ലണ്ടന്‍: കൊച്ചി കേന്ദ്രീകരിച്ച് മോഡലിംഗ് രംഗത്ത് താല്പര്യമുള്ള യുവതികളെ കെണിയില്‍ വീഴ്ത്തി ദുബായിലേക്ക് കടത്തിയ രാജ്യാന്തര സെക്‌സ് റാക്കറ്റിന്റെ ആദ്യ ലക്ഷ്യം യുകെ (UK) ആയിരുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദുബായില്‍ പെണ്‍വാണിഭ സാമ്രാജ്യം സ്ഥാപിക്കുന്നതിന് മുന്‍പ് യുകെയിലെയും അയര്‍ലന്‍ഡിലെയും വളര്‍ന്നുവരുന്ന ഫാഷന്‍ വേദികളെയാണ് ഈ മാഫിയ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ഇവരുടെ ദുരൂഹമായ പശ്ചാത്തലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മുന്‍കൂട്ടി ചോര്‍ന്നതോടെ യുകെയിലെ പ്രമുഖ സ്‌പോണ്‍സര്‍മാരും പരസ്യക്കാരും പദ്ധതികളിൽ നിന്നും കൂട്ടത്തോടെ പിന്മാറുകയായിരുന്നു. ബിസിനസ് സ്ഥാപനങ്ങളുടെ ഈ തന്ത്രപരമായ നീക്കത്തിലൂടെ യുകെ മലയാളി സമൂഹം വലിയൊരു നാണക്കേടില്‍ നിന്നും ചതിക്കുഴിയിൽ നിന്നുമാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്.
യുകെയിലും അയര്‍ലന്‍ഡിലും കഴിഞ്ഞ രണ്ട് വര്‍ഷമായി ഫാഷന്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ചില വ്യക്തികളെ ഇടനിലക്കാരാക്കാനാണ് കേരളത്തിലെ സെക്‌സ് റാക്കറ്റ് തലവന്‍മാര്‍ ആദ്യം കരുക്കൾ നീക്കിയത്. ഇതിന്റെ ഭാഗമായി, കേരളത്തില്‍ ഒരു നടി നല്‍കിയ ക്രൂരമായ പീഡന പരാതിയില്‍ പ്രതിസ്ഥാനത്തുള്ള ഒരു പ്രമുഖ സിനിമ-ഫാഷൻ പ്രവർത്തകൻ കഴിഞ്ഞ വര്‍ഷം ലണ്ടന്‍ സന്ദര്‍ശിച്ചിരുന്നു. യുകെയിലെ ഫാഷന്‍ വിപണിയുടെ വലിയ സാധ്യതകള്‍ പഠിക്കാനും അവിടുത്തെ മലയാളി സംഘടനകളുമായി അടുത്ത ബന്ധം സ്ഥാപിക്കാനുമായിരുന്നു ഈ സന്ദര്‍ശനം.
ലണ്ടനിലെ ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് വന്‍കിട ‘ഫാഷന്‍ നൈറ്റുകള്‍’ സംഘടിപ്പിക്കാനും അതിന്റെ മറവില്‍ കേരളത്തില്‍ നിന്നും യുവ മോഡലുകളെ യുകെയിലേക്ക് കടത്താനുമുള്ള ഇവരുടെ നീക്കത്തെക്കുറിച്ച് സൂചനകള്‍ ലഭിക്കുന്നത്.
പ്രോഗ്രാമിന്റെ പേരില്‍ യുകെയിലെ പ്രമുഖ മലയാളി പരസ്യ സ്ഥാപനങ്ങളെയും പ്രവാസി വ്യവസായികളെയും സമീപിച്ചപ്പോള്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നും കാര്യമായ യാതൊരു പ്രതികരണവും ലഭിച്ചില്ല. യുകെയിലെ ബിസിനസ് സ്ഥാപനങ്ങള്‍ പ്രവാസി മലയാളികളുമായി അടുത്ത ഹൃദയബന്ധം പുലര്‍ത്തുന്നവരായതിനാല്‍, ഭാവിയില്‍ തങ്ങളുടെ ബ്രാൻഡിന് വലിയ പേരുദോഷം കേള്‍പ്പിക്കാന്‍ സാധ്യതയുള്ള ഇത്തരം സംശയാസ്പദമായ പരിപാടികളില്‍ നിന്നും അവര്‍ തുടക്കത്തിലേ പൂർണ്ണമായി മാറിനിന്നു. കനത്ത പരസ്യ വരുമാനം ഇല്ലാതായതോടെയാണ് സാമ്പത്തിക പ്രതിസന്ധിയിലായ ഈ ക്രിമിനൽ സംഘം യുകെയെ തങ്ങളുടെ ഹിറ്റ് ലിസ്റ്റില്‍ നിന്നും വെട്ടി പകരം ദുബായിലേക്ക് താവളം മാറ്റിയത്. തുടർന്ന് ദുബായിൽ അലീസ ഇവന്റ്സ് എന്ന കമ്പനി തുടങ്ങി ഇവർ മനുഷ്യക്കടത്ത് തുടരുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ഒരു മലയാളി സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ഫാഷന്‍ ഷോയിലാണ് കേരളത്തിലെ വിവാദ പീഡനക്കേസിലെ ഈ പ്രതി ‘ഷോ ഡയറക്ടര്‍’ ആയി ആദ്യമായി രംഗപ്രവേശം ചെയ്യുന്നത്. ഈ പരിപാടിക്കായി ഇയാള്‍ക്ക് 3000 പൗണ്ട് (ഏകദേശം മൂന്ന് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പ്രതിഫലം നല്‍കിയതായി ഇയാള്‍ തന്നെ അണികൾക്കിടയിൽ വെളിപ്പെടുത്തിയിരുന്നു.
