കോട്ടയം:നടന്‍ കോട്ടയം നസീറിനെ കുറിച്ച് മലയാളികളോട് സംസാരിക്കാൻ മുഖവുരകളുടെ ആവശ്യമില്ല. മിമിക്രി, സ്റ്റേജ് ഷോകൾ, സിനിമകൾ എന്നിവയിലൂടെ മലയാളികളുടെ കൺമുന്നിലാണ് കോട്ടയം നസീർ വളർന്നത്. അതുകൊണ്ട് തന്നെ എല്ലാവർക്കും പ്രിയപ്പെട്ട കലാകാരൻ കൂടിയാണ് താരം.
കോട്ടയം നസീറിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാർത്ത ആരാധകരിൽ വലിയ വിഷമുണ്ടാക്കിയ ഒന്നായിരുന്നു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
തുടർന്ന് നസീറിനെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയതിനുശേഷം ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. നിലവില്‍ ഐസിയുവിലാണെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.
താരത്തെ സ്നേഹിക്കുന്നവർ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയെ കുറിച്ച് അറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് നടനും സ്റ്റേജ് ഷോ കലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രൻ കോട്ടയം നസീറിനെ കുറിച്ച് കുറിപ്പ് പങ്കുവെച്ചത്.
കൂട്ടിക്കൽ ജയചന്ദ്രൻ പങ്കിട്ട പോസ്റ്റിലൂടെ കോട്ടയം നസീർ സുഖമായിരിക്കുന്നു എന്ന സന്തോഷവാർത്തയാണ് ആരാധകർക്ക് ലഭിച്ചത്. പ്രിയപ്പെട്ട കോട്ടയം നസീറിൻ്റെ കുടുംബവുമായി സംസാരിച്ചു. അദ്ദേഹം സുഖമായിരിക്കുന്നു എന്നാണ് ജയചന്ദ്രൻ കുറിച്ചത്.
ഒരുപാട് സന്തോഷം ചേട്ടാ അറിഞ്ഞതിൽ. എത്രയും വേഗം അസുഖം മാറി തിരിച്ച് വരട്ടെ എന്നാണ് ആരാധകർ കൂട്ടിക്കൽ ജയചന്ദ്രന്റെ പോസ്റ്റിന് കമന്റായി കുറിച്ചത്. സുബിയുടെ വേർപാട് കലാലോകത്തിന് വലിയൊരു അടിയാണ് സമ്മാനിച്ചത്.
സുബിയുടെ വിയോഗം ഉൾക്കൊള്ളാനാവാത്ത അവസ്ഥയിൽ കോട്ടയം നസീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത ആരാധകരും ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോൾ കോട്ടയം നസീർ സുഖം പ്രാപിക്കുന്നുവെന്ന് പ്രിയപ്പെട്ടവർ അറിയിച്ചതോടെ ആരാധകരും സന്തോഷത്തിലാണ്.
നടനും ടെലിവിഷൻ അവതാരകനും മിമിക്രി കലാകാരനുമായി വർഷങ്ങളായി സ്‌ക്രീനിൽ നിറഞ്ഞുനിൽക്കുന്നയാളാണ് കോട്ടംയ നസീർ. മിമിക്രിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കറുകച്ചാൽ സ്വദേശിയാണ് കോട്ടയം നസീർ.
ചിത്ര രചനയിലും മിമിക്രിയിലുമായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ചലച്ചിത്ര താരങ്ങളേയും പ്രമുഖ വ്യക്തികളെയും രൂപ ഭാവങ്ങളിലും ശബ്ദത്തിലും കൃത്യമായി അനുകരിച്ചുകൊണ്ടാണ് മിമിക്രി രംഗത്ത് കോട്ടയം നസീർ ശ്രദ്ധേയനായത്.
മിമിക്രിയെന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടേയും മനസിലേക്ക് ഓടി വരുന്ന പേര് കൂടിയാണ് കോട്ടയം നസീറിന്റേത്. നാൽപ്പത്തിയൊമ്പതുകാരനായ കോട്ടയം നസീർ 1995 മുതൽ ചെറിയ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാള സിനിമയിലുണ്ട്.
ഇടയേക്ക് നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളും കോട്ടയം നസീർ ചെയ്തിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റായും കോട്ടയം നസീർ തിളങ്ങിയിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്താണ് പെയിന്റിങിൽ കോട്ടയം നസീറിനുള്ള കഴിവ് വളരെ അധികം ചർച്ച ചെയ്യപ്പെട്ടത്.
‘പെയിന്‍റിങ്ങുകളുടെ വേൾഡ് മാർക്കറ്റിങ്ങിനായി വെബ്സൈറ്റ് തയാറാക്കാനുള്ള ആലോചനയിലാണ്. പെയിന്‍റിങ്ങിന്‍റെ ഡീറ്റെയ്ൽസ് ഉൾപ്പെടെയുള്ള വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ചിത്രങ്ങൾക്കായി ഗൾഫിൽ നിന്നുൾപ്പെടെ ധാരാളം പേർ ദിവസവും വിളിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നല്ല റെസ്പോൺസാണ് പെയിന്‍റിങ്ങുകൾക്ക് കിട്ടുന്നത്.’
‘നാദിർഷായുടെ ജയസൂര്യ ചിത്രം ഈശോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വരച്ചിരുന്നു. അതുപോലെ മനോജ് കെ ജയന്‍റെ ദിഗംബരനേയും വരച്ചിരുന്നു. ഇതിനൊക്കെ നല്ല റെസ്പോൺസാണ് ലഭിച്ചത്.’
‘2018ൽ എക്സിബിഷൻ നടത്തിയപ്പോൾ ഞാൻ ഒരു പെയിന്‍റർ ആണെന്ന് പലർക്കും അറിയില്ലായിരുന്നു’ എന്നാണ് കൊവിഡ് കാലത്ത് നൽകിയ ഒരു അഭിമുഖത്തിൽ കോട്ടയം നസീർ പറഞ്ഞത്. അവസാനമായി റോഷാക്കിലെ കോട്ടയം നസീറിന്റെ പ്രകടനമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ശശാങ്കൻ എന്ന കഥാപാത്രത്തെയാണ് കോട്ടയം നസീർ ചിത്രത്തിൽ അവതരിപ്പിച്ചത്.