ദമാം: സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ പ്രസംഗത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. ‘സാധനം’ എന്നത് മലബാറില്‍ പ്രയോഗിച്ചുവരുന്ന ഒരു ജീവല്‍ ഭാഷയാണ്. ഒരു മനുഷ്യന്റെ മനസിനും വിഷമമുണ്ടാക്കുന്ന തരത്തില്‍ പ്രയോഗം നടത്താന്‍ പാടില്ലെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍.
സാധനം എന്ന വാക്ക് പിന്‍വലിക്കുന്നു. എന്നാല്‍ ആരോഗ്യമന്ത്രിക്ക് അന്തവും കുന്തവുമില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദമാമില്‍ കെ.എം.സി.സി. കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.എം. ഷാജി.
‘വാക്കില്‍ തൂങ്ങിക്കളിക്കുക എന്നത് ഫാസിസ്റ്റ് തന്ത്രമാണ്. സാധാരണ മലബാറില്‍ വല്ലാത്തൊരു സാധനാട്ടോ, ഓഹ് ഒനേതാ സാധനം എന്നറിയോ എന്നൊക്കെ പ്രയോഗിക്കും. ഒരു ജീവല്‍ ഭാഷയാണത്. ആ ഭാഷ ഞാന്‍ പ്രയോഗിച്ചു. ഞാന്‍ ഈ വാക്ക് പ്രയോഗിക്കുമ്പോൾ, അതില്‍ അവര്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ ഞാന്‍ ഇപ്പോള്‍ പറയുന്നു, ഞാന്‍ ഉദ്ദേശിച്ചത് ഒരിക്കലും അവരെ ഒരു പൊടിപോലും ഡീഗ്രേഡ് ചെയ്യാനല്ല.
അങ്ങനെ പറയേണ്ട കാര്യമില്ലല്ലോ, അതൊരു സ്ത്രീയായതുകൊണ്ടൊന്നുമല്ല. ജെന്‍ഡര്‍ ന്യൂട്രാലിറ്റി, ജെന്‍ഡര്‍ ഇക്വാലിറ്റി, ജെന്‍ഡര്‍ ജസ്റ്റിസ്, ആണുങ്ങളും പെണ്ണുങ്ങളും ഒരേ പോലെയാണ്… പിന്നെന്തിനാണ് ആണുങ്ങള്‍ക്ക് വേറൊരു ഭാഷയും പെണ്ണുങ്ങള്‍ക്ക് വേറൊരു ഭാഷയും?’, കെ.എം. ഷാജി ചോദിച്ചു.
സ്ത്രീയെന്ന നിലയ്ക്കല്ല, ഒരു മനുഷ്യനോട് അവരുടെ മനസിന് വിഷമമുണ്ടാക്കുന്ന തരത്തില്‍ ഒരു പ്രയോഗം വരാന്‍ പാടില്ലെന്ന് വിചാരിക്കുന്ന ആളാണ് താന്‍. അവർ അന്ന് പറയാത്തതുകൊണ്ട് താനത് തിരുത്താനും പോയില്ല. എം.എം. മണിയെ വെച്ച് നമ്മളെ വിലയിരുത്തരുത്. ഡി.വൈ.എഫ്.ഐ. തനിക്കെതിരെ പ്രമേയം ഇറക്കി.
രാഷ്ട്രീയമാലിന്യമാണെന്ന് പറയുകയാണ്. ദിവസവും ക്ലിഫ് ഹൗസിലെ സ്വിമ്മിങ് പൂളിലിട്ട് കഴുകിയിട്ട് വൃത്തിയാവാത്ത ഒരു രാഷ്ട്രീയ മാലിന്യം തലയില്‍ ചുമന്ന് നടക്കുകയാണ് നിങ്ങള്‍. ആ നിങ്ങള്‍ക്ക് എന്നെക്കുറിച്ച് പറയാന്‍ എന്ത് അര്‍ഹതയാണുള്ളതെന്നും പരാമര്‍ശത്തില്‍ ഡി.വൈ.എഫ്.ഐയുടെ വിമര്‍ശനത്തോട് അദ്ദേഹം പ്രതികരിച്ചു.
‘സാധനം എന്ന വാക്ക് ദമാമിലെ പ്രസംഗത്തോടെ പിന്‍വലിക്കുന്നു. അന്തവും കുന്തവുമില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കും. ഈ സാധുവിന് അന്തവുമില്ല, കുന്തവുമില്ല. കേരളത്തിലെ ആരോഗ്യമന്ത്രിക്ക് സത്യത്തില്‍ ആ വകുപ്പിനെക്കുറിച്ച് അന്തവുമില്ല, കുന്തവുമില്ല’, ഷാജി വ്യക്തമാക്കി.