ലണ്ടനിലെ പരിപാടിയില്‍ പങ്കെടുത്ത പ്രവാസി മലയാളി പെണ്‍കുട്ടികളെ സ്വാധീനിച്ച്, അവര്‍ കേരളത്തില്‍ എത്തുമ്പോള്‍ വന്‍കിട സിനിമാ ചാന്‍സുകളും ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളും നല്‍കാമെന്ന് ഇയാള്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇയാളുടെ മോശം ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് മുൻകൂട്ടി രഹസ്യ സൂചന ലഭിച്ചതിനാല്‍ ലണ്ടനിലെ പെണ്‍കുട്ടികള്‍ ഈ ചതിക്കുഴിയില്‍ വീഴാതെ രക്ഷപെടുകയായിരുന്നു.
ഒരു പ്രമുഖ നടന്‍ അടക്കം പത്തോളം പേര്‍ പ്രതികളായ കേരളത്തിലെ സജീവമായ ഒരു വലിയ പീഡനക്കേസിലെ പ്രതിയാണ് ലണ്ടനിലെത്തി ഇത്തരത്തില്‍ യുകെ മലയാളികൾക്കിടയിൽ വലവിരിച്ചത്. യുകെ മലയാളികളില്‍ പലരുടെയും പക്കല്‍ കോടിക്കണക്കിന് രൂപയുണ്ടെന്നും എന്നാല്‍ അവര്‍ക്ക് കേരളത്തിലെ ഫാഷന്‍ ഇന്‍ഡസ്ട്രിയുടെയും സിനിമയുടെയും കറുത്ത വശങ്ങളെക്കുറിച്ച് വലിയ ധാരണയില്ലെന്നുമുള്ള വിവരമാണ് നാട്ടിലെ ഇടനിലക്കാര്‍ക്കിടയില്‍ പാട്ടായിരുന്നത്. ഇത് മുതലെടുത്ത് പ്രവാസികളിൽ നിന്ന് വലിയ തുക സ്പോൺസർഷിപ്പായി തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് ‘ഹയർ എ മോഡൽ’ (Hire a Model) എന്ന പുതിയ പദ്ധതിക്ക് ഇവര്‍ രൂപം നല്‍കിയത്. എന്നാല്‍ യുകെയിലെ പരസ്യ ഏജന്‍സികള്‍ കൃത്യസമയത്ത് ബുദ്ധിപൂർവ്വം പിന്മാറിയതോടെ ഈ അന്താരാഷ്ട്ര പദ്ധതി തുടക്കത്തിലേ പാളുകയായിരുന്നു.
നിലവില്‍ കൊച്ചി സിറ്റി പോലീസ് ദുബായ് സെക്‌സ് റാക്കറ്റിന്റെ ഒന്നാം പ്രതി സിന്ധു അടക്കമുള്ളവരെ പൂട്ടിയ സാഹചര്യത്തില്‍, ഈ രംഗത്ത് ദുരുദ്ദേശത്തോടെയും ആൾമാറാട്ടത്തോടെയും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളിലേക്കും അന്വേഷണം അതിവേഗം നീളുകയാണ്. പ്രത്യേകിച്ച് കേരളത്തില്‍ പുതിയ യുഡിഎഫ് സർക്കാരും പുതിയ ആഭ്യന്തര മന്ത്രിയും ചുമതലയേറ്റതോടെ പോലീസിന് രാഷ്ട്രീയ സ്വാധീനമില്ലാതെ സ്വതന്ത്രമായി അന്വേഷിക്കാനുള്ള വഴി തെളിഞ്ഞിട്ടുണ്ട്.
ഇതോടെ ലണ്ടന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ വിദേശ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മനുഷ്യക്കടത്തും നടത്തുന്ന അന്താരാഷ്ട്ര മാഫിയയുടെ കൂടുതൽ കറുത്ത കണ്ണികള്‍ വരും ദിവസങ്ങളില്‍ പോലീസിന്റെ ശക്തമായ വലയിലാകുമെന്നാണ് സൂചന. ലണ്ടൻ സന്ദർശിച്ച പ്രതിയുടെ വിസ രേഖകളും സാമ്പത്തിക ഇടപാടുകളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
Shocking revelations indicate that the international human trafficking and sex racket recently busted in Kochi originally targeted the UK and Ireland as their primary destinations. The mafia sought to exploit the growing fashion industry in London to traffic young models under the guise of ‘Fashion Nights.’ However, UK Malayali businesses and advertising agencies sniffed the danger and backed out of sponsorships, forcing the syndicate to shift its base to Dubai. Following the forming of the new government in Kerala, Kochi police are expanding the probe to investigate the syndicate’s international links, including a controversial accused who visited London last year.


