ന്യൂഡൽഹി∙ മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ഓസ്കർ നാമനിർദേശം ലഭിച്ച എസ്.എസ്.രാജമൗലിയുടെ ആർആർആർ ചിത്രത്തിലെ ‘നാട്ടുനാട്ടു’ഗാനത്തിന് ചുവടുവച്ച് ഇന്ത്യയിലെ കൊറിയൻ അംബാസിഡറും സംഘവും. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ‘നാട്ടുനാട്ടു’ റീൽസുകൾ കണ്ടാണ് കൊറിയൻ അംബാസിഡർ ചാങ് ജെ ബോക്കും ഉദ്യോഗസ്ഥരും ട്രെൻഡിനൊപ്പം പോകാൻ തീരുമാനിച്ചത്.
വനിതാ ഉദ്യോഗസ്ഥർ കുർത്തയും ലഹങ്കയുമൊക്കെ ധരിച്ചെത്തിയപ്പോൾ പുരുഷന്മാരിൽ ചിലർ ഗാനത്തിൽ രാംചരണും ജൂനിയർ എൻടിആറും ധരിച്ച വസ്ത്രത്തിന് സമാനമായത് ധരിച്ചെത്തി. കൊറിയൻ എംബസി ഓഫിസിനു മുന്നിലും പൂന്തോട്ടത്തിലുമായാണ് ചിത്രീകരണം. വിഡിയോ നിമിഷനേരംകൊണ്ട് ലക്ഷക്കണക്കിന് ആളുകൾ കണ്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഡിയോ കണ്ട് എംബസി അംഗങ്ങളെ പ്രശംസിച്ചു. മനോഹരമായ, മികച്ച ടീം പ്രയത്നം എന്നാണ് അദ്ദേഹം കുറിച്ചത്. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു, കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് ഠാക്കൂർ എന്നിവരും കൊറിയൻ എംബസി ഉദ്യോഗസ്ഥരെ പ്രശംസിച്ചു.
അതേസമയം, ഗോൾഡൻ ഗ്ലോബിനു പിന്നാലെ നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ ആർആർആറിന് ലഭിക്കുന്നുണ്ട്. കഴിഞ്ഞദിവസം നടന്ന ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്സില്‍ മൂന്നു വിഭാഗങ്ങളിലാണ് ‘ആര്‍ആര്‍ആര്‍’ അവാര്‍ഡ് കരസ്ഥമാക്കിയത്. മികച്ച രാജ്യാന്തര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷന്‍ ചിത്രം എന്നീ വിഭാഗങ്ങളിലാണ് ആര്‍ആര്‍ആറിന്റെ അവാര്‍ഡ് നേട്ടം.