്തിരുന്നു. ഞാൻ വരച്ച അദ്ദേഹത്തിന്റെ ചിത്രം സമ്മാനമായി നല്‍കിയിരുന്നു. ഈ ചിത്രങ്ങള്‍ കാണുമ്ബോള്‍ ഇത് ഡ്രീംസ് ഓഫ് കളേഴ്സ് എന്നല്ല വണ്ടേഴ്സ് ഓഫ് കളേഴ്സ് എന്നാണ് തോന്നുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
ശബ്ദാനുകരണ മേഖലയില്‍ കോട്ടയം നസീറിനെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടി. സമീപകാലത്ത് ഉമ്മൻ ചാണ്ടി രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയേ അദ്ദേഹത്തെ അനുകരിക്കുന്നത് കോട്ടയം നസീര്‍ നിര്‍ത്തിയിരുന്നു. അത് ഉമ്മൻ ചാണ്ടിയോടുള്ള തന്റെ ആദരവുകൊണ്ടാണെന്ന് അന്ന് കോട്ടയം നസീര്‍ വ്യക്തമാക്കിയിരുന്നു.