പത്തനംതിട്ട : രാഷ്ട്രീയ തർക്കങ്ങൾക്കും അവകാശ വാദങ്ങൾക്കും ഒടുവിലാണ് കോന്നി മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാകുന്നത്. നിർമ്മാണത്തിന്റെ തുടക്കം മുതൽ നിരവധി ആരോപണങ്ങളാണ് മെഡിക്കൽ കോളേജിനെ ചുറ്റിപറ്റിയുണ്ടായിരുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും മെഡിക്കൽ കോളേജ് തന്നെയായിരുന്നു കോന്നിയിലെ പ്രധാന വിഷയം
ആദ്യം എതിർത്തവർ പിന്നെ അനുകൂലിച്ചും അന്ന് അനുകൂലിച്ചവരെല്ലാം ഇന്ന് എതിർക്കുകയും ചെയ്ത കോന്നി മെഡിക്കൽ കോളേജ്. ശിലാസ്ഥാപനം മുതൽ വിവാദങ്ങളായിരുന്നു കോന്നി മെഡിക്കൽ കോളേജിന് കൂട്ട്. 2015 ൽ അന്നത്ത ആരോഗ്യമന്ത്രിയായിരുന്ന അടൂർ പ്രകാശാണ് സ്വന്തം മണ്ഡലത്തിൽ മെഡിക്കൽ കോളേജ് വിഭാവനം ചെയതതത്. സിപിഎമ്മിന്റെ എതിർപ്പ് മറികടന്നാണ് കോന്നിയിലെ ആനകുത്തിയിൽ പാറപൊട്ടിച്ചും മലയിടിച്ചും കെട്ടിട സമുച്ചയത്തിന് നിർമ്മാണം തുടങ്ങിയതും. മുക്കാൽ ഭാഗം പിന്നിട്ടപ്പോൾ പണം കിട്ടാതെ നിർമ്മാണം മുടങ്ങി. കരാർ കന്പനി പദ്ധതി ഉപേക്ഷിച്ച് പോയി. യുഡിഎഫ് സർക്കാർ മാറി ഇടത് സർക്കാർ വന്നു.
ആനയിറങ്ങുന്ന ചെങ്കുത്തായ സ്ഥലം മെഡിക്കൽ കോളേജിന് അനുയോജ്യമല്ലെന്നായിരുന്നു അന്നത്തെ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ നിലപാട്. എന്നാൽ കോന്നി ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ യു ജനീഷ്കൂമാർ മണ്ഡലം പിടിച്ചതോടെ മെഡിക്കൽ കോളെജിന് കൂടുതൽ പരിഗണന.
ജനീഷ്കുമാറിന്റെ നിരന്തര ഇടപെടൽ കൂടിയായതോടെ നിർമ്മാണ പ്രവർത്തനത്തിന് ഫണ്ട് അനുവദിച്ച് പണികൾ പൂർത്തിയാക്കി. ഓപിയും ഐപിയും തുടങ്ങി. കെ കെ ശൈലജ തന്നെ ആശുപത്രി ഉദ്ഘാടനം ചെയ്തു. പിന്നീട് എംബിബിഎസ് സീറ്റിന് വേണ്ടിയുള്ള ശ്രമം. പല തവണ മെഡിക്കൽ കമ്മീഷൻ പരിശോധനയിൽ അനുമതി തള്ളിപ്പോയി. ഒടുവിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ അനുമതി കിട്ടുന്പോൾ പന്ത് കെ യു ജനീഷ്കൂമാറിന്റെ പോസ്റ്റിലാണ്
രാഷ്ട്രീയ വാദപ്രതിവാദങ്ങൾ നിലനിൽക്കുന്പോഴും 100 സീറ്റുള്ള മെഡിക്കൽ കോളേജും ആശുപത്രിയും പത്തനംതിട്ട കൊല്ലം ജില്ലകളുടെ മലയോര മേഖലയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണ്