തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ റിന്‍സി കൊലപാതകത്തിലെ (Kodungallur Rincy Murder) പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറിയാട് ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച്ച രാത്രിയാണ് റിയാസ് മക്കളുടെ മുമ്പില്‍വെച്ച് റിന്‍സിയെ അതിക്രൂരമായി ആക്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ റിയാസിനായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെയോടെ റിയാസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
എറിയാട് കേരളവർമ്മ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം തുണിക്കട നടത്തുകയായിരുന്നു കൊല്ലപ്പെട്ട റിൻസി. ജോലി കഴിഞ്ഞ് ഏഴരയ്ക്ക് കട അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങവേയാണ് റിന്‍സിയെ റിയാസ് തടഞ്ഞുനിര്‍ത്തി വെട്ടിയത്. തലയ്ക്കും കഴുത്തിനും ഉള്‍പ്പെടെ 30 ലേറെ വെട്ടുകളാണ് റിന്‍സിക്കേറ്റത്. മൂന്ന് കൈ വിരലുകള്‍ അറ്റനിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിൻസി ചികിത്സയിലിരിക്കെയാണ് മരിച്ചത്.
റിയാസിന്‍റെ ശല്യത്തെക്കുറിച്ച് പൊലീസില്‍ റിൻസി നേരത്തെ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസ് റിയാസിനെ താക്കീസ് ചെയ്ത് വിട്ടയക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. റിൻസി ആക്രമിക്കപ്പെട്ട സ്ഥലത്തിന് അര കിലോമീറ്റർ അകലെ ഒഴിഞ്ഞ പറമ്പിൽ നിന്നും റിയാസ് ഉപയോഗിച്ചതെന്ന് കരുതുന്ന വെട്ടുകത്തി കണ്ടെത്തിയിരുന്നു.