കോഴിക്കോട്: കൂടത്തായ് കേസിൽ സി.പി.എം. പ്രാദേശിക നേതാവ് കൂറുമാറി. കോഴിക്കോട് കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറി പ്രവീൺ കുമാറാണ് കൂറുമാറിയത്. ഒന്നാം പ്രതി ജോളിക്കും നാലാംപ്രതി മനോജിനും അനുകൂലമായി മൊഴി നൽകുകയായിരുന്നു. ഇതാദ്യമായാണ് കേസിൽ ഒരാൾ കൂറുമാറുന്നത്.
കേസിൽ 46 സാക്ഷികളെ വിസ്തരിച്ചതിൽ ഒന്നാംപ്രതി ജോളിയുടെ സഹോദരന്മാർ അടക്കം പ്രോസിക്യൂഷന് അനുകൂല മൊഴി നൽകിയിരുന്നു. എന്നാൽ, ഇതിനിടെയായിരുന്നു പ്രവീണിന്റെ കൂറുമാറ്റം. ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ് ഇയാൾ.
നാലാംപ്രതി മനോജിന്റെ കേസുമായി ബന്ധപ്പെട്ട് മഹസർ സാക്ഷിയായിട്ടാണ് പ്രവീൺകുമാർ ഉള്ളത്. എന്നാൽ പോലീസ് പറഞ്ഞത് പ്രകാരമാണ് താൻ ഒപ്പിട്ടതെന്നും പോലീസ് പറയുന്നിടത്തെല്ലാം താൻ ഒപ്പിടാറുണ്ടെന്നുള്ള മൊഴിയാണ് പ്രത്യേക വിചാരണ കോടതിയിൽ പ്രവീൺ കുമാർ നൽകിയത്.