കോട്ടയം: കോട്ടയത്ത് വ്യാജ നോട്ട് നൽകി ലോട്ടറി തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. കങ്ങഴ സ്വദേശി ബിജി തോമസ് ആണ് പിടിയിലായത്. വിമുക്ത ഭടനാണ് ബിജി. ജില്ലയിൽ വയോധികരായ കച്ചവടക്കാരെ കബളിപ്പിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. കാഞ്ഞിരപ്പള്ളി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
രണ്ടായിരം രൂപയുടെ വ്യാജ നോട്ട് ഉപയോഗിച്ച് വയോധികരെ കബളിപ്പിക്കുന്ന സംഭവം കോട്ടയം ജില്ലയില്‍ പതിവാകുകയായിരുന്നു. ഇതില്‍ കറുകച്ചാല്‍ സ്വദേശിയായ കുഞ്ഞുകുട്ടന്‍ എന്ന എഴുപത്തിനാലുകാരനെ കബളിപ്പിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിയോടെ കാറില്‍ എത്തിയ ഒരാള്‍ കടയില്‍ നിന്ന് 850 രൂപയുടെ സാധനങ്ങള്‍ വാങ്ങിയ ശേഷം 2000 രൂപയുടെ വ്യാജ നോട്ട് നല്‍കുകയായിരുന്നു. 1150 രൂപ ബാക്കിക്കു പുറമേ മറ്റൊരു രണ്ടായിരത്തിന്‍റെ വ്യാജ നോട്ട് നല്‍കി അതിനുളള ചില്ലറയും വാങ്ങിയാണ് കാറില്‍ വന്നയാള്‍ കടന്നു കളഞ്ഞത്.
കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന നോട്ടുകളാണ് തനിക്ക് കിട്ടിയത് എന്ന് കുഞ്ഞുകുട്ടന്‍ അറിഞ്ഞപ്പോഴേക്കും കളളന്‍ കടന്നു കളഞ്ഞിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് മുണ്ടക്കയം സ്വദേശിനിയായ 92 വയസുകാരിയെയും സമാനമായ രീതിയില്‍ കാറില്‍ എത്തിയയാള്‍ വ്യാജ നോട്ടുകള്‍ നല്‍കി കബളിപ്പിച്ചു.