കൊച്ചി:കൊച്ചി:വൈറ്റില റെയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ കാണപ്പെട്ടത് കോട്ടയം ചിങ്ങവനം സ്വദേശിനി സുധാ ബേബി (46)യാണെന്ന് തിരിച്ചറിഞ്ഞു.സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്.കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. ഇവർ കൊല്ലപ്പെടുന്നതിനു മുമ്പുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. മൃതദേഹത്തിനു സമീപത്തു നിന്ന് കണ്ടെത്തിയ സുധ ബേബിയുടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം
ഇന്നലെ രാത്രി 11.30ഓടെ വൈറ്റില റെയിൽവേ ട്രാക്കിനു സമീപം സുധ ബേബി ഒരാൾക്കൊപ്പം കാറിൽ വന്നിറങ്ങുന്ന ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്. വൈകാതെ സുധയെ കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കും മുഖത്തിനും പരുക്കുകളുമുണ്ട്. ട്രെയിനിൽ നിന്ന് വീണതോ ട്രെയിൻ ഇടിച്ചതോ എന്നായിരുന്നു തുടക്കത്തിൽ സംശയമെങ്കിലും ഉപയോഗിക്കാത്ത ട്രാക്കിലാണ് മൃതദേഹം കിടന്നത് എന്നതുകൊണ്ടു കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു.
റ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയ ശേഷം ഇവിടെ കൊണ്ടിട്ടതാണോ എന്നതായിരുന്നു മറ്റൊരു സംശയം. എന്നാൽ ഇരുവരും കാറിൽ വന്നിറങ്ങുന്ന ദൃശ്യം ലഭിച്ചതോടെ ഇവിടെ വച്ചാണ് കൊലപാതകമെന്ന് വ്യക്തമായി. സുധ ബേബി അമ്മയുമൊന്നിച്ച് പൂത്തോട്ടയിലാണ് കഴിഞ്ഞ 3 മാസമായി താമസം. ഭർത്താവുമായി ബന്ധം വേർപെടുത്തിയതാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
ഇന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം ട്രാക്കിനടുത്ത് കിടക്കുന്നതായി കണ്ടെന്ന് ലോക്കോ പൈലറ്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിക്കുന്നത്. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ട്രെയിനിൽ നിന്ന് വീണുള്ള മരണമല്ലെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. സ്ത്രീയുടെ മുഖത്തും ശരീരത്തിലും മുറിവുകളും പാടുകളുമുണ്ട്. മൃതദേഹത്തിന് തൊട്ടടുത്ത് നിന്ന് കണ്ടെത്തിയ ഫോണിൽ നിന്നാണ് പൊലീസ് വിവരങ്ങൾ തേടിയത്. കൂടാതെ യുവതിയുടെ ശരീരത്തിൽ നഗരത്തിലെ വസ്ത്ര സ്ഥാപനത്തിലെ സ്റ്റിക്കറുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്


