കോട്ടയം: കോൺഗ്രസ് ഗ്രൂപ്പ് പോര് രൂക്ഷമായ കോട്ടയം ജില്ലയിൽ മൂന്ന് മണ്ഡലം പ്രസിഡൻ്റുമാരുടെ നിയമനം കെ പി സി സി മരവിപ്പിച്ചു. ചങ്ങനാശേരി നിയോജക മണ്ഡലത്തിലാണ് സംഭവം. കെ സി വേണുഗോപാലിനെയും കെ സുധാകരനേയും പിന്തുണയ്ക്കുന്ന പക്ഷത്തിനാണ് തിരിച്ചടി നേരിട്ടത്. നിയമനം മരവിപ്പിച്ചതിന് പിന്നിൽ കൊടിക്കുന്നിൽ സുരേഷെന്നാണ് ആരോപണം.
കെ സി ജോസഫിന് മേൽക്കൈയ്യുള്ള മണ്ഡലങ്ങളായ മാടപ്പള്ളി, ചങ്ങനാശ്ശേരി ടൗൺ വെസ്റ്റ്, ടൗൺ ഈസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് കെസി വേണുഗോപാൽ – തിരുവഞ്ചൂർ പക്ഷവും കെ സുധാകര പക്ഷവും തങ്ങളുടെ പ്രതിനിധികളെ മണ്ഡലം പ്രസിഡണ്ടായി നിയമിച്ചത്. മാടപ്പള്ളിയിൽ തിരുവഞ്ചൂർ അനുകൂലിയായ ജിൻസൺ മാത്യുവിനായിരുന്നു പ്രസിഡൻ്റ് സ്ഥാനം.
ചങ്ങനാശേരി ടൗൺ വെസ്റ്റ് അധ്യക്ഷ ഗീതാ ശ്രീകുമാർ കെ സുധാകരൻ്റെയും ചങ്ങനാശേരി ടൗൺ ഈസ്റ്റ് അധ്യക്ഷൻ ബാബു വള്ളപ്പുര കെ സി വേണുഗോപാലിൻ്റെയും നോമിനിയാണ്. മൂവരും കഴിഞ്ഞ ദിവസം ചുമതലയേൽക്കുകയും ചെയ്തിരുന്നു. തൊട്ടു പിന്നാലെയാണ് കെ സി ജോസഫ് വിഭാഗം, കൊടിക്കുന്നിൽ സുരേഷിനെ സ്വാധീനിച്ച് നിയമനം മരവിപ്പിച്ചത്. പകരം ചുമതല കെ സി ജോസഫിനെ പിന്തുണച്ചിരുന്ന മുൻ പ്രസിഡന്റുമാർക്ക് നൽകി.
നിയമനം മരവിപ്പിച്ചുള്ളതും പകരം ചുമതല നിർദ്ദേശിച്ചുള്ളതും ആയ കെപിസിസിയുടെ രണ്ട് കത്തുകളുടെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. കെപിസിസി സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്‌ണനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പാർലമെൻറ് തിരഞ്ഞെടുപ്പ് കഴിയും വരെയാണ് ഈ നിയമനമെന്നും സൂചനയുണ്ട്. കൊടിക്കുന്നിൽ സുരേഷിനൊപ്പം ചേർന്ന് കെ സി ജോസഫ് നടത്തിയ നീക്കങ്ങൾ വിജയിച്ചതോടെ ജില്ലയിൽ മറ്റൊരു ഗ്രൂപ്പു കൂടി സമീപ ഭാവിയിൽ ഉദയം ചെയ്തേക്കാമെന്നാണ് വിലയിരുത്തൽ.