പത്മകുമാറിന് വന്‍ കടബാധ്യത? തട്ടിക്കൊണ്ടുപോകല്‍ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍; ഭാര്യയും മകളും അറസ്റ്റില്‍
കൊല്ലം: ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പിടിയിലായ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ ആര്‍ പത്മകുമാര്‍ (52), ഭാര്യ എം ആര്‍ അനിത കുമാരി (45), മകള്‍ പി അനുപമ (20) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് മൂന്ന് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.
അടൂര്‍ കെ എ പി ക്യാംപില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. 10 മണിക്കൂറാണ് പത്മകുമാറിനെയും കുടുംബത്തെയും പൊലീസ് ചോദ്യം ചെയ്തത്. എ ഡി ജി പിയും ഡി ഐ ജിയും അടൂര്‍ കെ എ പി ക്യാംപില്‍ തന്നെ തുടരുകയാണ്. ആറ് വയസുകാരിയുടെ അച്ഛനുമായുള്ള സാമ്പത്തിക ഇടപാടാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ കാരണം എന്ന് പത്മകുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.
എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചിരുന്നില്ല. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പത്മകുമാര്‍ മൊഴി അടിക്കടി മാറ്റുകയാണ് എന്നാണ് വിവരം. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന പത്മകുമാര്‍ ഇത് വീട്ടാനാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പത്മകുമാര്‍ ലോണ്‍ ആപ്പുകളില്‍ നിന്നും വായ്പ എടുക്കുകയും ക്രെഡിറ്റ് കാര്‍ഡ് വഴി പണം കൈപ്പറ്റുകയും ചെയ്തിരുന്നു എന്നാണ് വിവരം.
ഇത് സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് തേടുന്നുണ്ട്. അതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ സഹോദരന്റെ കയ്യില്‍ കൊടുക്കാന്‍ ശ്രമിച്ചത് ഭീഷണിക്കത്താണെന്നു പ്രതികള്‍ പൊലീസിനോട് പറഞ്ഞതായാണ് പുറത്ത് വരുന്ന വിവരം. പണം തന്നാല്‍ കുട്ടിയെ വിട്ടുതരാം എന്നായിരുന്നു കത്തിലുണ്ടായിരുന്നത്. കുട്ടിയുടെ പിതാവില്‍ നിന്നും പത്ത് ലക്ഷം വാങ്ങിയെടുക്കുകയായിരുന്നു ഉദ്ദേശ്യം.
തട്ടിക്കൊണ്ടുപോകാന്‍ മറ്റൊരു സംഘം കൂടി കുടുംബത്തെ സഹായിച്ചിട്ടുണ്ടോ എന്നും പൊലീസ് തേടുന്നുണ്ട്. ഇന്നലെയാണ് കൊല്ലം പൊലീസ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. പുളിയറ പുതൂരിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചിറങ്ങവേയാണ് മൂവരും പിടിയിലായത്. പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞിരുന്നു. നവംബര്‍ 27 നാണ് കൊല്ലം ഓയൂരില്‍ സഹോദരനൊപ്പം മടങ്ങുകയായിരുന്ന ആറ് വയസുകാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.
പിന്നീട് പിറ്റേ ദിവസം ഉച്ചയോടെ ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച കാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.