തിരുവനന്തപുരം: അഭയ കേസില്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച ഫാ. തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയേയും പിന്തുണച്ച് ക്‌നാനായ കത്തോലിക്ക സഭ. ആരോപണങ്ങള്‍ അവിശ്വസനീയമെന്ന് ക്നാനായ കത്തോലിക്കാ സഭ പത്രക്കുറിപ്പിലൂടെ അറിയിച്ചു. പ്രതികള്‍ക്ക് തങ്ങളുടെ നിരപരാധിത്യം തെളിയിക്കാനും അപ്പീല്‍ നല്‍കാനുള്ള അവസരമുണ്ടെന്നും ക്നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിലൂടെ പ്രതികരിച്ചു.
കേസില്‍ സി.ബി.ഐ കോടതി വിധിയെ മാനിക്കുന്നു. സിസ്റ്റര്‍ അഭയയുടെ മരണം നിര്‍ഭാഗ്യകരമാണെങ്കിലും പ്രതികള്‍ക്ക് തങ്ങളുടെ നിരപരാധിത്യം തെളിയിക്കാനും അപ്പീല്‍ നല്‍കാനുള്ള അവസരമുണ്ട്. എങ്കിലും ഇത്തരം സാഹചര്യം ഉണ്ടായതില്‍ സഭയ്ക്ക് ദു:ഖമുണ്ടെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ സിസ്റ്റര്‍ അഭയക്കേസില്‍ പ്രതിയായ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സെഫിക്ക് ജീവപര്യന്തം തടവ് ശിക്ഷയുമാണ് സിബിഐ പ്രത്യേക കോടതി വിധിച്ചത്. കൊലപാതകത്തിനും അതിക്രമിച്ച് കടന്നതിനുമാണ് ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം ശിക്ഷ.
അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി വിധി പുറത്ത് വന്നിട്ടും പ്രതികളെ തള്ളാതെ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് സൂസൈപാക്യം നേരത്തെ രംഗത്ത് വന്നിരുന്നു. അവര്‍ തെറ്റ് ചെയ്തു എന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് സൂസപാക്യം പ്രതികരിച്ചു. അവര്‍ തെറ്റുകാര്‍ അല്ലെങ്കില്‍ നീതി ലഭിക്കാന്‍ മുന്നോട്ട് പോവണം എന്നും സൂസപാക്യം ഇന്നലെ പറഞ്ഞു.
‘ഒരു സഭയെ സംബന്ധിച്ച കേസായതിനാല്‍ അതില്‍ നിന്ന് ഒഴിഞ്ഞ് മാറാനാകില്ല. തെറ്റുകള്‍ മനുഷ്യ സഹജമാണ്. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ കഴിയണം. ചില സഭാ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകള്‍ സഭാ കുടുംബത്തിന് തന്നെയാണ് നാണക്കേട് ആണ്. കുടുംബത്തിന്റെ വേദനയായാണ് വിധിയെ കാണുന്നത്. തെറ്റ് ചെയ്തു എന്ന് ഇന്നും വിശ്വസിക്കാന്‍ പ്രയാസമാണ്. അവര്‍ തെറ്റുകര്‍ അല്ലെങ്കില്‍ നീതി ലഭിക്കാന്‍ മുന്നോട്ട് പോവണം. സഭാ അംഗങ്ങള്‍ക്ക് എതിരെ വന്ന വിധിയില്‍ നമുക്കും വേദനയുണ്ട്. തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്നും സൂസൈപാക്യം പറഞ്ഞു.