കോട്ടയം – എറണാകുളം പാതയിലെ കടുത്ത യാത്രാക്ലേശത്തിന് കൊടിക്കുന്നിൽ എം പിയുടെ സത്വര ഇടപെടലിൽ പരിഹാരം. സെപ്റ്റംബർ 23 ന് വേണാടിൽ രണ്ട് സ്ത്രീകൾ കുഴഞ്ഞു വീണ സംഭവം ഫ്രണ്ട്‌സ് ഓൺ റെയിൽസ് പ്രതിനിധികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ എം പി യുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പിന്നീട് അദ്ദേഹം റെയിൽവേ ബോർഡ് ചെയർമാനെയും കേന്ദ്ര റെയിൽവേ മന്ത്രിയെയും സന്ദർശിച്ച് കൊല്ലം – എറണാകുളം പാതയിലെ യാത്രാക്ലേശം ബോധ്യപ്പെടുത്തുകയും പുതിയ സർവീസ് നടത്തുന്നതിന് ആവശ്യമായ പ്രാരംഭ നടപടികൾ ആരായുകയും ചെയ്തിരുന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഞെട്ടലോടെയാണ് വേണാടിലെ തിരക്കിന്റെ ദൃശ്യങ്ങൾ നോക്കികണ്ടതെന്നും ട്രെയിൻ അനുവദിക്കാനുള്ള അനുമതി നൽകിയതായും കൊടിക്കുന്നിൽ അന്നുതന്നെ യാത്രക്കാരെ അറിയിച്ചിരുന്നു.
സെപ്റ്റംബർ 30 ന് ട്രെയിൻ അനിവദിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി അദ്ദേഹം CPTM ഓഫീസിലെത്തിയ അതേ ദിവസം തന്നെ മറ്റൊരു പെൺകുട്ടി കൂടി ട്രെയിനിൽ കുഴഞ്ഞു വീണ സംഭവം അസോസിയേഷൻ പ്രതിനിധി ശ്രീജിത്ത് കുമാർ വേണാടിലെ അന്നത്തെ വീഡിയോ സഹിതം എം പിയ്‌ക്ക് അയച്ചു കൊടുക്കുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ CPTM ഓഫീസിൽ നിന്ന് കൊല്ലം – എറണാകുളം സ്പെഷ്യൽ സർവീസിന് രണ്ട് ദിവസത്തിനകം ഔദ്യോഗിക സ്ഥിതീകരണം ലഭിക്കുമെന്ന ഉറപ്പ് എം പി യാത്രക്കാർക്ക് നൽകിയിരുന്നു. ആ വാഗ്ദാനമാണ് ഇപ്പോൾ പാലിക്കപ്പെട്ടത്.
പുലർച്ചെ പാലരുവിയ്ക്കും വേണാടിനും ഇടയിൽ ഒരു സർവീസ് ആരംഭിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം അതോടെ കൊടിക്കുന്നിൽ എം പിയിലൂടെ സഫലമായിരിക്കുകയാണെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് അറിയിച്ചു. കോട്ടയം പാതയിലെ തിരക്കുകൾക്ക് പരിഹാരമാകുമെന്ന് മാത്രമല്ല, വേണാടിന് സ്റ്റോപ്പ് ഇല്ലാത്ത മറ്റു സ്റ്റേഷനിലെ യാത്രക്കാരുടെ പ്രശ്നങ്ങൾക്കും ഈ സർവീസ് ഒരു പരിഹാരമാകുമെന്ന് എക്സിക്യൂട്ടീവ് മെമ്പറുമാരായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ അഭിപ്രായപ്പെട്ടു
യാത്രാക്ലേശം ഇന്ത്യമുഴുവൻ ചർച്ചചെയ്യപ്പെടാൻ കാരണമായതിൽ എല്ലാ മാധ്യമങ്ങൾക്കുള്ള പങ്ക് ഈ അവസരത്തിൽ യാത്രക്കാർ നന്ദിയോടെ സ്മരിക്കുന്നതായി അസോസിയേഷനെ പ്രതിനിധീകരിച്ച് സിമി ജ്യോതി, രജനി സുനിൽ, യദു കൃഷ്ണണൻ, ജീനാ, അംബിക ദേവി എന്നിവർ അറിയിച്ചു