കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 15 കോടി രൂപ വില വരുന്ന കൊക്കെയ്നുമായി പിടിയിലായ പാരഗ്വായ് സ്വദേശിക്ക് വിചാരണക്കോടതി 12 വര്‍ഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയാണു പ്രതിയെ വിചാരണ നടത്തി ശിക്ഷ വിധിച്ചത്. ലഹരി പദാര്‍ഥ നിരോധന നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം 24 വര്‍ഷം കഠിനതടവു ലഭിച്ച അലക്സിസ് റിഗലാഡോ ഫെര്‍ണാണ്ടസിനു ശിക്ഷ ഒരുമിച്ചു 12 വര്‍ഷം അനുഭവിച്ചാല്‍ മതി.
ബ്രസീലിലെ സാവോപോളോയില്‍ നിന്നും കൊച്ചി വഴി ഗോവയിലേക്കു കൊക്കെയ്ന്‍ കടത്തിയപ്പോഴാണ് 2017 നവംബറില്‍ റിഗലാഡോ നാര്‍ക്കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. ദുബായ് വഴി നെടുമ്പാശേരിയില്‍ വിമാനമിറങ്ങി കൊച്ചി ബാനര്‍ജി റോഡിലെ ഹോട്ടലില്‍ തങ്ങിയാണ് ഇയാള്‍ ലഹരി ഇടപാടുകള്‍ നടത്തിയത്. ഇവിടെ നിന്നും ഗോവയിലെത്തി നേരത്തേ തന്നെ നിശ്ചയിച്ച ഹോട്ടലില്‍ കാത്തുനില്‍ക്കണമെന്നും ഒരു നൈജീരിയന്‍ സ്വദേശി അവിടെയെത്തി പണം നല്‍കി ലഹരി വാങ്ങുമെന്നും ഇയാള്‍ക്കു നിര്‍ദേശം ലഭിച്ചിരുന്നു.
കൊക്കെയ്ന്‍ ശരീരത്തില്‍ കെട്ടിവച്ചായിരുന്നു ഗോവയിലേക്കുള്ള യാത്ര ദേഹപരിശോധനയ്ക്കിടെ സിഐഎസ്എഫിന്റെ പിടിയിലായ പ്രതിയെ എന്‍സിബിക്കു കൈമാറുകയായിരുന്നു. തലമുറകളെ നശിപ്പിക്കുന്ന പ്രവൃത്തിയാണ് റിഗലാഡോ ചെയ്തതെന്നു കോടതി വിലയിരുത്തി.