കൊച്ചി: ശനിയാഴ്ച കൊച്ചി മെട്രൊയുടെ ആറാം പിറന്നാൾ. 6 വർഷങ്ങൾക്ക് മുന്‍പ് വെറുമൊരു കൗതുകം മാത്രമായിരുന്ന മെട്രൊ ട്രെയിന്‍ ഇന്ന് നഗരവാസികളുടെ നിത്യജീവിത യാത്രാ പങ്കാളിയാണ്. ഇതിന്‍റെ ഭാഗമായി ശനിയാഴ്ച 20 രൂപ മാത്രമാണ് മെട്രൊയിലെ പരമാവധി ടിക്കറ്റ് നിരക്ക്.
അതായത്, 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും ഒരാൾക്ക് ഒറ്റത്തവണ യാത്ര ചെയ്യാം. ഇതുകൂടാതെ ‘കൊച്ചി വൺ കാർഡ്’ പുതുതായി വാങ്ങുന്നവർക്ക് 10 ദിവസത്തിനകം കാർഡിന്‍റെ ഫീസ് ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. 225 രൂപയാണ് ക്യാഷ്ബാക്ക്.
പിറന്നാൾ ദിനത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച മെട്രൊ ട്രെയിനുകളിൽ ‘കാരിക്കേച്ചർ വര’ പരിപാടി യാത്രക്കാരെ കൂടുതൽ ആകർഷിച്ചു. വിവിധ ട്രെയിനുകളിൽ 9 പേരടങ്ങുന്ന കാർട്ടൂണിസ്റ്റുകളുടെ സംഘം സഞ്ചരിച്ച് യാത്രക്കാരുടെ ചിത്രങ്ങൾ വരച്ചത്.
2023 ഏപ്രിലിൽ പ്രതിദിനം 75,831 യാത്രക്കാരുണ്ടായിരുന്നെങ്കിൽ മെയ് മാസം 12 ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തോളം ആളുകളാണ് യാത്രക്കാരായത്. മെട്രൊയ്ക്ക് പിന്നാലെയെത്തിയ വാട്ടർ മെട്രൊയ്ക്കും മികച്ച പ്രകതികരണമാണ് ലഭിക്കുന്നത്.
2017 ജൂൺ 17-നാണ് കൊച്ചി മെട്രൊ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 4 വർഷമെടുത്താണ് കൊച്ചി മെട്രൊയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയത്. കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ടം നിർമാണം പൂർത്തിയാകുന്നതോടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ.