കോട്ടയം: വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ കൊല്ലം സുധിയുടെ സംസ്കാരം ചൊവ്വാഴ്ച നടക്കും. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. ചൊവ്വ പുലർച്ചെ മൃതദേഹം വീട്ടിലെത്തിക്കും.
10 മണിയോടെ കോട്ടയം വാകത്താനം പൊങ്ങന്താനം എംഡി യുപി സ്കൂളിലും തുടർന്ന് 11ന് വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം 2 മണിക്ക് റീഫോർവേഡ് പള്ളിയുടെ തോട്ടയ്ക്കാട് പാറക്കാമല സെമിത്തേരിയിൽ നടക്കും.
ജനിച്ചു വളർന്നത് കൊല്ലത്ത് ആണെങ്കിലും ആറു വർഷമായി വാകത്താനം പൊങ്ങന്താനത്ത് സ്ഥിരതാമസം ആയിരുന്നു സുധിയും കുടുംബവും.
വാഹനാപകടത്തില്‍ മരണപ്പെട്ട നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയെ അവസാനമായി കാണാൻ സിനിമ- സാംസ്‌കാരിക മേഖലയിലെ നിരവധി പേര്‍ എത്തി. മൃതദേഹം പൊതുദര്‍ശനത്തിന് വച്ച കാക്കനാട്ടേക്ക് സുരേഷ് ഗോപി, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമൂട്, ലക്ഷ്മിപ്രിയ, ശ്രീവിദ്യ മുല്ലച്ചേരി, ഹൈബി ഈഡന്‍ എന്നിവര്‍ എത്തി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
നേരിട്ട് കണ്ടിട്ടില്ലെങ്കിലും തനിക്ക് ഭയങ്കര ഇഷ്ടമുള്ള ആളായിരുന്നു സുധിയെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. സഹപ്രവര്‍ത്തകരില്‍ പലരും സങ്കടം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞു. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ചൊവ്വാഴ്ച കോട്ടയത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകും.
തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് തൃശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ച് വാഹനം അപകടത്തില്‍പ്പെടുന്നത്. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞു പോകുമ്പോഴായിരുന്നു അപകടം. സുധി സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിലെ കൊടുങ്ങല്ലൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നടന്‍ ബിനു അടിമാലി, മഹേഷ്, ഉല്ലാസ് അരൂര്‍ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉല്ലാസ് അരൂര്‍ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. മുന്‍ സീറ്റിലായിരുന്നു സുധി ഇരുന്നിരുന്നത്. സുധിയെ എയര്‍ബാഗ് മുറിച്ചാണ് പുറത്തേക്കെടുത്തതെന്നും ചോരയില്‍ കുളിച്ച നിലയിലായിരുന്നു സുധിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
മഹേഷിനെ അമൃത ആശുപത്രിയിലും ബിനു അടിമാലിയെ മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. ബിനുവിന് ഗുരുതര പ്രശ്നങ്ങളില്ലെന്നും സ്‌കാനിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞെന്നുമാണ് കലാഭവന്‍ പ്രസാദ് അറിയിച്ചത്. മഹേഷിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നും കലഭാവന്‍ പ്രസാദ് അറിയിച്ചിരുന്നു.