സ്ത്രീകളുടെ തിരോധാനം: സെബാസ്റ്റ്യന്റെ കാറിൽനിന്ന് കത്തി, ചുറ്റിക, ഡീസൽ കന്നാസ് എന്നിവ കണ്ടെത്തി

ആലപ്പുഴ: ജെയ്‌നമ്മ തിരോധാന കേസിലെ പ്രതി സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തി, ചുറ്റിക, ഡീസല്‍ കന്നാസ്, പേഴ്‌സ് എന്നിവ കണ്ടെത്തി ക്രൈംബ്രാഞ്ച് സംഘം. വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കേസില്‍ നിര്‍ണായകമാകുന്ന തെളിവുകള്‍ കിട്ടിയത്. ഏറ്റുമാനൂരിലെ സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നാണ് വസ്തുക്കള്‍ കണ്ടെത്തിയത്.

ബിന്ദു പദ്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സഹോദരന്‍ പ്രവീണിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഇറ്റലിയിലായിരുന്ന സഹോദരനെ ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. പ്രവീണിന്റെ ഡിഎന്‍എ പരിശോധിക്കുന്നതിനായി രക്തസാംപിള്‍ ശേഖരിച്ചു.

പ്രതി സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്നു കണ്ടെത്തിയ അസ്ഥികള്‍ ആരുടേതാണെന്ന് ഉറപ്പിക്കുന്നതിനായാണ് ഡിഎന്‍എ പരിശോധന. മുന്‍പും പ്രവീണിന്റെ ഡിഎന്‍എ പരിശോധിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം, അന്വേഷണം പുതിയ ഘട്ടത്തിലേക്കു കടന്നതിനാലാണ് വീണ്ടും പരിശോധിക്കുന്നത്.

2017-ലാണ് ബിന്ദുവിനെ കാണാനില്ലെന്നു കാട്ടി പ്രവീണ്‍ ആഭ്യന്തരവകുപ്പു സെക്രട്ടറിക്കു പരാതി നല്‍കിയത്. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിനിയും കോടികളുടെ സ്വത്തിന് ഉടമയുമായ ബിന്ദുവും സെബാസ്റ്റ്യനും തമ്മിലുള്ള ഇടപാടില്‍ വസ്തുക്കള്‍ നഷ്ടമായ സാഹചര്യത്തില്‍ എട്ടുപേജുള്ള വിശദമായ പരാതിയാണ് അന്നു നല്‍കിയത്.

ആള്‍മാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും ബിന്ദുവിന്റെ സ്വത്തുകള്‍ സ്വന്തമാക്കിയെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. അന്നു കേസന്വേഷിച്ച ലോക്കല്‍ പോലീസ് എഫ്‌ഐആര്‍ ഇടുന്നതടക്കമുള്ള കാര്യങ്ങളില്‍ വീഴ്ചവരുത്തിയതോടെയാണ് പ്രതി ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ പങ്കു തെളിയാതിരുന്നത്.

പ്രതി സെബാസ്റ്റ്യന്‍ തുടക്കംമുതല്‍ പറയുന്നത് പച്ചക്കള്ളമാണെന്നു പ്രവീണ്‍ പറഞ്ഞു. ആലപ്പുഴ ക്രൈംബ്രാഞ്ചിനു മൊഴികൊടുത്തശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തിലേ സെബാസ്റ്റ്യന്റെ പങ്കിനെക്കുറിച്ചു സംശയമുണ്ട്. സഹോദരിയുമായുള്ള വസ്തു ഇടപാട് ചോദിച്ചറിയാന്‍ സെബാസ്റ്റ്യനെ പലതവണ കാണാന്‍ ശ്രമിച്ചു. കാണാന്‍ സമയം തരാന്‍തന്നെ നാലുമാസമെടുത്തു. കണ്ടപ്പോള്‍, പറഞ്ഞതു മുഴുവന്‍ കള്ളമായിരുന്നു.

ചേര്‍ത്തയിലെ സ്വകാര്യ ബാങ്കില്‍ ബിന്ദു 50 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും അത് അടുത്തദിവസം എടുക്കാമെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു. താന്‍ ബാങ്കില്‍ ചെന്നപ്പോള്‍ 50 ലക്ഷം രൂപ ഇല്ലെന്നു ബോധ്യമായി. ബിന്ദുവിനെ കാണാതായെന്ന പരാതി മാത്രമല്ല പോലീസില്‍ നല്‍കിയത്. സെബാസ്റ്റ്യനുമായുള്ള വസ്തു ഇടപാടും വ്യക്തമാക്കിയിരുന്നു. അന്വേഷണത്തില്‍ ലോക്കല്‍ പോലീസിനു വീഴ്ചയുണ്ടായി. എഫ്‌ഐആര്‍ പോലും വൈകി.

ഇറ്റലിയില്‍ ജോലിയുള്ള തന്നെ കേസന്വേഷണവുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് വരുത്തിയത്. 1999-ലാണ് ഇറ്റലിയില്‍ പോയത്. പിന്നീടൊരിക്കലും ബിന്ദുവിനെ കണ്ടിട്ടില്ല. വീടുപണിയുമായി ബന്ധപ്പെട്ട് 2016-ല്‍ നാട്ടിലെത്തി. അപ്പോള്‍ അമ്പലപ്പുഴയിലെ അമ്മാവന്‍ പറഞ്ഞാണ് ബിന്ദുവിനെ കാണാതായ വിവരം അറിഞ്ഞതെന്നും പ്രവീണ്‍ പറഞ്ഞു.

ചേര്‍ത്തല: ദുരൂഹസാഹചര്യത്തില്‍ കാണാതായ മൂന്നു സ്ത്രീകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ പ്രതി സെബാസ്റ്റ്യനെ കോടതി ഏഴുദിവസം കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. ഒരാഴ്ചത്തെ കസ്റ്റഡി പൂര്‍ത്തിയാക്കി വ്യാഴാഴ്ച സെബാസ്റ്റ്യനെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയില്‍ നല്‍കണമെന്നാവശ്യപ്പെട്ടു നല്‍കിയ അപേക്ഷയിലാണ് അനുമതി.

ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്നമ്മയെ കാണാതായ കേസിലാണു നടപടി. ഇതിലാണ് ഇയാളുടെ പേരില്‍ കൊലക്കുറ്റത്തിനു കേസെടുത്തത്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്നു ലഭിച്ച കത്തിയ ശരീരാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനക്കയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ലഭിച്ചാലേ തുടരന്വേഷണം ഊര്‍ജിതമാകൂ.

ജെയ്നമ്മക്കു പുറമേ ചേര്‍ത്തല സ്വദേശിനി ഹയറുമ്മ (ഐഷ), കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പദ്മനാഭന്‍ എന്നിവരുടെ അവശിഷ്ടങ്ങളാണോ കിട്ടിയതെന്ന സംശയവുമുണ്ട്. അതിനാല്‍ അവരുടെയും ബന്ധുക്കളുടെയും രക്തസാംപിളുകളും ശേഖരിച്ച് പരിശോധന നടത്തും.

ആദ്യ ഏഴുദിവസം സെബാസ്റ്റ്യനുമായി അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. പണയംവെച്ചതും പിന്നീടു വിറ്റതുമായ ജെയ്നമ്മയുടേതെന്നു സംശയിക്കുന്ന ആഭരണങ്ങള്‍ തിരിച്ചെടുക്കലും ചോദ്യം ചെയ്യലും നടത്തി. വരുംദിവസങ്ങളില്‍ കൂടുതല്‍ തെളിവെടുപ്പുണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News