കോട്ടയം:സമീപകാലത്ത് ജില്ല കണ്ട ഏറ്റവും നിഷ്ഠൂരമായ കാെലപാതകങ്ങളിലൊന്നിനാണ് താഴത്തങ്ങാടി സാക്ഷ്യം വഹിച്ചത്. തലയ്ക്കടിച്ച് കാെന്നതിനുമപ്പുറം ഇരുമ്പു കമ്പിയിൽ കെട്ടിയിട്ട് ഷോക്ക് അടിപ്പിയ്ക്കുകയും പാചക വാതക സിലിണ്ടർ തുറന്നു വയ്ക്കുകയുമാെക്കെ ചെയ്തു. മോഷണമെന്നതിനപ്പുറം മറ്റ് ആസൂത്രിതമായ ഗൂഡാലോചന സംഭവത്തിന് പിന്നിലുണ്ടോയെന്നാണ് പോലീസ് പരിശോധിയ്ക്കുന്നത്.
പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബ(60)യാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് സാലി(65)യെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭർത്താവിനെ കെട്ടിയിട്ട് ഷോക്കടിപ്പിച്ചെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. മോഷണത്തിനിടെ നടന്ന ആക്രമണമാണെന്നാണ് വിലയിരുത്തൽ.
ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് സൂചന. എന്നാൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഇത് പുറത്തറിയുന്നത്.വീട്ടില്‍നിന്നും ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട ഗന്ധം വരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയിൽ ദമ്പതികളെ കണ്ടെത്തിയത്. ഇരുവരുടെയും കൈ കാലുകള്‍ കെട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേന അംഗങ്ങളാണ് രണ്ടു പേരെയും ആശുപത്രിയില്‍ എത്തിച്ചത്.
മുറിയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട നിലയിലായിരുന്നു. രണ്ടു പേരുടെയും തലയ്ക്കാണ് അടിയേറ്റിരിക്കുന്നത്. ഇരുവരുടെയും കൈകളിൽ കെട്ടിയിരുന്ന ഇരുമ്പ് കമ്പിയിലേയ്ക്ക് വൈദ്യുതി കടത്തി വിടുന്നതിനുള്ള ക്രമീകരണവും മോഷ്ടാക്കൾ ഒരുക്കിയിരുന്നു. ഇവരുടെ കാറും മോഷണം പോയിട്ടുണ്ട്.
ഈ ദമ്പതികളുടെ മകള്‍ വിദേശത്താണ്. സാലി നേരത്തെ നാഗമ്പടത്ത് വഴിയോരക്കച്ചവടം നടത്തിയിരുന്നു. ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, ഡിവൈ.എസ്.പി ആര്‍.ശ്രീകുമാര്‍, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എം.ജെ അരുണ്‍ , എസ്.ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.