ബംഗളൂരു: അപൂര്‍വ്വരോഗം ബാധിച്ചു ചികിത്സയിലായിരുന്ന 11 കാരന്‍ വരദ് നലവാദെ എന്ന കുട്ടിയുടെ ചികിത്സയ്ക്കായി 31 ലക്ഷം രൂപ സംഭാവനയായി നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുല്‍. വളര്‍ന്നുവരുന്ന ക്രിക്കറ്റര്‍ കൂടിയാണ് വരദ്. കുട്ടിയുടെ അടിയന്തര ബോണ്‍ മാരോ ശസ്ത്രക്രിയയ്ക്ക് ഏകദേശം 35 ലക്ഷം രൂപയാണ് ആവശ്യം. ഇതില്‍ 31 ലക്ഷമാണ് രാഹുല്‍ സംഭാവനയായി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കുട്ടിയുടെ ചികിത്സയ്ക്കായി മാതാപിതാക്കള്‍ അക്കൗണ്ട് രൂപീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും സുമനസുകളുടെ സഹായം തേടിയിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് രാഹുല്‍ രക്ഷകനായി എത്തിയത്. 5ാം ക്ലാസ് വിദ്യാര്‍ഥിയായ വരദ്, കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എപ്ലാസ്റ്റിക് അനീമിയ എന്ന അപൂര്‍വ രോഗമായിരുന്നു കുട്ടിക്ക്.
രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് ക്രമാതീതമായി കുറഞ്ഞതുമൂലം വരദിന്റെ രോഗ പ്രതിരോധ ശക്തിയും തീരെ കുറവായിരുന്നു. ചെറിയ പനിപോലും സുഖപ്പെടാന്‍ മാസങ്ങള്‍ വരെ എടുക്കും. ഇപ്പോള്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ വരദ് സുഖം പ്രാപിച്ചുവരികയാണ്. ‘ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതില്‍ അതിയായ സന്തോഷമുണ്ട്.യ
കുട്ടി സുഖമായിരിക്കുന്നു. വളരെ വേഗം കളിക്കളത്തിലേക്കു മടങ്ങിയെത്തി സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ അവനു സാധിക്കട്ടെ. എന്റെ ഈ സംഭാവനയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്, ആവശ്യക്കാര്‍ക്കു സഹായം എത്തിച്ചു നല്‍കുന്നതിനായി കൂടുതല്‍പേര്‍ മുന്നിട്ടിറങ്ങട്ടെ’ കെ.എല്‍. രാഹുല്‍ പ്രതികരിച്ചു.