കോട്ടയം : നഗരസഭാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടികൂടി. 22 ഹോട്ടലുകളിലാണു പരിശോധന നടത്തിയത്. അതിൽ 9 എണ്ണത്തിൽ നിന്നു പഴകിയ ഭക്ഷണം പിടികൂടി. ദിവസങ്ങൾ പഴക്കമുള്ള ചോറ്, നൂഡിൽസ്, ബീഫ്, ചിക്കൻ കറി, മീൻകറി, അൽഫാം, കുഴിമന്തി തുടങ്ങിയവയാണ് കണ്ടെത്തിയത്. ഗന്ധവും നിറവും മാറിയ ഭക്ഷണം വീണ്ടും ചൂടാക്കി നൽകുകയും പുതിയ ഭക്ഷണത്തോടൊപ്പം ചേർത്ത് വിതരണം ചെയ്തിരുന്നതായി പരിശോധനയിൽ കണ്ടെത്തി. ഈ 9 സ്ഥാപനങ്ങൾക്കെതിരെ നഗരസഭാ ആരോഗ്യവിഭാഗം പിഴ ചുമത്തി നോട്ടിസ് നൽകി. നഗരസഭാ ആരോഗ്യ വിഭാഗം ക്ലീൻ സിറ്റി മാനേജർ ടി.എ.തങ്കം, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രവീൺ, പ്രമോദ്, സുർജിത്, ലിനീഷ്, രമ്യ, വിസ്മയ, ഹിമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പരിപ്പ് തൊള്ളായിരംചിറ കള്ളുഷാപ്പിലെ തലക്കറിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റത് ഇതുവരെ 15 പേർക്ക്. ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ തലക്കറി കഴിച്ചവരെ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിലാണ് കൂടുതൽ പേർക്ക് വിഷബാധയേറ്റിരുന്നുവെന്ന വിവരം പുറത്ത് വന്നത്. ഇവരിൽ മണർകാട് സ്വദേശികളായ ജിൻസ് (35), ജിതിൻ (31), ആർപ്പൂക്കര സ്വദേശി അഖിൽ (30), 2 വടവാതൂർ സ്വദേശികൾ എന്നിവരും ശനിയാഴ്ച ഷാപ്പിൽനിന്ന് തലക്കറി കഴിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ഞായറാഴ്ച ആശുപത്രിയിൽ ചികിത്സ തേടി മടങ്ങുകയായിരുന്നു. അന്ന് തലക്കറി കഴിച്ച കുമരകം സ്വദേശി പി.എസ്.ജ്യോതിഷ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതോടെയാണ് പൊലീസ്, എക്സൈസ്, ഭക്ഷ്യസുരക്ഷാ വിഭാഗങ്ങൾ അന്വേഷണം തുടങ്ങിയത്.
ജ്യോതിഷിനൊപ്പം തലക്കറി കഴിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 6 പേർ ഇന്നലെ ആശുപത്രി വിട്ടു. ഷാപ്പിന്റെ പരിസരവാസികളായ 3 പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നെങ്കിലും കാര്യമായ പ്രശ്നങ്ങളില്ലാതിരുന്നതിനാൽ ചികിത്സ തേടിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്നലെ 5 പേരുടെ ഭക്ഷ്യവിഷബാധ കൂടെ സ്ഥിരീകരിച്ചത്. തലക്കറി കൂടാതെ മഞ്ഞക്കൂരിക്കറി, പന്നി ഫ്രൈ, പള്ളത്തി ഫ്രൈ, ചെമ്മീൻ റോസ്റ്റ്, ചൂരമീൻ കറി,കപ്പ, അപ്പം, കള്ള് എന്നിവ കഴിച്ചവർക്കാണ് രാത്രി തന്നെ വയറുവേദന, ഛർദി, വയറിളക്കം, തളർച്ച തുടങ്ങിയവ അനുഭവപ്പെട്ടത്.
ലൈസൻസിന് സസ്പെൻഷൻ തലക്കറിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായ പരിപ്പ് തൊള്ളായിരംചിറ കള്ളുഷാപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ലേഖ, ജോസഫ് എന്നിവരുടെ പേരിലാണ് ഷാപ്പ് പ്രവർത്തിച്ചിരുന്നത്. രാസ പരിശോധനയിൽ കള്ളിൽ നിന്ന് വിഷാംശം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും വൃത്തിഹീനമായ പരിസരത്ത് പ്രവർത്തിച്ചു എന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതേ ഉടമകളുടെ മറ്റ് 6 ഷാപ്പുകളുടെ ലൈസൻസും സസ്പെൻഡ് ചെയ്തിട്ടുണ്ട്. എക്സൈസ് കമ്മിഷണർ നടത്തുന്ന ഹിയറിങ്ങിന് ശേഷമാകും ലൈസൻസ് പുനഃസ്ഥാപിക്കണോ പൂർണമായി റദ്ദാക്കണോ എന്ന് തീരുമാനിക്കുക. കള്ളിൽ വിഷാംശം ഇല്ലെന്ന് എക്സൈസ് നടത്തിയ കെമിക്കൽ പരിശോധനയിൽ തെളിഞ്ഞിരുന്നു. ഉണ്ടെന്ന് തെളിഞ്ഞിരുന്നെങ്കിൽ ലൈസൻസ് ഉടൻ റദ്ദാക്കിയേനെ.
പരിശോധന ശക്തമാക്കി സാമൂഹികാരോഗ്യ കേന്ദ്രം കുമരകം ∙ കള്ളുഷാപ്പുകളിലും ബാറുകളിലും സാമൂഹികാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗം പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെയും ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും മലിനമായ സാഹചര്യങ്ങളിൽ പാചകം ചെയ്യുന്നതുമായി കണ്ടെത്തിയ ഒന്നാം കലുങ്കിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ ഭക്ഷണം പാകം ചെയ്യലും വിതരണവും താൽക്കാലികമായി നിർത്തിവയ്ക്കാൻ ഹെൽത്ത് ഇൻസ്‌പെക്ടർ നോട്ടിസ് നൽകി. കുമരകത്തെ 2 സ്ഥാപനങ്ങൾക്കും പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നോട്ടിസ് നൽകി. തുടർദിവസങ്ങളിൽ പഞ്ചായത്ത്, ഭക്ഷ്യസുരക്ഷാ വിഭാഗം ഉൾപ്പെടെയുള്ള സംയുക്ത സ്ക്വാഡ് പരിശോധന നടത്തും. ഹെൽത്ത് ഇൻസ്പെക്ടർ എം.ബിബീഷ്, ഹെൽത്ത് സൂപ്പർവൈസർ കാളിദാസ്, സീനിയർ എച്ച്ഐമാരായ ഷിബു, നിജിത്ത് എന്നിവർ നേതൃത്വം നൽകി.


