കൊല്ലം സുധിയെന്ന നടന്റെ മരണത്തിലൂടെ പ്രതിഭാശാലിയായ ഒരു കലാകാരനെ മലയാളത്തിന് നഷ്ടപ്പെട്ടു. അപ്രതീക്ഷിതമായി സംഭവിച്ച വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ്. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെ ഭാര്യയെ ഏൽപ്പിച്ചാണ് എന്നന്നേക്കുമായി സുധി യാത്ര പറഞ്ഞ് പോകുന്നത്.
കുടുംബമായിരുന്നു സുധിക്ക് എല്ലാം. സ്വന്തമായി ഒരു വീട് കെട്ടിപൊക്കാനുള്ള പരക്കം പാച്ചിലിനിടെയാണ് മരണം കാറപകടത്തിന്റെ രൂപത്തിൽ സുധിയിലേക്ക് വന്നത്.
കഴിഞ്ഞ ദിവസം വടകരയിൽ നടന്ന 24ന്യൂസിന്റെ ഒരു പരിപാടിയിൽ സുധിയും അതിഥിയായി പങ്കെടുക്കുകയും മിമിക്രി അവതരിപ്പിക്കുകയും ചെയ്തിരുന്നു. ബിനു അടിമാലിക്കൊപ്പം കൗണ്ടറുകൾ പറഞ്ഞ് തന്റെ മാസ്റ്റർ പീസ് ഐറ്റമായ നടൻ ജഗദീഷിനെ അനുകരിക്കുന്ന സുധിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നുണ്ട്.
24ന്യൂസിന്റെ സ്നേഹോപഹാരം കൂടി ഏറ്റ് വാങ്ങിയാണ് വടകരയിലെ പരിപാടിയിൽ നിന്നും സുധി മടങ്ങിയത്.
അപകടം നടക്കുമ്പോൾ ബിനു അടിമാലിയും സുധിക്കൊപ്പമുണ്ടായിരുന്നു. പരിക്കുകളോടെ ബിനു അടിമാലി ചികിത്സയിലാണ്. നല്ലപാതിയുടെ വേർപാട് ഭാര്യ രേണുവിന് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. സുധി ഇനി വരില്ലെന്ന സത്യം ഉൾക്കൊള്ളാൻ പറ്റുന്നില്ലെന്ന് പറഞ്ഞ് തളർന്ന് വീണ് കരയുകയാണ് രേണു.
ഇരുവരുടേയും മകൻ ഋതുൽ അച്ഛൻ എപ്പോൾ തിരിച്ച് വരുമെന്ന് ചോദിച്ചുകൊണ്ടേയിരിക്കുന്നു. പല്ലുവേദനയും വെച്ചാണ് പരിപാടിയിൽ പങ്കെടുക്കാൻ സുധി പോയതെന്നും രാവിലെ ആശുപത്രിയിൽ പോകാനായി തീരുമാനിച്ച് വെച്ചിരുന്നതാണെന്നും സുധിയുടെ ഭാര്യ രേണു പറഞ്ഞു.
‘സുധിച്ചേട്ടാ… എനിക്ക് ഇനി ആരുണ്ട്?. എന്തിനാ അവിടെ പോയത്… എന്നോട് പെട്ടന്ന് വരാമെന്ന് പറഞ്ഞിരുന്നതല്ലേ… പോകണ്ടാന്ന് ഞാൻ പറഞ്ഞതല്ലേ…?. സുധിച്ചേട്ടാ എന്നെ വിട്ട് പോയല്ലോ. എനിക്ക് സുധി ചേട്ടനെ കാണണ്ട. എനിക്ക് ഇത് വിശ്വസിക്കാൻ പറ്റുന്നില്ല. സുധിച്ചേട്ടൻ ഇനി വരത്തില്ലല്ലോ… വാവൂട്ടാന്ന് വിളിക്കില്ലല്ലോ… എനിക്ക് ഇത് അംഗീകരിക്കാൻ പറ്റുന്നില്ല.’
‘ഒന്നും ഉണ്ടാക്കി തന്നില്ലെന്ന സങ്കടമായിരുന്നു എപ്പോഴും. വീടൊക്കെ നിനക്ക് ഉണ്ടാക്കി തന്നിട്ടേ ഞാൻ പോകൂവെന്ന് ഇടയ്ക്കിടെ പറയുമായിരുന്നു. ഇന്നലെ വീഡിയോ കോൾ വിളിച്ച് മോനെ കണ്ടപ്പോഴും സങ്കടമായിരുന്നു. ഒരു ദിവസം പോലും സമാധാനത്തിൽ ഇരുന്നിട്ടില്ല പാവം… എപ്പോഴും ടെൻഷനായിരുന്നു’ ഭാര്യ രേണു വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ കരയുന്നു.
സുധിയുടെ മൂത്ത മകൻ രാഹുൽ ആശുപത്രിയിലെ മോർച്ചറിയിലെത്തി മൃതദേഹം കണ്ടിരുന്നു. അച്ഛന്റെ ജീവനില്ലാത്ത ശരീരം കണ്ട് പൊട്ടിക്കരയുന്ന രാഹുലിനെ സമാധാനിപ്പിക്കാൻ ഒപ്പമുണ്ടായിരുന്നവരും പാടുപെട്ടു. രാഹുൽ കൈക്കുഞ്ഞായിരുന്ന സമയത്താണ് സുധിയുടെ ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയത്. മകനെ സ്റ്റേജിന് പിറകിൽ ഉറക്കി കിടത്തി ചിരിയും മുഖത്ത് നിറച്ച് സ്കിറ്റ് കളിച്ചിരുന്ന കാലത്തെ കുറിച്ച് നിറകണ്ണുകളോടെയാണ് ഒരിക്കൽ സുധി സഹപ്രവർത്തകരോട് പറഞ്ഞത്.
ശേഷമാണ് രേണുവിനെ താരം വിവാഹം ചെയ്തതും അതിൽ ഒരു മകൻ പിറന്നതും. കൊവിഡ് കാലത്ത് വീട് പണിയുമായി ബന്ധപ്പെട്ട് സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിച്ചപ്പോൾ നടി സാധിക വേണുഗോപാൽ അടക്കം മനസറിഞ്ഞ് സഹായിച്ചതിനെ കുറിച്ചും സുധി വെളിപ്പെടുത്തിയിരുന്നു.
സ്റ്റാർ മാജിക്ക് ഷോയിൽ പങ്കെടുക്കാൻ തുടങ്ങിയതോടെയാണ് സുധിയെ കുടുംബപ്രേക്ഷകർ കൂടുതൽ അടുത്ത് അറിഞ്ഞ് തുടങ്ങിയത്. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ അടക്കമുള്ള സിനിമകളിലെ സുധിയുടെ കഥാപാത്രങ്ങളും ജനശ്രദ്ധ നേടിയവയാണ്. സുധിയുടെ വേർപാട് കലാലോകത്തിനും തീരാനഷ്ടമാണ്.