തിരുവനന്തപുരം: മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടും പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനാവാതെ കോണ്‍ഗ്രസ്. രമേശ് ചെന്നിത്തലയും വിഡി സതീശനും ഭൂരിപക്ഷ പിന്തുണ അവകാശപ്പെടുന്നുണ്ടെങ്കിലും അന്തിമതീരുമാനമായിട്ടില്ല. അതിനിടെ പ്രതിപക്ഷനേതാവ് ആരാകുമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും.
യുഡിഎഫ് എം.എല്‍.എമാരില്‍ ഭൂരിപക്ഷവും വിഡി സതീശനെ പിന്തുണച്ചെങ്കിലും ഉമ്മന്‍ ചാണ്ടിയടക്കം ചില നേതാക്കള്‍ രമേശ് ചെന്നിത്തലക്കായി നില്‍ക്കുന്നതാണ് ഹൈക്കമാന്റിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. രമേശ് ചെന്നിത്തല തന്നെ തുടരുന്നതാണ് പാര്‍ട്ടിക്ക് ഗുണകരമെന്നാണ് ഉമ്മന്‍ചാണ്ടിയുടേതടക്കം നിലപാട്.
എന്നാല്‍ ചെന്നിത്തലയുടെ വാക്കുകള്‍ ജനം വിശ്വാസത്തിലെടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കില്‍ ജനപിന്തുണ നഷ്ടപ്പെടുമെന്നുമാണ് സതീശനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതു സംബന്ധിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ, വി. വൈത്തിലിംഗം എന്നിവര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. തിരുവനന്തപുരത്ത് എംഎല്‍എമാരുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് ഖര്‍ഗെ നടത്തിയ കൂടിക്കാഴ്ചയില്‍, ഭൂരിഭാഗം പേരും തങ്ങളെയാണ് അനുകൂലിച്ചതെന്ന പ്രതീക്ഷ രമേശും സതീശനും ഒരുപോലെ പങ്കുവയ്ക്കുന്നു.
ഇതിനിടെ, കെപിസിസി പ്രസിഡന്റായി കെ. സുധാകരനെയും യുഡിഎഫ് കണ്‍വീനറായി പി.ടി. തോമസിനെയും നിയോഗിച്ചേക്കുമെന്ന സൂചനകളും പുറത്തുവന്നു. എന്നാല്‍, ഈ പദവികളിലെ തീരുമാനങ്ങള്‍ വൈകാനാണു സാധ്യത.