ആവശ്യപ്പെട്ടത് 25000, വിലപേശലില്‍ 10000 കുറച്ചു;സ്വപ്‌ന വന്‍ അഴിമതിക്കാരി

കൊച്ചി: എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്‍സി സ്ഥാപന ഉടമയില്‍നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പ്പറേഷനിലെ വനിത ഓവര്‍സിയര്‍ വിജിലന്‍സിന്റെ പിടിയില്‍. ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയില്‍ കോര്‍പ്പറേഷന്‍ വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് സെക്ഷന്‍ ഓവര്‍സിയറായ തൃശ്ശൂര്‍ മണ്ണുത്തി പൊള്ളന്നൂര്‍ സ്വദേശിനി സ്വപ്നയാണ് പിടിയിലായത്.

തൃപ്പൂണിത്തറ സ്വദേശിയും എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്‍സി ഉടമയുമാണ് പരാതിക്കാരന്‍. പ്രവാസിയായ വ്യക്തി പുതുതായി പണികഴിപ്പിക്കുന്ന 5000 ചതുരശ്ര അടി വിസ്തീര്‍ണവും അഞ്ച് കെട്ടിട നമ്പറും വരുന്ന കെട്ടിടത്തിന്റെ പെര്‍മിറ്റിനായി ജനുവരി മാസം 30-ന് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയിരുന്നു.

തുടര്‍ന്ന് കൊച്ചി വൈറ്റില സോണല്‍ ഓഫീസിലെ ഓവര്‍സിയറായ സ്വപ്ന സ്ഥല പരിശോധന നടത്തിയ ശേഷം പെര്‍മിറ്റ് അനുവദിക്കുന്നതിന് ഓരോ കെട്ടിട നമ്പറിനും 5,000 രൂപ വീതം കൈക്കൂലി ആവശ്യപ്പെട്ടു, ഇത്രയും തുക നല്‍കാനില്ലായെന്ന് പറഞ്ഞപ്പോള്‍ 15,000 രൂപയായി കുറച്ചുനല്‍കി. ഈ വിവരം എറണാകുളം വിജിലന്‍സ് മധ്യമേഖല പോലീസ് സൂപ്രണ്ടിനെ പരാതിക്കാരന്‍ അറിയിച്ചു.

ബുധനാഴ്ച വൈകുന്നേരം 5-ന് വൈറ്റില വൈലോപ്പിള്ളി റോഡിലെ പൊന്നുരുന്നി അമ്പലത്തിനു സമീപം, സ്വന്തം കാറില്‍ ഇവര്‍ പണം വാങ്ങാന്‍ എത്തി. പരാതിക്കാരനില്‍നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങവേ വിജിലന്‍സ് സംഘം കാര്‍ വളഞ്ഞ് പിടികൂടുകയാണുണ്ടായത്. . വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News