തിരുവനന്തപുരം: 2015-ല്‍ ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ സമ്മേളന വേദിയില്‍ നിന്ന് സംഘര്‍ഷഭരിതമായ അന്തരീക്ഷമാണ് കോടിയേരി ബാലകൃഷ്ണനെ കാത്തിരുന്നത്. തൊട്ടടുത്ത വര്‍ഷം 2016-ല്‍ സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്നു. മുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഎമ്മിനെ സംബന്ധിച്ച് ഓര്‍ക്കാന്‍ അത്രയൊന്നും ഇഷ്ടപ്പെടുന്നതല്ല അക്കാലം.
ഭരണത്തിലിരിയ്ക്കുന്ന യുഡിഎഫ് അധികാരം നിലനിര്‍ത്തുമെന്ന പ്രതീതി ശക്തമായിരുന്നു അന്ന്. നേതാക്കളായ പിണറായിയും വിഎസും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായിരുന്നു. സമ്മേളന നഗരിയില്‍ നിന്ന് നടപടിക്രമങ്ങള്‍ പാതിവഴിയിലാക്കി വി.എസ് പിണങ്ങി പോയി. അദ്ദേഹത്തെ മടക്കിക്കൊണ്ടുവരാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും വഴങ്ങാതെ വി.എസ് അന്നത്തെ തന്റെ ഒദ്യോഗിക വസതിയായ തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് ഹൗസിലേക്ക് തിരിച്ചു.
വിഎസ് എന്ന വന്‍മരം സിപിഎം വിടുമെന്നും അല്ലെങ്കില്‍ പുറത്താക്കുമെന്ന അഭ്യൂഹം ശക്തമായി. കേരളം തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ സിപിഎമ്മിന് താങ്ങാനാവുന്നതിലും വലുതായിരുന്നു അത്. എന്നാല്‍ അവിടെയാണ് കോടിയേരി ബാലകൃഷ്ണനെന്ന നേതാവിന്റെ ഇടപെടലും അനുരഞ്ജനവും ഫലപ്രദമായത്. ഒരര്‍ഥതത്തില്‍ അതായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. വിഎസ്- പിണറായി പോര് രൂക്ഷമായപ്പോഴും വിഭാഗീയതയില്‍ പാര്‍ട്ടി ആടിയുലഞ്ഞപ്പോഴും സിപിഎമ്മിലെ ക്രൈസിസ് മാനേജറുടെ റോള്‍ ഭംഗിയായി കോടിയേരി നിര്‍വഹിച്ചു.
സെക്രട്ടറി പദം ഏറ്റെടുക്കുമ്പോള്‍ പാര്‍ട്ടി സംസ്ഥാനത്തില്‍ അധികാരത്തില്‍ വരുമോ എന്ന് സംശയിച്ചിരുന്ന ഘട്ടത്തില്‍ നിന്ന് 2022 ഓഗസ്റ്റ് 28-ന് സ്ഥാനം ഒഴിയുമ്പോള്‍ സിപിഎമ്മില്‍ വിഭാഗീയതയുടെ ഇരുണ്ട കാര്‍മേഖങ്ങളില്ല. അധികാരത്തിലെത്തുമോ എന്ന ഭയന്ന അവസ്ഥയില്‍ നിന്ന് സിപിഎം നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ തുടര്‍ഭരണമെന്ന ചരിത്രവും കുറിച്ച് ഏഴാം വര്‍ഷത്തിലേക്ക് എത്തി നില്‍ക്കുന്നു. ഇതിന് സിപിഎം കോടിയേരി ബാലകൃഷ്ണനോടല്ലാതെ മറ്റാരോടാണ് കടപ്പെട്ടിരിക്കുന്നത്?
പിണറായി വിജയനുമായി എന്നും നല്ല ബന്ധം സൂക്ഷിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. വിഭാഗീയതയ്ക്കൊടുവില്‍ വിഎസ് പക്ഷത്ത് നിന്ന നേതാക്കളെ പിണറായി പക്ഷത്ത് എത്തിക്കുന്നതിലും കോടിയേരി വഹിച്ചത് നിര്‍ണായക പങ്കാണ്. പാര്‍ട്ടിയില്‍ ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാകും മുന്‍ഗണന. മറ്റൊരു പരിഗണനയും അതില്‍ ഉണ്ടാകില്ല- 2015-ല്‍ ആലപ്പുഴ സംസ്ഥാനസമ്മേളനത്തില്‍ സി.പി.എം. സംസ്ഥാനസെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഉറപ്പാണിത്.
ഏഴുവര്‍ഷത്തിനിപ്പുറം ആ ഉറപ്പുപാലിച്ച് പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ചയും സംഘടനാശക്തിയും നല്‍കിയാണ് കോടിയേരി സ്വയംവിരമിക്കുന്നത്. കോടിയേരി സ്ഥാനം ഒഴിഞ്ഞപ്പോള്‍ 2015ല്‍ ഉണ്ടായ കാറും കോളും നിറഞ്ഞ അവസ്ഥയില്‍ നിന്ന് ശക്തമായ സംവിധാനത്തിലാണ് സിപിഎം. വിഭാഗീയത പ്രശ്നം പാര്‍ട്ടിയിലുണ്ടായിരുന്നു. അതെല്ലാം ദേശീയനേതൃത്വത്തിന്റെ സഹായത്തോടെ പരിഹരിക്കുകയും ചെയ്തുവെന്നാണ് പിന്നീട് കോടിയേരി നടത്തിയ പ്രതികരണം.
പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് പുതുനിരയെ കൊണ്ടുവന്നാണ് സംഘടനാതലത്തില്‍ കോടിയേരിയുടെ നേതൃത്വത്തില്‍ പരിവര്‍ത്തനമുണ്ടാക്കിയത്. നിയമസഭാതിരഞ്ഞെടുപ്പില്‍ രണ്ടും ടേം കഴിഞ്ഞവരെ മാറ്റിനിര്‍ത്താമെന്ന മാനദണ്ഡമാണ് പാര്‍ലമെന്ററി തലത്തിലെ പരിവര്‍ത്തനമാക്കിയത്.2021-ല്‍ എറണാകുളത്ത് വീണ്ടും പാര്‍ട്ടിസമ്മേളനം നടന്നപ്പോള്‍’ നവകേരളത്തിനുള്ള നയരേഖ’യാണ് അവതരിപ്പിച്ചത്. ഇതും കോടിയേരി നേതൃത്വം നല്‍കിയ പാര്‍ട്ടിയുടെ ഒരുപരിവര്‍ത്തനഘട്ടമായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തായി ഇ.കെ. നായനാര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയമന്ദിരം ഉദ്ഘാടനച്ചടങ്ങാണ് പാര്‍ട്ടി സെക്രട്ടറിയായി കോടിയേരി പങ്കെടുത്ത ഒടുവിലത്തെ ചടങ്ങ്. അതില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു-”വിശക്കുന്നവന് ഭക്ഷണവും രോഗികള്‍ക്ക് ചികിത്സയും ഉറപ്പുവരുത്താനാകുന്ന പ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനമാണ്. സഹായിക്കാനാളുണ്ടെന്നും കൂടെ നമ്മളുണ്ടെന്നും ജനങ്ങള്‍ക്ക് തോന്നുമ്പോഴുമാണ് പാര്‍ട്ടി ശക്തമാകുക.
പാര്‍ട്ടിയും സര്‍ക്കാരും രണ്ട് തട്ടില്‍ എന്ന പ്രശ്നം ഒരിക്കലും കോടിയേരി-പിണറായി സഖ്യം നേരിട്ട പ്രശ്നമായിരുന്നില്ല. പിണറായിയാണ് സര്‍ക്കാരും പാര്‍ട്ടിയുമെല്ലാം, എല്ലാം പിണറായി തീരുമാനമെടുക്കുന്ന കമ്പനിയായി സിപിഎം മാറി എന്ന ആക്ഷേപവും ശക്തമായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ കാര്യങ്ങളില്‍ പാര്‍ട്ടി അനാവശ്യമായി ഇടപെടാറില്ലെന്നും തിരുത്തേണ്ടവ തിരുത്തുമെന്നും കോടിയേരി തുറന്ന് പറഞ്ഞു. നയപരമായ ഒരു കാര്യവും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ പിണറായി മുന്നോട്ട് പോയിട്ടില്ലെന്ന് കോടിയേരി പറഞ്ഞതോടെ ഒരു പരിധിവരെ പിണറായിസമെന്ന ആക്ഷേപങ്ങളുടെ മുനയോടിഞ്ഞു.
അധികാരകേന്ദ്രമായി പാര്‍ട്ടി മാറേണ്ടതില്ലെന്ന കോടിയേരിയുടെ നിലപാട് പാര്‍ട്ടി-സര്‍ക്കാര്‍ പോരുണ്ടാകാതെ മുന്നോട്ട് പോകുന്നതിന് കാരണമായി. ഈ സന്ദേശം താഴേതട്ട് വരെ നല്‍കാനും പാര്‍ട്ടി സെക്രട്ടറിയായ കോടിയേരിക്ക് കഴിഞ്ഞു. പാര്‍ട്ടിയിലെ ഏതൊരു പ്രവര്‍ത്തകനും എപ്പോഴും ധൈര്യപൂര്‍വം കോടിയേരിയെ സമീപിക്കാമായിരുന്നു. ഇത് തന്നെയായിരുന്നു മുന്നണിയിലെ മറ്റ് കക്ഷികളോട് വലുപ്പചെറുപ്പമില്ലാതെ കോടിയേരി സ്വീകരിച്ചിരുന്ന നയം.
സിപിഎമ്മിലെ സൗമ്യമായ മുഖമായിരുന്നു കോടിയേരി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ അറിയിക്കാനെത്തുമ്പോഴും കോടിയേരി മറ്റ് സിപിഎം നേതാക്കളില്‍ നിന്നും വ്യത്യസ്തനായിരുന്നു. പറയേണ്ടത് കൃത്യമായി പറഞ്ഞും പ്രായോഗികതയെ മുറുകെപിടിച്ചുമാണ് പാര്‍ട്ടിയിലും മുന്നണിയിലും ഇന്ന് കാണുന്ന ഐക്യം കോടിയേരി കെട്ടിപ്പടുത്തത്. അത് സിപിഎം – സിപിഐ അഭിപ്രായഭിന്നതകളിലും പരിക്കില്ലാതെ പലപ്പോഴും തുണയായി.