കോട്ടയം : നാഗമ്പടത്ത് ഒഡീഷാ സ്വദേശിയെ കൊലപ്പെടുത്തിയ ശേഷം
പ്രതി റെയിൽവേ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതല്ല, പകരം തന്ത്രപരമായി കുടുക്കുകയായിരുന്നെന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പ്രതിയും മദ്യലഹരിയിലായ സുഹൃത്തും റെയിൽവേ പോലീസ് സ്റ്റേഷൻ പരിസരത്തു ബഹളം വെയ്ക്കുന്നത് ശ്രദ്ധയിൽ പെട്ട എ. എസ്. ഐ ബിജുമോൻ തന്ത്രപരമായി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയായിരുന്നു.
ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. തന്ത്രപരമായ ഇടപെടലിലൂടെ റെയിൽവേയിലെ എ.എസ്.ഐ ബിജുമോൻ നായർ വെളിച്ചത് കൊണ്ടുവന്നത് ക്രൂരമായ കൊലപാതകമാണ്.
കോട്ടയം സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ നിന്ന് രണ്ട് പേർ റെയിൽവേ പൊലീസ് സ്റ്റേഷന് സമീപം ഓടിയെത്തുകയായിരുന്നു. രണ്ടാമതായി എത്തിയ ഇതര സംസ്ഥാന തൊഴിലാളി മദ്യലഹരിയിലായിരുന്നു. തൊട്ടു പിന്നാലെ ഒരു റെയിൽവേ ഗുഡ്‌ഷെഡ് തൊഴിലാളിയും എത്തി.
സാധാരണ ഗതിയിൽ റെയിൽവേ പൊലീസ് സ്റ്റേഷനിലേയ്ക്ക് മദ്യലഹരിയിൽ എത്തുന്നവരെ താക്കീത് നൽകി പറഞ്ഞു വിടുകയാണ് പതിവ്. എന്നാൽ, പിന്നാലെയെത്തിയ ഇതരസംസ്ഥാന തൊഴിലാളിയുടെ സംസാരത്തിൽ സംശയം തോന്നിയ എ എസ് ഐ ബിജു മോൻ നായർ ഇവരെ തടഞ്ഞു വെയ്ക്കുകയായിരുന്നു.
ഗുഡ്‌ഷെഡിനു സമീപത്ത് എന്തോ അക്രമം ഉണ്ടായെന്ന സംശയം തോന്നിയ എ. എസ് ഐ. ബിജുമോൻ നായരും സഹപ്രവർത്തകരായ ഹഫീസിനും , അനസിനുമൊപ്പം ഇവരെ പലതവണ ചോദ്യം ചെയ്‌തെങ്കിലും കൊലപാതകത്തിലേക്ക് നയിക്കുന്ന വിവരങ്ങൾ പ്രതിയിൽ നിന്ന് ലഭിച്ചില്ല.
കോട്ടയം ജില്ലയിലെ പൊലീസിന്റെ സക്വാഡിൽ ജോലി ചെയ്തു പരിചയമുള്ള ബിജുമോൻ നായർ ഉടൻ തന്നെ കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെകടർ യു.ശ്രീജിത്തിനെ വിവരം അറിയിക്കുകയാണ് ഉണ്ടായത്. ഗുഡ്‌ഷെഡ് റോഡിൽ എന്തെങ്കിലും അനിഷ്ടസംഭവം ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും, സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ റെയിൽവേ പൊലീസ് സ്റ്റേഷനിൽ പിടിച്ചു വെച്ചിട്ടുണ്ടെന്നും അദ്ദേഹം സി.ഐയെ അറിയിച്ചു.
അതുപ്രകാരം രണ്ടു പൊലീസ് ഉദ്യോഗസ്ഥർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ചേരുകയും അവിടെ നിന്ന് നൽകിയ നിർദ്ദേശപ്രകാരം ഗുഡ്‌ഷെഡ് റോഡിൽ അന്വേഷണം നടത്തുകയുമായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. തുടർന്നു പൊലീസ് സംഘത്തിന് പ്രതിയായ ഒറീസ്സാ സ്വദേശിയെ കൈമാറുകയായിരുന്നു. ഒറീസ ഗോഞ്ചാം ജില്ല ബുർദ ശിശിറാ (27) ണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ ഒറീസ ബറംപൂർ ബറോദ്ദ രാജേന്ദ്ര ഗൗഡ (40) യുടെ അറസ്റ്റ് രേഖപ്പെടുത്തി ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
പ്രതിയെ നിമിഷങ്ങൾക്കകം അഴിയ്ക്കുള്ളിലാക്കിയത് ബിജുമോൻ നായരുടെ ജാഗ്രതയോടുള്ള ഇടപെടലാണ്. കോട്ടയം റെയിൽവേ പോലീസിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഇപ്പോൾ എ എസ് ഐ ബിജുമോൻ നായർ