കൊച്ചി ഹണിട്രാപ് കേസ്: ഐടി സ്ഥാപന ഉടമയുടെ അറസ്റ്റ് 26 വരെ തടഞ്ഞു; പോലീസിന് ഹൈക്കോടതി വിമര്‍ശനം

കൊച്ചി: ലൈംഗിക അതിക്രമ കേസില്‍ കൊച്ചിയിലെ ഐടി സ്ഥാപന ഉടമ വേണു ഗോപാലകൃഷ്ണന്റെ അറസ്റ്റ് ഈ മാസം 26 വരെ തടഞ്ഞ് ഹൈക്കോടതി. ഡല്‍ഹിയില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കേണ്ടെതുണ്ടെന്നും കേസില്‍ വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്നുമുള്ള വാദം കണക്കിലെടുത്താണ് ജസ്റ്റിസ് ബെച്ചു കുര്യന്റെ ഉത്തരവ്. വേണു ഗോപാലകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വ്യാഴാഴ്ച വീണ്ടും വാദം കേള്‍ക്കും. കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടിക്രമങ്ങളെ കോടതി വിമര്‍ശിച്ചു.

തന്നെ ഹണിട്രാപ്പില്‍ പെടുത്തി 30 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ പരാതിക്കാരിയേയും ഭര്‍ത്താവിനേയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു എന്നും അതിനു ശേഷമാണ് തനിക്കെതിരെ ലൈംഗിക അതിക്രമ പരാതി നല്‍കിയത് എന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. അതുകൊണ്ടു തന്നെ ആ കേസ് കൂടി ഇതിനൊപ്പം പരിഗണിക്കേണ്ടതുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

ഈ സമയത്താണ് അത്തരമൊരു പരാതി ഉണ്ടെങ്കില്‍ പോലും ലൈംഗിക അതിക്രമ പരാതി ഉന്നയിച്ചാല്‍ അത് പരിഗണിക്കപ്പെടേണ്ടതല്ലേ എന്ന് കോടതി ആരാഞ്ഞത്. മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കുന്നതു വരെ പരാതിക്കാരിയുടെ മൊഴിയെടുക്കാന്‍ പൊലീസ് തയാറായില്ല. അതിന്മേല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് തണുത്ത പ്രതികരണമാണുണ്ടായത്. പരാതിയില്‍ നല്‍കിയിരിക്കുന്ന ഏറ്റവും നിര്‍ണായകമായ കുറ്റകൃത്യം ഉള്‍പ്പെടെ എഫ്‌ഐആറില്‍ കാണുന്നില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഹര്‍ജിക്കാരനെ 26 വരെ അറസ്റ്റ് ചെയ്യരുതെന്നും മജിസ്‌ട്രേറ്റിനു മുമ്പാകെ പരാതിക്കാരി നല്‍കിയ മൊഴി ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News