കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പദ്മകുമാറിന്റെ ചോദ്യം ചെയ്യൽ ശനിയാഴ്ച പുലർച്ചെ മൂന്ന് മണി വരെ നീണ്ടു. അടൂർ കെ എ പി മൂന്നാം ബറ്റാലിയൻ ക്യാമ്പിലാണ് ചോദ്യം ചെയ്യൽ. എ ഡി ജി പി, ഡി ഐ ജി എന്നിവർ നിലവിൽ ക്യാമ്പിൽ തന്നെ തുടരുകയാണ്. മറ്റ് ഉദ്യോഗസ്ഥർ രാവിലെ തിരികെ എത്താൻ നിർദ്ദേശം നൽകിയതായും വിവരം.
വെള്ളിയാഴ്ച രാത്രി 9 30 ന് എ ഡി ജി പി എം ആർ അജിത് കുമാർ മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു. എന്നാൽ ചോദ്യം ചെയ്യൽ നീണ്ടതോടെ ഇത് ഒഴിവാക്കി. അതേ സമയം പദ്മാറിന്റെ മൊഴിയിലെ വൈരുദ്ധ്യം പോലീസിനെ വലയ്ക്കുന്നുണ്ട്. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണോ എന്ന സംശയം ഉദ്യോഗസ്ഥർക്കുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തമിഴ്നാട് അതിർത്തിയിലെ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയിൽ നിന്ന് ചാത്തന്നൂർ മാമ്പള്ളികുന്നം കവിതരാജിൽ പദ്മകുമാർ, ഭാര്യ അനിത , മകൾ അനുപമ എന്നവർ പോലീസ് പിടിയിലാവുന്നത്. പുളിയറയിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇവർ.
ആറ് വയസ്സുകാരി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് തയ്യാറാക്കിയ രേഖാ ചിത്രവുമായി സാമ്യമുള്ളവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് പദ്മകുറിലേക്ക് എത്തിയത്.
മകളുടെ നഴ്സിംഗ് പ്രവേശനത്തിനായി റെജിക്ക് അഞ്ച് ലക്ഷം രൂപ നൽകിയിരുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് എത്തിച്ചത് എന്ന് ഇയാൾ പോലീസിനോട് പറഞ്ഞതായിട്ടാണ് വിവരം.
ബി ടെക് ബിരുദധാരിയായ ഇയാൾ നേരത്തെ കേബിൾ ടി വി ബിസിനസ് നടത്തിയിരുന്നു. ഇപ്പോൾ ബേക്കറിയും ഫാമും ഉണ്ട്. കുട്ടിയുടെ പിതാവ് റെജിയുമായി മറ്റെന്തെങ്കിലും സാമ്പത്തിക ഇടപാടോ വിരോധമോ ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം ആണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുത്ത ദിവസം ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ട്യൂഷൻ കഴിഞ്ഞ് പോകും വഴിയാണ് കുട്ടിയെ വെള്ള കാറിലെച്ചിയ സംഘം തട്ടിക്കാണ്ടുപോയത്.കുട്ടി സുരക്ഷിതയാണെന്നും അഞ്ച് ലക്ഷം രൂപ നൽകിയാൽ മോചിപ്പിക്കാമെന്നും അറിയിച്ച് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് കോൾ വന്നു. പിന്നാലെ പത്ത് ലക്ഷം ആവശ്യപ്പെട്ട് വീണ്ടും കോൾ വന്നു. രാത്രിയിലുട നീളം പോലീസും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല. പിന്നീട് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം തന്നെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു