കൊച്ചി : രാസലഹരിമരുന്നായ എംഡിഎംഎയുമായി കോട്ടയം സ്വദേശികൾ പിടിയിൽ. മണാർക്കാട് സ്വദേശികളായ മെൻസൺ, അബി ചെറിയാൻ എന്നിവരാണ് എറണാകുളം നെട്ടൂരിൽ വച്ച് പിടിയിലായത്. പ്രതികളിൽ നിന്നും 2.56 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. സിറ്റി പൊലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
അതിനിടെ കണ്ണൂർ കൂത്തുപറമ്പിൽ ഓൺലൈനായി പോസ്റ്റാഫീസിലേക്ക് എത്തിച്ച 3 ലക്ഷം രൂപയുടെ മയക്കുമരുന്ന് എക്സൈസ് പിടികൂടി. പാറാൽ സ്വദേശി കെ പി ശ്രീരാഗിന്റെ പേരിലെത്തിയ പാർസലാണ് പിടിച്ചെടുത്ത് പരിശോധിച്ചത്. 70 എൽ എസ് ഡി സ്റ്റാമ്പുകളായിരുന്നു പാഴ്നസിലുണ്ടായിരുന്നത്. പോസ്റ്റോഫീസ് ജീവനക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സ്സൈസ് പാർസൽ തുറന്നു പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
നെതർലാന്റ്സിലെ റോട്ടർഡാമിൽ നിന്നാണ് എൽ എസ് ഡി സ്റ്റാമ്പ് എത്തിച്ചത്. മെയ് 1 ന് ഡാർക്ക് വെബ് വഴിയാണ് സ്റ്റാമ്പുകൾ ഓർഡർ ചെയ്തതെന്നും ആ സ്റ്റാമ്പുകളാണ് പോസ്റ്റ് ഓഫിസിൽ വന്നതെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. നെമിസിസ് മാർക്കറ്റ് എന്ന ഡാർക് വെബ്ബ്സൈറ്റിൽ അക്കൗണ്ട് സൃഷ്ടിച്ച് ബിറ്റ്കോയിൻ കൈമാറിയാണ് എൽ എസ് ഡി സ്റ്റാമ്പ് വാങ്ങിയത്. കഞ്ചാവ് കൈവശം വച്ചതിന് ശ്രീരാഗിനെ നേരെത്തെയും കൂത്തുപറമ്പ് എക്സൈസ് പിടികൂടിയിരുന്നു.