കൊച്ചി: കൊച്ചി വടുതല കർഷക റോഡിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുടുംബാംഗങ്ങളായ അഞ്ചുപേർക്കും കൊച്ചിയിൽ അന്ത്യവിശ്രമം. പച്ചാളം വൈദ്യുതി ശ്മശാനത്തിൽ ഞായറാഴ്ച വൈകീട്ടോടെ അഞ്ചുപേരുടെയും സംസ്‌കാരം നടന്നു.തിരുവനന്തപുരം വിളപ്പിൽശാല കാരോട് കനകവിഹാറിൽ സുരേന്ദ്രൻ നായരുടെ ഭാര്യ ശ്രീകുമാരി (59), മകൾ അശ്വതി എസ്. നായർ (36), മക്കളായ കാർണിവൻ (14), കീർത്തിവൻ (അഞ്ച്), അക്ഷിത (രണ്ട്) എന്നിവരെയായിരുന്നു ശനിയാഴ്ച രാവിലെയോടെ വടുതലയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവമറിഞ്ഞ് ഇവരുടെ ബന്ധുക്കൾ കൊച്ചിയിലെത്തിയിരുന്നു. തിരുവനന്തപുരത്തേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും സാമ്പത്തിക പ്രതിസന്ധിയും അറിയിച്ചതോടെ മേയർ വി.കെ. മിനിമോൾ, കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ പച്ചാളം ശ്മശാനത്തിൽ സംസ്‌കാരത്തിനുള്ള സംവിധാനം ഒരുക്കി നൽകി. വൈകീട്ട് ആറുമണിയോടെയാണ് സംസ്‌കാരം നടന്നത്. കളമശ്ശേരി മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലായാണ് പോസ്റ്റ്‌മോർട്ടം നടന്നത്.
രണ്ടുമാസം മുൻപാണ് അശ്വതിയും കുട്ടികളും അമ്മയും മൂത്തമകന്റെ ചികിത്സാർഥം വടുതലയിൽ വീട് വാടകയ്‌ക്കെടുത്തത്. വീട്ടിൽ ആളനക്കം കാണാത്തതിനെത്തുടർന്ന് ശനിയാഴ്ച രാവിലെ വീട്ടുടമയുടെ സഹോദരന്റെ മകൻ വന്ന് നോക്കിയപ്പോഴാണ് മരണവിവരം പുറത്തുവരുന്നത്.
കരൾരോഗ ബാധിതനായിരുന്ന അശ്വതിയുടെ ഭർത്താവ് അക്ഷത് ഏഴുമാസം മുൻപ് ജീവനൊടുക്കിയിരുന്നു. ഈ ആഘാതത്തിന് പിന്നാലെ കുടുംബത്തിൽ തർക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടായി. പോലീസിന് ലഭിച്ച ആത്മഹത്യാകുറിപ്പിലും കടുത്ത കുടുംബപ്രശ്‌നങ്ങളെക്കുറിച്ചുള്ള വിവരങ്ങളുണ്ട്.
ഫോണുകൾ പോലീസ് പരിശോധിക്കുന്നു
മക്കൾക്ക് വിഷം നൽകിയ ശേഷം ശ്രീകുമാരിയും അശ്വതിയും തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. കുട്ടികൾക്ക് നൽകിയ വിഷപദാർഥം തരപ്പെടുത്തിയത് ഓൺലൈനിലൂടെയാണെന്ന് പോലീസ് സംശയിക്കുന്നു. ഇവരുടെ ഫോണുകൾ പരിശോധനയ്ക്കായി പോലീസ് എടുത്തിട്ടുണ്ട്. ആന്തരിക അവയവങ്ങളുടെ രാസപരിശോധനയും നടത്തും. ഇവയുടെ റിപ്പോർട്ട് വന്നാലേ മരണകാരണം പൂർണമായി വ്യക്തമാകൂ. വടുതലയിൽ വാടകയ്ക്ക് താമസം ആരംഭിച്ചതു മുതൽ കുടുംബം ഭക്ഷണവും മറ്റുമെല്ലാം ഓൺലൈനിലൂടെയാണ് വാങ്ങിയിരുന്നത്. പുറത്തുപോകുന്ന പതിവില്ലാത്ത സാഹചര്യത്തിലാണ് ഓൺലൈനിലൂടെയാകും വിഷപദാർഥവും വാങ്ങിയതെന്ന സംശയം പോലീസിന് ബലപ്പെട്ടത്. മൂന്ന് കുപ്പി വിഷപദാർഥമാണ് വാങ്ങിയത്. ഇതിൽ രണ്ടെണ്ണമാണ് ഉപയോഗിച്ചത്. തുറക്കാത്ത കുപ്പിയും മൂന്ന് ഒഴിഞ്ഞ ജ്യൂസ് ബോട്ടിലുകളും മറ്റും കണ്ടെടുത്തിട്ടുണ്ട്. ഇവർ തിരുവനന്തപുരത്ത് വാടകയ്ക്ക് നൽകിയ വീട്ടിൽ കുറച്ചുനാൾ മുൻപ് പോയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുമെന്ന് നോർത്ത് എസ്.എച്ച്.ഒ. എ. അനൂപ് പറഞ്ഞു.
News Summary: The five members of a family found dead in a rented house at Vaduthala, Kochi, were cremated at the Pachalam electric crematorium on Sunday evening. The deceased, identified as Sreekumari, her daughter Ashwathi S. Nair, and Ashwathi’s three children, were discovered on Saturday morning. Due to financial constraints and the difficulty of transporting the bodies to their native Thiruvananthapuram, local officials, including Mayor V.K. Minimol and Councilor Albert Ambalathingal, coordinated the funeral arrangements in Kochi. Post-mortem examinations were conducted at Kalamassery Medical College and Ernakulam General Hospital before the final rites.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)


