തിരുവനന്തപുരം: ഷാർജയിൽ കൊല്ലം സ്വദേശി അതുല്യ മരിച്ച സംഭവത്തിൽ ഭര്‍ത്താവ് സതീഷ് ശങ്കര്‍ അറസ്റ്റില്‍. യുഎഇയില്‍നിന്ന് നാട്ടിലെത്തിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വിമാനമിറങ്ങിയ ഇയാളെ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെയ്ക്കുകയും വലിയതുറ പോലീസിന് കൈമാറുകയുമായിരുന്നു. സതീഷ് നിലവില്‍ വലിയതുറ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാള്‍ക്കെതിരേ കൊല്ലം പോലീസ് നേരത്തേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ജൂലായ് 19-നാണ് കൊല്ലം ചവറ തെക്കുംഭാഗം കോയിവിള സ്വദേശിനി അതുല്യ(30)യെ ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ നിരന്തരം പീഡനവും ഉപദ്രവുമാണ് അതുല്യയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പരാതി.
ഭര്‍ത്താവിന്റെ ഉപദ്രവം സംബന്ധിച്ച് അതുല്യ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയതിന്റെ ശബ്ദരേഖയും ഭര്‍ത്താവ് ഉപദ്രവിക്കുന്ന വീഡിയോദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ ദുബായില്‍ സൈറ്റ് എന്‍ജിനീയറായ സതീഷിനെ കമ്പനി ജോലിയില്‍നിന്ന് പിരിച്ചുവിടുകയുംചെയ്തിരുന്നു.


