യുവതിയുടെ ഹൃദയം പുറത്തെടുത്ത് പാചകം ചെയ്തു, 3 പേരെ വധിച്ചു; പ്രതിക്ക് 5 ജീവപര്യന്തം
വാഷിങ്ടണ്‍: യു.എസില്‍ മൂന്നുപേരെ കൊലപ്പെടുത്തുകയും ഇരകളിലൊരാളുടെ ഹൃദയം പുറത്തെടുത്ത് പാചകം ചെയ്യുകയും ചെയ്ത യുവാവിന് ജീവപര്യന്തം തടവ്. ഒക്‌ലഹോമയിലെ ലോറന്‍സ് പോള്‍ ആന്‍ഡേഴ്‌സണി(44)നാണ് കോടതി തുടര്‍ച്ചയായ അഞ്ച് ജീവപര്യന്തം വിധിച്ചത്. 2021-ലായിരുന്നു ദാരുണമായ സംഭവം.
ബന്ധുവായ ലിയോണ്‍(67), ഇദ്ദേഹത്തിന്റെ കൊച്ചുമകളായ നാലു വയസ്സുകാരി, അയല്‍ക്കാരിയായ ആന്‍ഡ്രിയ ബ്ലാങ്കന്‍ഷിപ്പ്(41) എന്നിവരെയാണ് ലോറന്‍സ് കൊലപ്പെടുത്തിയത്. തുടര്‍ച്ചയായി നടന്ന മൂന്നുകൊലപാതകങ്ങളില്‍ ആന്‍ഡ്രിയയായിരുന്നു ആദ്യത്തെ ഇര. യുവതിയെ അതിദാരുണമായി കൊലപ്പെടുത്തിയ പ്രതി, മൃതദേഹത്തില്‍നിന്ന് ഹൃദയം പുറത്തെടുത്ത് ഇതുമായി ബന്ധുവായ ലിയോണിന്റെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് ഉരുളക്കിഴങ്ങ് ചേര്‍ത്ത് ഇത് പാചകം ചെയ്യുകയും ലിയോണിനും കുടുംബത്തിനും വിളമ്പുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ലിയോണിനെയും നാലു വയസ്സുള്ള കൊച്ചുമകളെയും കൊലപ്പെടുത്തിയത്. ലോറന്‍സിന്റെ ആക്രമണത്തില്‍ ലിയോണിന്റെ ഭാര്യയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
നേരത്തെ ലഹരിമരുന്ന് കേസില്‍ ജയിലിലായിരുന്ന ലോറന്‍സ് ശിക്ഷായിളവ് ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു ഈ സംഭവം. ലഹരിമരുന്ന് കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്ന ഇയാള്‍ക്ക് മൂന്നു വര്‍ഷം മാത്രമാണ് ജയിലില്‍ കഴിയേണ്ടിവന്നത്. ഇതിനിടെ ഒക്‌ലഹോമ ഗവര്‍ണര്‍ അനുവദിച്ച കൂട്ട ശിക്ഷായിളവില്‍ ലോറന്‍സിന്റെ പേരും ഉള്‍പ്പെടുകയായിരുന്നു. എന്നാല്‍, മൂന്നു പേരെ പ്രതി കൊലപ്പെടുത്തിയതിന് പിന്നാലെ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുകയും ശിക്ഷായിളവ് ലഭിക്കേണ്ടവരുടെ പട്ടികയില്‍ ലോറന്‍സിന്റെ പേര് അബദ്ധത്തില്‍ ഉള്‍പ്പെട്ടതാണെന്നും കണ്ടെത്തി. അതിനിടെ, കൊല്ലപ്പെട്ട ലിയോണിന്റെ ഭാര്യ അടക്കമുള്ളവര്‍ സംഭവത്തില്‍ ഒക് ലഹോമ ഗവര്‍ണര്‍ക്കെതിരെയും പ്രിസണ്‍ പരോള്‍ ബോര്‍ഡിനെതിരേയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.