കൊച്ചി: പത്തടിപ്പാലത്തിന് സമീപം മെട്രോ പാളത്തില്‍ തകരാര്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). മെട്രോ പാളത്തിന്റെ അലൈന്‍മെന്റില്‍ നേരിയ വ്യത്യാസമുണ്ടെന്നാണ് കെ എം ആര്‍ എല്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മെട്രോ പില്ലര്‍ 347ന്റെ അടിത്തറയിലെ നേരിയ വ്യതിയാനമാണ് ചരിവിന് കാരണമെന്ന് കെ എം ആര്‍ എല്‍ വിശദീകരിച്ചു.
തകരാര്‍ മെട്രോ ട്രെയിന്‍ സര്‍വീസിനെ ബാധിക്കില്ലെന്നും ചരിവുള്ള സ്ഥലത്ത് വേഗത കുറച്ച് സര്‍വീസ് നടത്തുമെന്നും കെ എം ആര്‍ എല്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും പ്രദേശത്ത് സമഗ്ര പരിശോധന നടന്നുവരികയാണെന്നുമാണ് കെ എം ആര്‍ എല്‍ അറിയിച്ചത്. യഥാര്‍ത്ഥ കാരണം കണ്ടെത്തി പരിഹരിക്കാന്‍ വിദഗ്ധ സേവനം തേടി.
പരിശോധന ഊര്‍ജിതമായി പുരോഗമിക്കുകയാണെന്നും കെ എം ആര്‍ എല്‍ വ്യക്തമാക്കി. ചരിവ് ഗുരുതരമല്ലെന്നാണ് കെഎംആര്‍എല്‍ പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. വിശദമായ പരിശോധനയ്ക്ക് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ വിവരമറിയിച്ചിരുന്നു. നിലവില്‍ ചരിവുള്ളതായി കണ്ടെത്തിയ പ്രദേശത്ത് 20 കിലോമീറ്റര്‍ വേഗതയിലാണ് മെട്രോ ട്രെയിന്‍ ഓടുന്നത്.