കൊച്ചി: കൊച്ചിയിൽ ഒന്നരവയസ്സുകാരി നോറയെ ബക്കറ്റിൽ മുക്കിക്കൊന്ന (Child Murder) ജോൺ ബിനോയി ഡിക്രൂസ് അതി ക്രൂരനായ കൊലയാളിയെന്ന് പൊലീസ്. വളർത്തുമൃഗങ്ങളെയടക്കം ബക്കറ്റിലെ വെളളത്തിൽ മുക്കിക്കൊല്ലുന്ന ശീലം പ്രതിക്ക് ഉണ്ടായിരുന്നു എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇയാളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും അന്വേഷണം തുടങ്ങി.
ബിനോയി വീട്ടിൽ സ്ഥിരം ശല്യക്കാരനായിരുന്നു എന്നാണ് വളർത്തമ്മയായ ഇംതിയാസ് പറയുന്നത്. 14 ദിവസം പ്രായമുളളപ്പോൾ ബിനോയിയെ എടുത്തുവളർത്തിയതാണ് ഇവര്‍. പക്ഷേ പിന്നീട് നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്യേണ്ടിവന്ന ക്രൂരകൃത്യങ്ങൾ അവർ ഒന്നൊന്നായി പൊലീസിനോടും പറഞ്ഞിട്ടുണ്ട്. കോഴിയെ ബക്കറ്റിലെ വെളളത്തിൽ മുക്കിക്കൊല്ലുന്ന ശീലമുണ്ടായിരുന്നു. തെരുവ് നായ്ക്കളെയടക്കം കാല് തല്ലിയൊടിച്ചശേഷം ജീവനോടെ കുഴിച്ചുമൂടിയിരുന്നു. ഇത്തരത്തിൽ അതിക്രൂരമായ മാനസിക നിലയുളളയാളായിരുന്നു 28 കാരനായ പ്രതി.
വീട്ടിൽ നിന്ന് മോഷണം പതിവായിരുന്നു. വളർത്തമ്മയെപ്പോലും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പണം സ്വർണവും കവർച്ച നടത്തിയിട്ടുണ്ട്. ലഹരിമരുന്നിനായി പണത്തിനും മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ വിവരങ്ങളെല്ലാം ശേഖരിച്ച് പ്രതിയുടെ കുറ്റവാസന സംബന്ധിച്ച് കോടതിയെ ധരിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. കസ്റ്റഡിയിൽ വാങ്ങിയശേഷം ഇയാളുൾപ്പെട്ട മറ്റ് ഇടപാടുകളെപ്പറ്റിയും പരിശോധിക്കും.
മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് കൊച്ചി കലൂരുളള ഹോട്ടലിൽ നടന്നത്. ഒന്നരവയസ്സുള്ള കുഞ്ഞിനെ അച്ഛന്റെ അമ്മയുടെ സുഹൃത്ത് വെള്ളത്തിൽ മുക്കിക്കൊന്നു. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്‍റെയും ഡിക്സിയുടേയും മകൾ നോറ മരിയയാണ് കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹോട്ടൽ മുറിയിൽ വച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്ന് വ്യക്തമായി. സംഭവത്തിൽ കുട്ടിയുടെ പിതാവിന്‍റെ അമ്മയുടെ സുഹൃത്തും പള്ളുരുത്തി സ്വദേശിയുമായ ജോൺ ബിനോയ് ഡിക്രൂസ് (24) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ മാസം അഞ്ചാം തിയതി മുതല്‍ മുത്തശ്ശി സിപ്സിയും ജോണ്‍ ബിനോയിയും രണ്ട് കുട്ടികളും ലോഡ്ജില്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. സിപ്സിയുടെ മകന്‍റെ മക്കളാണ് കൂടെയുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. ടൈല്‍ ജോലിക്കാരനായിരുന്ന കുട്ടിയുടെ പിതാവ് അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട്കുട്ടികളും മുത്തശ്ശിയുടെ കൂടെയാണ് കഴിഞ്ഞിരുന്നത്. കൊലപാതകം നടന്ന ദിവസം കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചില തര്‍ക്കങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നടന്നിരുന്നു.
ജോണ്‍ ബിനോയ് ആണ് കുട്ടിയുടെ പിതാവെന്നായിരുന്നു ആരോപണം. ഇതില്‍ കുപിതനായാണ് യുവാവ് കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത്. എന്നാല്‍ ഈ സമയം കുട്ടിയുടെ മുത്തശ്ശി ഹോട്ടലിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ഒരുമണിയോടെ യുവാവ് മുത്തശ്ശിയെ വിളിച്ച് കുട്ടി ഛര്‍ദ്ദിച്ചെന്നും ബോധരഹിതയായെന്നും പറഞ്ഞു. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ഇവരുടെ ഒപ്പം യുവാവ് ആശുപത്രിയിലേക്ക് എത്തിയിരുന്നില്ല. ആശുപത്രിയിലെത്തിയ സിപ്സി യുവാവ് പറഞ്ഞത് തന്നെ ആവര്‍ത്തിച്ചു. എന്നാല്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടിയുടെ ശ്വാസകോശത്തിലടക്കം വെള്ളം ചെന്നതായി വ്യക്തമായത്. ഇതോടെ കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.