EntertainmentKeralaNews

ഞെട്ടിത്തരിച്ച് സിനിമാലോകം, കൊച്ചുപ്രേമൻ്റെ മരണത്തിൽ അനുശോചന പ്രവാഹം

തിരുവനന്തപുരം : പ്രമുഖ നടൻ കൊച്ചുപ്രേമൻ (കെ.എസ്. പ്രേംകുമാർ– 68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സിനിമയിൽ വരുന്നതിനു മുൻപു നാടകത്തിൽ സജീവമായിരുന്നു. സീരിയലിലും അഭിനയിച്ചിട്ടുണ്ട്. തമാശ റോളുകളിലും ക്യാരക്ടർ റോളുകളിലും കയ്യടി നേടി.

തിരുവനന്തപുരം ജില്ലയിലെ പേയാടാണ് ജനനം. പേയാട് സർക്കാർ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് എംജി കോളജിൽനിന്ന് ബിരുദം നേടി. ചെറുപ്പം മുതൽ നാടക രംഗത്ത് സജീവമായിരുന്നു. എട്ടാം ക്ലാസിൽവച്ചാണ് ആദ്യമായി നാടകം സംവിധാനം ചെയ്യുന്നത്. ജഗതി എൻ.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിന്റെ ഭാഗമായപ്പോഴാണു നാടകത്തെ ഗൗരവത്തോടെ കണ്ടത്. തുടർന്ന് തിരുവനന്തപുരത്തെ പ്രസിദ്ധമായ നാടക സമിതികളുടെ ഭാഗമായി.

ഒരേ പേരുള്ള സുഹൃത്ത് നാടക സമിതിയിലുണ്ടായിരുന്നതിനാലാണ് കൊച്ചുപ്രേമൻ എന്ന പേരു സ്വീകരിച്ചത്. എഴു നിറങ്ങളാണ് ആദ്യ സിനിമ. നീണ്ട ഇടവേളയ്ക്കുശേഷമാണ് സംവിധായകൻ രാജസേനന്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിക്കുന്നത്. പിന്നീട് ഇരട്ടക്കുട്ടികളുടെ അച്ഛനിൽ അഭിനയിച്ചു. തുടർന്ന് സിനിമയിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അവതരിപ്പിച്ചു. ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ താരം ഗിരിജയാണ് ഭാര്യ. മകൻ: ഹരികൃഷ്ണൻ.

അഭിനയിച്ച പ്രധാന സിനിമകളിൽ ചിലത്: ഗുരു, കഥാനായകൻ, ദി കാർ, ഞങ്ങൾ സന്തുഷ്ടരാണ്, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, മാട്ടുപെട്ടി മച്ചാൻ, പട്ടാഭിഷേകം, കല്യാണരാമൻ, തിളക്കം, ചതിക്കാത്ത ചന്തു, ഉടയോൻ, ഛോട്ടാ മുംബൈ, സ്വലേ, 2 ഹരിഹർ നഗർ, ശിക്കാർ, മായാമോഹിനി, ആക്‌ഷൻ ഹീറോ ബിജു, ലീല, വരത്തൻ, തൊട്ടപ്പൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button