കണ്ണൂര്‍: എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതില്‍ വീണ്ടും പരസ്പരം ഒത്തുകളി ആരോപിച്ച് കോണ്‍ഗ്രസും സിപിഐഎമ്മും. തലേശേരിയില്‍ കോലീബി ഗൂഢാലോചനയെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. നേരത്തെയും മണ്ഡലത്തില്‍ കോലീബി സഖ്യമുണ്ടായിരുന്നു. ബിജെപി ജില്ലാ അധ്യക്ഷന്റെ പത്രിക തള്ളിയത് നിസാരമായി തള്ളിക്കളയാന്‍ ആകില്ല.
സാധാരണ പത്രിക വളരെ വ്യക്തമായി പരിശോധിക്കാതെ കൊടുക്കാറില്ല. ഒരാള്‍ക്ക് മൂന്ന് അല്ലെങ്കില്‍ നാല് സെറ്റ് പത്രിക സമര്‍പ്പിക്കാം. സാധാരണ ഉദ്യോഗസ്ഥര്‍ തെറ്റ് ചൂണ്ടിക്കാണിക്കാറുണ്ട്. അങ്ങനെ തിരുത്താറുമുണ്ട്. പക്ഷേ ഇത് കരുതിക്കൂട്ടി ശരിയാകരുതെന്ന് വിചാരിച്ച് സമര്‍പ്പിച്ചപോലെ തോന്നുവെന്നും കെ കെ ശൈലജ. കോണ്‍ഗ്രസ് ബിജെപി കൂട്ടുകെട്ടിന് ഇത് സാധ്യത കൂട്ടുന്നുവെന്നും മന്ത്രി.
അതേസമയം പ്രസ്താവനയ്ക്ക് എതിരെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. ബിജെപി- സിപിഐഎം ബന്ധം പകല്‍ പോലെ പുറത്തുവന്നപ്പോഴുള്ള ജാള്യത മറക്കാന്‍ ആണ് സിപിഐഎം ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. തലശേരിയില്‍ കോണ്‍ഗ്രസിന് ബിജെപി പത്രിക തള്ളിയാല്‍ ജയിക്കാം എന്നാണോ എന്നത് ആരെങ്കിലും വിശ്വസിക്കുമോ?, തലശേരിയില്‍ സിപിഐഎമ്മാണ് ജയിക്കാന്‍ മുന്നില്‍ നില്‍ക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.