കൊച്ചി: ഹണിട്രാപ്പ് കേസിൽ നിർണായക വഴിത്തിരിവ്. പ്രതിയായ യുവതി നൽകിയ പരാതിയിൽ കൊച്ചി ലിറ്റ്മസ്7 ഐടി സ്ഥാപനത്തിന്റെ സിഇഒയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വ്യവസായി വേണു ഗോപാലകൃഷ്ണനെതിരെയാണ് ഇൻഫോ പാർക്ക് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ മുതലായ വകുപ്പുകൾ ചുമത്തിയാണ് കേസ്.
ഗോപാലകൃഷ്ണന് പുറമെ സ്ഥാപനത്തിലെ മറ്റ് മൂന്ന് പേരും തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതിയിൽ ആരോപിക്കുന്നത്. യുവതി തന്നെ ഹണി ട്രാപ്പിൽ കുടുക്കിയെന്ന ഗോപാലകൃഷ്ണന്റെ പരാതിയിൽ ആദ്യം യുവതിക്കും ഭര്‍ത്താവിനുമെതിരെ സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു.
എന്നാൽ ജോലിസ്ഥലത്ത് നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് ഐസിസിയിൽ പരാതി നൽകുമെന്ന് ഗോപാലകൃഷ്ണനെ അറിയിച്ചതിന് ശേഷമാണ് താൻ ഹണിട്രാപ്പിൽ കുടുങ്ങിയതെന്നാണ് യുവതി അവകാശപ്പെടുന്നത്. പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് തനിക്കെതിരായ പ്രതികാര നടപടിയാണ് ഹണിട്രാപ്പ് കേസെന്നും യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഒന്നരവർഷം കമ്പനി സിഇഒ വേണു ഗോപാലകൃഷ്ണന്റെ എക്സിക്യുട്ടിവ് അസിസ്റ്റാൻഡായിരുന്ന യുവതി കഴിഞ്ഞ ആഴ്ചയാണ് ഇയാൾ നൽകിയ പരാതിയെ തുടർന്ന് ഹണി ട്രാപ്പ് കേസിൽ പ്രതിയാകുന്നത്. ഇവരെയും ഭർത്താവിനെ രണ്ടാം പ്രതിയുമാക്കിയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയ യുവതി കമ്പനി സിഇഒ തന്നെ തൊഴിലിടത്തിൽ വെച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
ഹണിട്രാപ്പ് കേസിൽ യുവതിക്കും ഭർത്താവിനും എറണാകുളം മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ഇല്ലാതെ ജാമ്യം അനുവദിച്ചിരുന്നു. ലിറ്റ്മസ്7 ഐടി സ്ഥാപനത്തിലെ ഗോപാലകൃഷ്ണനും മറ്റ് മൂന്ന് പേർക്കുമെതിരായ കേസ് പൊലീസ് അന്വേഷിച്ചു വരികയാണ്.


