കൊച്ചിയിൽ തോക്ക് ചൂണ്ടി 80 ലക്ഷം കവര്‍ന്ന സംഭവം; അഞ്ചുപേര്‍ കസ്റ്റഡിയില്‍, മൂഖംമൂടി ധരിച്ചെത്തിയവര്‍ക്കായി തിരച്ചില്‍

കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയിലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. കുണ്ടന്നൂരില്‍ അരൂര്‍ ബൈപ്പാസിനോട് ചേര്‍ന്നുള്ള സ്റ്റീല്‍ മൊത്തവിതരണ കേന്ദ്രത്തില്‍ ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ ആയിരുന്നു സംഭവം.

കവര്‍ച്ചയില്‍ സഹായിച്ച മൂന്നുപേരും കൃത്യത്തില്‍ പങ്കെടുത്ത രണ്ടുപേരുമാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇതില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ഇവര്‍ കവര്‍ച്ചയ്ക്ക് ഉപയോഗിച്ച രണ്ട് വണ്ടികളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

കവര്‍ച്ചയുടെ ഇടനിലക്കാരന്‍ സജി, സ്റ്റീല്‍ കമ്പനിയില്‍ സജിക്കൊപ്പം എത്തിയ വിഷ്ണു, പിന്നെ ഇവരെ സഹായിച്ച മൂന്ന് പേരുമാണ് കസ്റ്റഡിയിലായവര്‍. ഇതില്‍ സജിക്കും വിഷ്ണുവിനും കൃത്യത്തില്‍ നേരിട്ട് പങ്കുണ്ട്. ബാക്കിയുള്ളവരുടെ പങ്ക് അന്വേഷിച്ച് വരികയാണ്. പ്രതികള്‍ ഉപയോഗിച്ച വാഹനം കണ്ടെത്തിയത് തൃശൂരില്‍ നിന്നാണ്.

ഇനിയും പ്രതികളെ കണ്ടെത്താനുണ്ടെന്നും മുഖംമൂടി ധരിച്ചെത്തിയ മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും മോഷ്ടിച്ച പണവും കണ്ടെത്തിയിട്ടില്ല. തോക്ക് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുബിന്‍ എന്നയാളുടെ പക്കല്‍ നിന്നാണ് 80 ലക്ഷം രൂപ കവര്‍ന്നത്. ഈ 80 ലക്ഷത്തിന്റെ ഉറവിടം അന്വേഷിച്ചു വരികയാണെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ മാധ്യമങ്ങളോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News